സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കത്തുന്ന ലങ്ക

ആകാംക്ഷ

ലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്. വെള്ളവും വെളിച്ചവും ഇന്ധനവുമില്ലാതെ ഒരു ജനത ഇരുട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. സര്‍ക്കാറിലും രാഷ്ട്രീയ പാര്‍ട്ടികളിലുംആളുകള്‍ക്ക് വിശ്വാസമില്ല. പ്രസിഡന്റ് ഗോതാബയ രാജപക്ലെ രാജിവെക്ക ണമെന്നാവാശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കുമുന്‍പില്‍ ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ചു കൂടുകയുണ്ടായി. സർക്കാരിന് ഇനിയൊന്നും ചെയ്യാനില്ലന്ന് വരുന്നു. നീണ്ട ഇരുപത്തിയാറ് വര്‍ഷത്തെ ആഭ്യന്തര കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കെടുതികള്‍ക്കുമൊടുവില്‍ ഒരു രാജ്യം പതുക്കെ തലപൊക്കുന്നതിനിടയില്‍ വന്നു പെട്ട സാമ്പത്തിക അരാജകത്വമാണ് ഇതിന് കാരണം. കടം വാങ്ങലും കൈവിട്ട വികസനവും ശ്രീലങ്കയെ അപകടത്തിലാക്കിയിരിക്കുന്നു.

ജനസംഖ്യയില്‍ സാധാരണക്കാരായ മഹാഭൂരിപക്ഷം ആശ്രയിക്കുന്നതും നിലനില്‍ക്കുന്നതും കൃഷിയും മത്സ്യബന്ധനവും കൊണ്ടാണ്. ലോകാന്തരവിപണിയില്‍ മാര്‍ക്കറ്റുള്ള തേയിലയും പുകയിലയും സുഗന്ധവ്യഞ്ജനങ്ങളും കയറ്റുമതി ചെയ്തതുകൊണ്ടുമാത്രം ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അരക്കിട്ടുറപ്പിക്കുവാന്‍ പറ്റില്ല. ജാഫ്നയുടെ കടല്‍ത്തീരത്തെ മത്സ്യവിപണനവും മാര്‍ക്കറ്റും എത്ര മികച്ചതെങ്കിലും ലങ്കയുടെ സമ്പത്ത് ഘടനയെ പരിമിതമായെ അത് സ്വാധീനിക്കു. ബാങ്കിംഗ് മേഖല, വ്യവസായം, ഗതാഗതം എന്നിങ്ങനെ പ്രാഥമികമായെതെല്ലാം കാല്‍നൂറ്റാണ്ടിലധികമായി ശ്രീലങ്കയില്‍ വിദേശഫണ്ടിംഗിനെ ആശ്രയിച്ചു നിലനില്‍ക്കാന്‍ തുടങ്ങിയിട്ട്. ബ്രിട്ടീഷ് അധിനിവേശം പോലെ, ഇന്ന് ചൈനയും ജപ്പാനും മറ്റു യൂറോപ്യന്‍ സമൂഹവുമെല്ലാം ശ്രീലങ്കയെ ആന്തരികമായി ചൂഷണം ചെയ്യുന്നു. ഗതാഗതമേഖലയില്‍ ചൈന യൂറോപ്പ്യന്‍ യൂണിയനിലേക്ക് വഴിയുണ്ടാക്കിയപോലെ, വിശാലമായ ഒരു റൂട്ട് ശ്രീലങ്കയുമായി ചൈനയ്ക്കുണ്ടു. ഒരു രാജ്യം മറ്റൊരുരാജ്യവുമായി നടത്തുന്ന വിപണനങ്ങള്‍ സ്വന്തം രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തികനേട്ടത്തിനും വേണ്ടിയായിരിക്കും. ചൈനക്ക് അതുകഴിയുന്നുമുണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അപ്പോഴും ഇറക്കുമതിയില്‍ ശ്രീലങ്കതന്നെ മുന്നിട്ട് നില്‍ക്കുന്നു.

ലങ്കക്ക് എന്നും രക്തപങ്കിലമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്.1948 ല്‍ സ്വതന്ത്രലങ്കയുടെ ചരിത്രത്തിലേക്ക് വംശീയവാദത്തിന്റെ തീപ്പൊരികളാണ് പടര്‍ന്നു കയറിയത്.
ഇന്ത്യക്ക് വിഭജനത്തിന്റെ മുറിവുകള്‍ പോലെ, ലങ്കക്ക് വംശീയവിദ്വേഷത്തിന്റെ അശാന്തിയില്‍ ദശാബ്ദങ്ങളോളം പുലരേണ്ടി വന്നു. ഇന്നും കെട്ടടങ്ങാതെ അതെല്ലാം ലങ്കയുടെ ഹൃദയധമനികളില്‍ പോറലേല്‍പ്പിക്കുന്നു.

യുദ്ധം ഒരുനാടിന്റെ അസ്തിത്വത്തെ അപ്പാടെ ഹനിക്കുന്നവയാണ്.ഒരിക്കലും ഉണങ്ങാത്ത മുറിവും വ്രണവുമായി അത് നീറി പടരുന്നുണ്ട്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സഞ്ചരിക്കുന്ന വ്യാധിയാണത്. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാവാത്ത രോഗം. 1983 മുതല്‍ 2009 വരെയുള്ള കാലയളവില്‍ യുണൈറ്റഡ് നേഷന്‍സിന്റെ കണക്ക് പ്രകാരം ഒരുലക്ഷത്തില്‍പരം ആളുകള്‍ ലങ്കയില്‍ കുരുതികൊടുക്കപ്പെട്ടിട്ടുണ്ട്. ലക്ഷങ്ങള്‍ പലായനത്തിന് വിധേയമായി. ആശ്രിതരില്ലാതെ വൃദ്ധരും കുഞ്ഞുങ്ങളും സ്ത്രീകളും അനാഥരായി. തമിഴ് വിരുദ്ധ വംശഹത്യയുടെ പേരില്‍ പൊട്ടിപുറപ്പെട്ട കലാപം കാല്‍നൂറ്റാണ്ടിലേറെയാണ് ഒരു രാജ്യത്തെ കളങ്കപ്പെടുത്തിയത്. ഇപ്പോഴും സിംഹളര്‍ തമിഴരെയും തമിഴര്‍ സിംഹളരെയും സംശയിച്ചുകൊണ്ടത്രേ ഇവിടെ ജീവിതം. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍, ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമഴ് ഈഴം (എല്‍.ടി.ടി.ഇ) ഒരു ഭീകരസംഘടനയായി രൂപപ്പെടുകയും അവയെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച സംവിധാനങ്ങള്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ നടത്തുകയും ചെയ്തു. ഇത് ശ്രീലങ്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും ശേഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഒരു പരിധിവരെ ഭീകരവാദവും ഹിംസയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രീലങ്കന്‍ ഗവര്‍മെന്റിന് സാധിച്ചിരുന്നു. പക്ഷെ,ഇപ്പോളതെല്ലാം അവസാനച്ചരിക്കുന്നു.അടിതെറ്റിയിരിക്കുന്നു.
എവിടെയാണ് അടിതെറ്റിയതെന്ന് എല്ലാവർക്കുമറിയാം. എന്നാല്‍ അത് ശരിപ്പെടുത്താനുള്ള വഴിയിലേക്ക് എത്ര കാതം പോകണമെന്ന് ആര്‍ക്കുമറിയില്ല.അതത്ര എളുപ്പവുമല്ല.

ഇല്ല, പ്രസിഡന്റിന്റെ അടിയന്താരവസ്ഥയ്ക്കും മറ്റു പോലീസ് നടപടികൾ കൊണ്ടുംഇത് പരിഹരിക്കാനാവില്ല. എങ്കില്‍ പിന്നെ തീവ്ര മാര്‍ക്‌സിസ്റ്റ് ആശയം നടപ്പിലാക്കുന്ന ജനത വിമുക്തി പെരുമുനയ്ക്കാവുമോ? അല്ലെങ്കില്‍ എല്‍.ടി.ടി.ഇ യ്ക്കാവുമോ?
വേദനാജനകമെന്ന് പറയട്ടെ പുതിയൊരു സര്‍ക്കാറിനും ഇതിന് പരിഹാരമില്ല. കാരണം ജാഫ്‌നയിലും കൊളംബോയിലും ലങ്കയിലെ കുഗ്രാമങ്ങളിലും ഇപ്പോള്‍ ജനജീവിതം അത്രമാത്രം താറുമാറായിരിക്കുന്നു.
വെള്ളമില്ല, വെളിച്ചമില്ല (പതിമൂന്നുമണിക്കുര്‍ പ്രതിദിനം പവര്‍ക്കട്ട്) നിത്യോപയോഗസാധനങ്ങള്‍ക്ക് തീവില, വാഹനങ്ങളിലേക്കുള്ള ഇന്ധനങ്ങള്‍ ലഭ്യമല്ല.നാണ്യങ്ങളൂടെ വിലയിടിഞ്ഞു, കര്‍ഷകര്‍ ഉള്‍പ്പെടെനിര്‍മാണപ്രവൃര്‍ത്തികള്‍ ചെയ്ത് ജീവിക്കുന്നവര്‍ കടുത്ത ദാരിദ്ര്യത്തിലാണ്, അഭ്യസ്തവിദ്യര്‍ ഏറെക്കുറെ വിദേശനാടുകളിലേക്ക് കുടിയേറിക്കഴിഞ്ഞു.ഇനിപുതിയ ലങ്കകെട്ടി പടുക്കാൻ വാങ്ങിയതിൻ്റെ പതിന്മടങ്ങ് വാങ്ങുകയോ, ഭിക്ഷ യാചിക്കുകയോ വേണം. കടം ഒരു രാജ്യത്തിന്റെ മാതൃത്വത്തെയാണ് ഇല്ലാതാക്കിയത്.
ലങ്കയുടെ ഐശ്വര്യം ആരാണ് കവര്‍ന്നത് ?

ലോകം ഏത് നിമിഷവും കത്താനായി പൂകഞ്ഞു കൊണ്ടിരിക്കുന്ന സമയമാണിത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു. ആഭ്യന്തരസൂരക്ഷയുടെ പേര്‍ പറഞ്ഞ് നടത്തിയ കുരുതികള്‍ക്ക് കണക്കില്ല. ഏഷ്യന്‍ വന്‍കരയിലും യൂറോപ്പ്യന്‍ വന്‍കരയിലും സമാനമായസ്ഥിതി തന്നെ. എങ്ങും മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങള്‍. ഒരു ബാഹ്യശക്തിക്കും ഇടപെടാനാവാത്ത രാഷ്ട്രനയതന്ത്ര നീക്കങ്ങള്‍. പരസ്പരം കടപ്പെടുന്ന ആഗോള സാമ്പത്തിക ഇടപാടുകള്‍..രണ്ടു ദശാംബ്ദംമുമ്പ് വംശവും മതവുമായിരുന്നു ലോകത്തിന്റെ വലിയ പ്രശ്‌നങ്ങളെങ്കില്‍, ഇന്ന് അവ ആഗോള സാമ്പത്തിക നയങ്ങളാണ്.. ലോക ബന്ധങ്ങളെല്ലാം മൂലധനാധിഷ്ടിതമാകുന്നുരാഷ്ട്രങ്ങൾ കൈകോര്‍ക്കുന്നത് സമാധാനത്തിന് വേണ്ടിയല്ല, സമ്പത്തിന് വേണ്ടിയാണ്.
ശ്രീലങ്ക നല്‍കുന്ന പാഠവും അതുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…