സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലുകൾ ‘ഇന്ദുലേഖ’യിൽ

ഡോ.സരള കൃഷ്ണ

നോവൽ വായിച്ച് മുൻപരിചയമില്ലാത്ത ഒരു സമൂഹത്തിനു മുന്നിലേക്കാണ് നോവലിന്റെ ഘടന ഒത്തുചേർന്ന ഒരു മികച്ച കലാസൃഷ്ടിയുമായി ഒ.ചന്തുമേനോൻ കടന്നുവരുന്നത്. ആ കാലഘട്ടത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം എഴുത്ത് ആയുധമാക്കുകയായിരുന്നു. അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ കുടുംബ പശ്ചാത്തലത്തെ പ്രതിപാദിക്കുന്ന നോവൽ കൂടിയാണ് ‘ഇന്ദുലേഖ ‘ (1889). നൂറ്റി മുപ്പത്തിമൂന്ന് വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ നമ്പൂതിരി, നായർ സമുദായങ്ങളിൽ നിലനിന്നിരുന്ന ജാതീയവും സാമൂഹ്യവുമായ അവസ്ഥകളെ നോവലിൽ വിവരിക്കുന്നുണ്ട്. നായർ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടേയും കൂട്ടുകുടുംബങ്ങളുടേയും അന്തരീക്ഷത്തിൽ വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ ഒരു പരിച്ഛേദം നോവലിൽ കാണാം. കേരളത്തിലെ സവർണ്ണ സമുദായത്തിന്റെ അക്കാലത്തെ ജീവിതരീതികളും അവരിലെ സവർണ്ണ ബോധവുമാണ് ഇന്ദുലേഖ – മാധവൻ പ്രണയത്തിനപ്പുറത്തേക്ക് ഈ നോവലിന്റെ ചരിത്രപ്രാധാന്യം വർദ്ധിപ്പിക്കുന്നത്.

സമൂഹത്തിലെ അനാചാരങ്ങളിൽ നിന്നുള്ള മോചനത്തിന് നല്ല വിദ്യാഭ്യാസമുള്ള ജനത ഉണ്ടാകണമെന്ന്‌ ചന്തുമേനോൻ വിശ്വസിച്ചു. കാലം ഏതൊരു സൃഷ്ടിയേയും വിലയിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ പാദമാണ് ‘ഇന്ദുലേഖ ‘ രചിക്കപ്പെട്ട കാലം. നവോത്ഥാന ചിന്ത സമൂഹത്തിൽ കടന്നു വന്നിട്ടില്ലാത്ത കാലഘട്ടത്തിലാണ് ഈ നോവൽ പിറവിയെടുക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷ് നോവലുകളുടെ വായനയുമാണ് ചന്തുമേനോന് ഇന്ദുലേഖ എന്ന പാത്രസൃഷ്ടി നടത്താൻ പ്രചോദനമായത്. മാറ്റം ആവശ്യമാണെന്ന വിപ്ലവകരമായ ചിന്ത ഈ കൃതിയിൽ കാണാൻ സാധിക്കും. എഴുത്ത് സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയാക്കി മാറ്റുകയായിരുന്നു ചന്തുമേനോൻ. സാമൂഹ്യ ജീവിത പശ്ചാത്തലം കൂടി പ്രതിപാദ്യവിഷയമായതുകൊണ്ട് ചരിത്രപരമായ അറിവുകൾ വായനയിൽ നിന്നും ലഭിക്കുന്നു.

സ്ത്രീകൾക്കും സമൂഹത്തിൽ മൊത്തത്തിലും ആധുനിക വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകത നോവലിൽ ബോധ്യപ്പെടുത്തുന്നുണ്ട്. ‘ഇന്ദുലേഖ’ അവസാനിപ്പിക്കുന്നത് ഒരു അപേക്ഷയോടു കൂടിയാണ്. ആൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതുപോലെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം കൊടുക്കണമെന്നതാണ് ആ അപേക്ഷ. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് മക്കൾ അനുസരണയില്ലാത്തവരും ആചാരങ്ങളെയും രീതി സമ്പ്രദായങ്ങളെയും പാലിക്കാത്തവരുമായി എന്ന് മാധവന്റെ അച്ഛൻ പരിഭവിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ മത സമ്പ്രദായങ്ങളും വിമർശനത്തിന് വിധേയമാകുന്നുമുണ്ട്. മാധവൻ ഈശ്വരവിശ്വാസിയാണെങ്കിലും ആചാരങ്ങൾ ഈശ്വരന്റെ പേരിലാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല.

സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്ന് കണ്ടിരുന്ന അക്കാലത്ത് ഇന്ദുലേഖ ഇംഗ്ലീഷും സംസ്കൃതവും സംഗീതവും നാടകവും തുന്നലും ചിത്രരചനയും പഠിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വളരെ മികച്ച രീതിയിൽ നോവൽ ചർച്ച ചെയ്യുന്നു. നമ്പൂതിരിമാർ നായർ സ്ത്രീകളെ സംബന്ധംചെയ്തിരുന്ന കാലമായിരുന്നു അത്. ഒരു നേരമ്പോക്ക് മാത്രമായിട്ടായിരുന്നു ആ സംബന്ധത്തെ കണ്ടിരുന്നത് എന്നതാണ് യാഥാർത്ഥ്യം.’ഇന്ദുലേഖ’യുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഇന്നും ചർച്ച ചെയ്തു കൊണ്ടേയിരിക്കുന്ന ജാതിയും മതവും സ്ത്രീശാക്തീകരണവും സംവാദ രൂപത്തിൽ അവതരിപ്പിക്കുന്നു എന്നതാണ്. തെറ്റുകൾ പറ്റിയാൽ അത് തിരുത്തണം എന്നും കൂട്ടു കുടുംബ വ്യവസ്ഥയിൽ അന്തർലീനമായിക്കിടക്കുന്ന ഇടുങ്ങിയ ചിന്തകളുടെ ഭാരം ഇറക്കി വെക്കേണ്ടതാ ണെന്നും അക്ഷരം ആയുധമാക്കി ചന്തുമേനോൻ കാലത്തോട് പറഞ്ഞു വെച്ചു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ സ്ത്രീ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെ നിശ്ശബ്ദ സഹനത്തിന്റെ പ്രതീകങ്ങളായ സ്ത്രീ കഥാപാത്രങ്ങൾ ‘ഇന്ദുലേഖ’യിലുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും ചന്തുമേനോൻ സംവാദത്തിനു തുടക്കമിട്ട വിഷയങ്ങളിൽ നാം ഇന്നും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നു.

ലജ്ജാവതിയും ദുർബ്ബലയുമായ സാധാരണ പെണ്ണല്ല ഇന്ദുലേഖ. അവൾ ലോകത്തെ അറിഞ്ഞവളും യാഥാർത്ഥ്യത്തിൽ കാലുറപ്പിച്ചവളുമാണ്. ലക്ഷണമൊത്ത ആദ്യ നോവലിലെ ലക്ഷണമൊത്ത സ്ത്രീയാണ് ആരും ആഗ്രഹിച്ചു പോകുന്ന വ്യക്തിത്വമുള്ള ഇന്ദുലേഖ. ഇംഗ്ലീഷ് വിദ്യാഭ്യാസം പരിമിതമായെങ്കിലും ലഭിച്ച ഇന്ദുലേഖയുടെയും നിഷേധിക്കപ്പെട്ട കല്യാണിക്കുട്ടിയുടെയും മാനസിക തലത്തിന്റെ വൈരുദ്ധ്യം അനാവരണം ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ പുരോഗമന സ്വഭാവം വെളിപ്പെടുത്താനാണ്.

ഇന്ദുലേഖയെ പരിണയിക്കാൻ വന്ന സൂരി നമ്പൂതിരി അവളെ കിട്ടില്ലെന്നറിഞ്ഞതോടെ അവളുടെ അമ്മയിലും പിന്നീട് കല്യാണിക്കുട്ടിയിലും ആകൃഷ്ടനായി കല്യാണി ക്കുട്ടിയെ സംബന്ധം ചെയ്ത് കൊണ്ടുപോകുന്നത് അറിവിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. നായർ നമ്പൂതിരി സമുദായത്തിലെ വിവാഹാചാരങ്ങളും പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കാനുള്ള ആഗ്രഹവും കഥയിൽ കാണാം. സ്ത്രീകളെ സ്വന്തം കാൽച്ചുവട്ടിൽ അടിമയാക്കി നിർത്താമെന്ന പുരുഷന്റെ തോന്നലിനെ ഇന്ദുലേഖ ചോദ്യം ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെ ആത്മാഭിമാനവും ധൈര്യവും സ്ത്രീകൾക്ക് ലഭിക്കുമെന്ന വസ്തുത ഇന്ദുലേഖയുടെ പ്രതികരണശേഷി കാണുമ്പോൾ നാം തിരിച്ചറിയുന്നു. ഭക്ഷണം കഴിക്കാനും ഉറങ്ങാനും സുഖമായി ജീവിക്കാനും മാത്രമുള്ള ഒരു വസ്തുവായി സൂരി നമ്പൂതിരിപ്പാടിനെ പ്പോലുള്ളവർ സ്ത്രീകളെ കാണുന്നു. ബുദ്ധിയുള്ള അഭിപ്രായമുള്ള ഇന്ദുലേഖയെ സൂരി നമ്പൂതിരിപ്പാടും പഞ്ചുമേനോനും ഭയപ്പെടുന്നു.

മലയാളത്തിലെ സ്ത്രീകൾ പൊതുവെ വളരെ ഗർവ്വിഷ്ഠരും പുരുഷന്മാരെ വലയ്ക്കുന്നവരും പാതിവ്രത്യം ആചരിക്കാത്ത വരും ആണെന്ന് മാധവൻ അഭിപ്രായപ്പെട്ടപ്പോൾ മറുപടിയായി ഇന്ദുലേഖ പറയുന്നത് മര്യാദയില്ലാത്ത ചില സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം ഒരു അനാചാരമായിക്കണ്ട് വിമർശിക്കുന്നത് ശരിയല്ല എന്നാണ്. മാത്രമല്ല ദാമ്പത്യത്തിൽ സ്ത്രീക്കും പുരുഷനും പൂർണ്ണ സ്വാതന്ത്ര്യം ഉള്ളതാണ് ശ്ലാഘനീയം എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. പ്രണയം ഉണ്ടായിരുന്ന മാധവനോടും ഇന്ദുലേഖ അവൾക്കിഷ്ടമില്ലാത്ത കാര്യങ്ങളിൽ മറുപടി പറയുകയും മാധവനെ ശപ്പൻ എന്ന് വിളിക്കുകയും ചെയ്യുന്നു. ഇഷ്ടം മാത്രമല്ല വെറുപ്പും പരസ്പരം സ്വീകരിക്കുന്നു. സൂരി നമ്പൂതിരിയോടുള്ള ഇഷ്ടക്കേടും മാധവനോടുള്ള ഇഷ്ടവും തുറന്നു പറയാൻ ഇന്ദുലേഖ ധൈര്യം കാണിച്ചു. പരസ്പരം പറയാൻ കഴിയുന്ന,മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യർ ആകുമ്പോൾ മാത്രമേ ബന്ധങ്ങൾ മനോഹരമാകൂ.

കിഴവൻ നമ്പൂതിരിയുടെ സംബന്ധത്തെ ഇന്ദുലേഖക്ക് പ്രതിരോധിക്കാൻ കഴിയുന്നത് അവൾക്ക് ലഭിച്ച വിദ്യാഭ്യാസവും ചിന്തിക്കാൻ കഴിവുള്ള ബൗദ്ധിക തലവും ഉള്ളതുകൊണ്ടാണ്. സൂരി നമ്പൂതിരിപ്പാടിനോട് അയാൾക്കെതിരെ സംസാരിക്കാനുള്ള ധൈര്യവും അറിവും അവൾക്കുണ്ടായിരുന്നു. എന്നാൽ അതേ കുടുംബത്തിലെ കല്യാണിക്കുട്ടിക്ക് ആധുനിക വിദ്യാഭ്യാസം ലഭിച്ചില്ലെന്ന് മാത്രമല്ല സ്വാതന്ത്ര്യത്തെക്കുറിച്ചോ ആത്മാഭിമാനത്തെക്കുറി ച്ചോ അറിവില്ല താനും. മുതിർന്നവർ ചിന്തിക്കുന്നതിനനുസരിച്ച് ജീവിക്കുകയല്ലാതെ കല്യാണിക്കുട്ടിക്ക് സ്വന്തമായി ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ല. പരമ്പരാഗത നാടൻ മൂല്യങ്ങൾ ഉൾക്കൊണ്ട സ്ത്രീയുടെ പ്രതിനിധിയാണ് കല്യാണിക്കുട്ടി. അവൾക്ക് അവളുടെ അവസ്ഥയിൽ വിഷമമില്ല. അവൾക്കുവേണ്ടി ഇന്ദുലേഖ വാദിക്കുന്നുമില്ല . അതുകൊണ്ട് അവളെ കൊണ്ടുപോകാൻ സൂരി നമ്പൂതിരിപ്പാടിന് കഴിയുന്നു. അവളങ്ങനെ തുടരുകയും ചെയ്യുന്നു. കല്യാണിക്കുട്ടിക്ക് അഭിപ്രായമില്ല. ആശയപരമായും ബൗദ്ധികമായും അഭിപ്രായമുള്ളവളായി സ്ത്രീ മാറണമെന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ചന്തുമേനോൻ പറഞ്ഞുവെച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിയപ്പോൾ വിദ്യാഭ്യാസത്തിലൂടെ സമ്പത്തും സമ്പത്തിലൂടെ സാധനങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യവും ഉള്ളത് സ്ത്രീ സ്വതന്ത്രയായി എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. സ്ത്രീ ശാക്തീകരണം എന്നാൽ അടിമത്തത്തിൽ നിന്നുള്ള മോചനമാണ്. ചൂഷണത്തിൽ നിന്നുള്ള മോചനം.

ഇന്ന് സ്ത്രീക്ക് വിദ്യാഭ്യാസമുണ്ട്. തൊഴിലുണ്ട്, വരുമാനമുണ്ട്. എന്നാലും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ സമൂഹത്തിൽ കൂടിവരുന്നു. ബാഹ്യശക്തികൾ സംസ്കാരത്തിന്റെ പേരിലും മതത്തിന്റെ പേരിലും നിയന്ത്രണങ്ങൾ ഏൽപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. സ്ത്രീകൾ അതെല്ലാം തിരിച്ചറിയുന്നുമുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യുന്നത് വസ്ത്രധാരണത്തെക്കുറി ച്ചും ശരീരത്തെക്കുറിച്ചും മാത്രമായി മാറുന്നു. ആശയപരമായും ബൗദ്ധികപരമായും മാറ്റം വേണമെന്ന 1889ലെ സംവാദത്തിലേക്കല്ല മറിച്ച് മുതലാളിത്ത വ്യവസ്ഥയുടെ ലാഭമുണ്ടാകുന്നതിനു വേണ്ടിയുള്ള ഉപകരണം മാത്രമായി സ്ത്രീ തരം താഴ്ന്നു പോകുന്ന അവസ്ഥയായി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീ ശാക്തീകരണം മാറിയിരിക്കുന്നു. അങ്ങനെ മുതലാളിത്ത വ്യവസ്ഥിതി കൂടുതൽ ലാഭമുണ്ടാക്കുകയും യഥാർത്ഥ പ്രശ്നം മറച്ചുവെച്ചുകൊണ്ട് കല്യാണിക്കുട്ടിമാർ കൂടുതലായി ഉണ്ടാവുകയും ഇന്ദുലേഖമാരുടെ എണ്ണം കുറയുകയും ചെയ്യുന്നു എന്നതാണ് വർത്തമാനകാല സ്ത്രീ നേരിടുന്ന വെല്ലുവിളി.

സ്വർണ്ണവിഗ്രഹം സ്വർണ്ണ രഥത്തിൽ നിന്നും ഇറങ്ങി എന്നാണ് സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖയെ കാണാൻ വരുന്നതിനെക്കുറിച്ച് വർണ്ണിച്ചിരിക്കുന്നത്. സ്വർണ്ണ വിഗ്രഹം കണ്ട് ഇന്ദുലേഖയ്ക്ക് കണ്ണു മഞ്ഞളിച്ചില്ല.ആഡംബര ത്തിന്റേയും വിവരക്കേടിന്റേയും മൂർത്തരൂപമായിട്ടാണ് സൂരി നമ്പൂതിരിപ്പാടിനെ അവതരിപ്പിക്കുന്നത്. ഇന്ന് സ്ത്രീകൾ അതുപോലെ സ്വർണ്ണത്തിൽ പൊതിഞ്ഞു നിൽക്കുമ്പോഴും സൂരി നമ്പൂതിരിപ്പാടിനോട് തോന്നുന്ന അതേ വികാരമല്ലേ നമുക്ക് തോന്നേണ്ടത്? എന്തുകൊണ്ട് തോന്നുന്നില്ല. കാലം നമ്മളിൽ ഉണ്ടാക്കിയിരിക്കുന്ന മാറ്റം സ്ത്രീയെ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റി. എന്താവരുത് സ്ത്രീ എന്ന് 1889ൽ ചന്തുമേനോൻ പറഞ്ഞുവെച്ചുവോ അതിലേക്കുള്ള മാറ്റമാണ് സ്ത്രീകളിൽ കണ്ടുവരുന്നത്. സൂരിനമ്പൂതിരിപ്പാടിനോട് തോന്നുന്ന പുച്ഛം സ്ത്രീകളുടെ ദേഹത്ത് മഞ്ഞ ലോഹം കാണുമ്പോഴും തോന്നുന്ന ദിവസം 133 വർഷം കഴിഞ്ഞിട്ടും മലയാളിമനസ്സിൽ വന്നിട്ടില്ല.

തന്റേടിയായ, വിദ്യാസമ്പന്നയായ, ശക്തയായ ഇന്ദുലേഖ എക്കാലത്തെയും സ്ത്രീക്ക് അനുകരണീയമായ മാതൃകയായാണ് അവതരിപ്പിക്കപ്പെടുന്നത്. ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും അതിര് വളരെ ചെറുതാണ്. അഹങ്കാരമല്ല ആത്മവിശ്വാസമാണ് ഇന്ദുലേഖയിലുള്ളത്. ഒരു സ്ത്രീ അവൾക്കിഷ്ടപ്പെട്ട ഇടങ്ങളിൽ എങ്ങനെ സംസാരിക്കുന്നുവെന്നും എങ്ങനെ ജീവിതത്തെ മനോഹരമായി വീക്ഷിക്കുന്നുവെന്നും ‘ഇന്ദുലേഖ’യിൽ കാണാം. ഇന്ദുലേഖ എന്ന സ്നേഹത്തിന്റെ പ്രവാഹം മാധവനിൽ പ്രതീക്ഷയുടെ പ്രകാശമാകുന്നു. കൃത്യമായി പുരോഗമന ചിന്തകൾ പറയാനും കേൾക്കാനുമായി രണ്ടു മനസ്സുകൾ ഒന്നാവുക യായിരുന്നു.അക്കാല ഘട്ടത്തിൽ ജീവിതത്തെക്കുറിച്ച് മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിൽ അവർ സംസാരിച്ചു. സ്ത്രീ, പുരുഷൻ, വിവാഹം, പ്രണയം എന്നതൊക്കെ കാരണവർ കൽപ്പിക്കും അനന്തരവർ അനുസരിക്കും എന്ന് ചിന്തിച്ചുറപ്പിച്ചുണ്ടാക്കിയ വൃത്തത്തിൽ നിന്ന് മാറി ചിന്തിച്ചവരായിരുന്നു ഇന്ദുലേഖയും മാധവനും. കാത്തിരിപ്പിന്റെ വേദന മാധവനിലുണ്ട്. അതിൽ പ്രതീക്ഷയുടെ ശബ്ദമുണ്ട്. പ്രണയത്തിന്റെ സമർപ്പണമാണ് ഇന്ദുലേഖ. പരസ്പരം സ്വാതന്ത്ര്യം നൽകുമ്പോഴാണ് ആ സ്നേഹവും പ്രണയവും സാർത്ഥകമാകുന്നത്. സ്വാതന്ത്ര്യം തന്നെയാണ് സ്നേഹത്തിലെ ഏറ്റവും മഹത്തായ കാര്യവും. മറ്റുള്ളവരെ അവർക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുമ്പോൾ, സന്തോഷിക്കാൻ അനുവദിക്കുമ്പോഴാണ് പ്രണയം ഉദാത്തമാകുന്നതും.

സമൂഹത്തിലെ കാഴ്ചപ്പാടുകളുടെയും മാനുഷിക വികാരങ്ങളുടെയും സങ്കലനമാണ് ‘ ഇന്ദുലേഖ ‘. പഠനം പൂർത്തിയാക്കി നാട്ടിലേക്ക് വരുന്ന മാധവൻ ഇന്ദുലേഖയെ സൂരി നമ്പൂതിരിപ്പാട് വിവാഹം കഴിച്ചു എന്ന് കേട്ടതോടെ തിരിച്ച് ദേശാടനത്തിനു പോകുന്നു. മാധവന്റെ തീരുമാനത്തിന് ഒരു പരിധിവരെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ കാരണമാണ്. പറയേണ്ട വാക്കുകൾ പറയേണ്ട സമയത്ത് പറയേണ്ടവരോട് പറയാതെ പോയതുകൊണ്ട് മാധവന്റെ ചിന്തയെ കുറ്റപ്പെടുത്താനുമാവില്ല. പക്ഷേ ഉറച്ച തീരുമാനവുമായി മാധവൻ തിരികെ വന്ന് കാരണവരുടെ എതിർപ്പിനെ വകവെക്കാതെ ഇന്ദുലേഖയെ വിവാഹം കഴിക്കുന്നു. മാധവനെപ്പോലെ സ്ത്രീകളെ ബഹുമാനിക്കുകയും ആത്മാർത്ഥമായി സ്നേഹിക്കുകയും ചെയ്യുന്ന പുരുഷന്മാർ നമുക്കിടയിൽ ഉണ്ടാകണം. മാധവന്റെ എണ്ണം വളരെ കുറവ് തന്നെയാണ് സമൂഹത്തിൽ എന്നതുകൊണ്ടാണ് സ്വന്തം കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിന് വിവാഹശേഷം സ്ത്രീകൾക്ക് സാധിക്കാതെ വരുന്നത്.

മരുമക്കത്തായ തറവാടുകളിൽ കാലം കൊണ്ട് സംഭവിച്ച ജീർണ്ണതകളിൽ നിന്ന് വ്യക്തി കേന്ദ്രീകൃതമായ പുതിയ ജീവിതക്രമത്തി ലേക്കുള്ള കാൽവെപ്പ് ഇന്ദുലേഖയിലും മാധവനിലും കാണാം. തെറ്റായ വ്യവസ്ഥകളോട് കലഹിക്കുന്ന സ്വഭാവമു ള്ളവരാണ് രണ്ടുപേരും. വിശാലമായൊരു സാംസ്കാരിക ഭൂമിക ‘ഇന്ദുലേഖ’യിൽ ഉണ്ട്. സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളാണ് സംവാദ രൂപത്തിൽ അവതരിപ്പിച്ചത്. കേരളത്തിലെ അണു കുടുംബത്തിന്റെ ആവിർഭാവവും ഇന്ദുലേഖ – മാധവൻ ദമ്പതികളിൽ നിന്നാവുന്നത് ചന്തു മേനോന്റെ ദീർഘവീക്ഷണത്തിനുദാഹരണമാണ്.

അടിച്ചമർത്തലുകളെ, അസംതൃപ്തമായ ആഗ്രഹങ്ങളെ ചോദ്യം ചെയ്യാൻ പ്രാപ്തി നേടിയവളാണ് ഇന്ദുലേഖ. സ്വർണ്ണം കണ്ടാൽ മയങ്ങുന്നവരല്ല എല്ലാ സ്ത്രീകളുമെന്ന് സൂരി നമ്പൂതിരിപ്പാടിന് ഇന്ദുലേഖയെ പരിചയപ്പെടുമ്പോഴാണ് മനസ്സിലാവുന്നത്. സ്ത്രീക്ക് സ്വർണ്ണവും പണവും കൊട്ടാരവും മാത്രം പോരാ, ആത്മാവിൽ തട്ടിയ സ്നേഹവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. തന്റെ മകളാവാൻ മാത്രം പ്രായമുള്ള ഇന്ദുലേഖയെയാണ് സംബന്ധം കഴിക്കാൻ നമ്പൂതിരിപ്പാട് തിടുക്കം കാണിക്കുന്നത്. സ്ത്രീയെ കാമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി കാണുന്ന പുരുഷന്റെ പ്രതിനിധിയാവുന്നു സ്ത്രീലമ്പടനും വിടനുമായ സൂരി നമ്പൂതിരിപ്പാട് .

2022ലും സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടി വരുന്നു.1889ൽ ചന്തുമേനോൻ ചിന്തിച്ച കാര്യങ്ങൾ നടപ്പിൽ വരുത്താൻ ഇന്നും സാധിക്കുന്നില്ല. മാനസികമായി വളരാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…