സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മുനീർ നിയാസി അക്ഷരചിത്രങ്ങളാൽ കവിത നെയ്യുന്നൊരാൾ

ഷബീർ രാരങ്ങോത്ത്

വൊ ജിസ് കൊ മെ സമഝ്താ രഹാ കാമ്‌യാബ് ദിൻ
വൊ ദിൻ ഥാ മെരി ഉമ്ര് കാ സബ് സെ ഖറാബ് ദിൻ

ഏതൊന്നിനെയാണോ ഞാൻ വിജയ ദിനമെന്നു മനസിലാക്കിയത്
ആ ദിവസമായിരുന്നു എൻ്റെ ആയുസ്സിലെ തന്നെ ഏറ്റവും മോശം ദിനം

ആധുനിക ഉർദു കാവ്യ ശാഖയിൽ എന്നും സ്മരിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ്‌ മുനീർ നിയാസിയുടേത്. അന്നു വരെ തുടർന്നു വന്ന കാവ്യ സങ്കല്പങ്ങളെ മുഴുവൻ പൊളിച്ചെഴുതി വാക്കുകൾ കൊണ്ട് ചിത്രം വരച്ച് മനോഹരമായ കവിതകൾ നെയ്ത കവിയാണദ്ദേഹം.


1928 ഏപ്രിൽ മാസം 9 ന്‌ ഹോഷിയാർപുരിലാണ്‌ അദ്ദേഹത്തിൻ്റെ ജനനം. മുനീർ അഹ്മദ് എന്നാണ്‌ അദ്ദേഹത്തിൻ്റെ യഥാർഥ പേര്‌. നിയാസി എന്ന ഗോത്രത്തിൻ്റെ സന്തതിയായിരുന്നു അദ്ദേഹമെന്നതിനാൽ തന്നെ പിന്നീട് മുനീർ നിയാസി എന്നറിയപ്പെടുകയായിരുന്നു. കാൺപൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസമെല്ലാം. പിന്നീട് ബിരുദ പഠനമെല്ലാം അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. വിഭജനാനന്തരം പാകിസ്താനിനെയാണ്‌ അദ്ദേഹം ജീവിക്കാനായി തിരഞ്ഞെടുത്തത്. സഹിവാലിലായിരുന്നു പിന്നീട് അദ്ദേഹത്തിൻ്റെ ജീവിതം.
ചെറുപ്പ കാലം തൊട്ടു തന്നെ മനോഹരമായ കവിതകൾ അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് പിറവി കൊണ്ടിരുന്നു. ഈ മികവ് പാകിസ്താനിലെ ഒരുപാട് മാസികകളിലും റേഡിയോയിലുമെല്ലാം ജോലി ചെയ്യുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചു. മെട്രിക്കുലേഷൻ പൂർത്തിയാക്കിയ പാടെ ബ്രിട്ടീഷ് നേവിയിലും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.
കാവ്യലോകത്ത് അദ്ദേഹത്തിൻ്റെ കവിതകൾ വേറിട്ടു തന്നെ നിന്നു. അദ്ദേഹത്തിൻ്റെ കവിതകളിൽ മൂന്നു കാര്യങ്ങൾ വളരെ പ്രത്യേകതകളുള്ളതായി കാണാം. അവയിൽ ആദ്യത്തേത് വാക്കുകളുടെ തിരഞ്ഞെടുപ്പും ക്രമീകരണവുമാണ്‌. വളരെ വൈവിധ്യമുള്ള വാക്പ്രയോഗങ്ങൾ അദ്ദേഹത്തിൻ്റെ കവിതകളിലുടനീളം കാണാൻ സാധിക്കും.
മറ്റൊന്നു നരേറ്റീവ് പോയട്രി എന്നതാണ്‌. അദ്ദേഹത്തിൻ്റെ നസ്മുകൾ(കവിത) ഒരു മിനിക്കഥ പോലെ തോന്നിക്കുന്നതായിരുന്നു. കൃത്യമായ അളവിലുള്ള വിവരണങ്ങളും പ്രയോഗങ്ങളുമായി ഒരു മനോഹരമായ മിനിക്കഥ പോലെയായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ.


സപ്നാ ആഗേ ജാതാ കൈസെ എന്ന കവിത തുടങ്ങുന്നതു നോക്കൂ.
ഛോട്ടീ സാ ഇക് ഗാവ് ഥാ ജിസ് മെ
ദിയേ ഥെ കം ഔർ ബഹുത് അന്ധേരാ
ബഹുത് ഷജർ ഥെ ഥോഡെ ഘർ ഥെ
(ചെറിയ ഒരു ഗ്രാമമുണ്ടായിരുന്നു, അതിൽ
പ്രകാശം കുറവായിരുന്നു ഇരുട്ട് കൂടുതലും
ഒരുപാട് മരങ്ങളുണ്ടായിരുന്നു കുർച്ചു മാത്രം വീടുകളും)
ഒരു മിനിക്കഥ പോലെ തന്നെ തോന്നിക്കുന്ന ആഖ്യാനം.
മറ്റൊരു പ്രത്യേകത, ഭാവനാത്മകമായ കാവ്യ ലോകമാണ്‌. കൃത്യമായ ബിംബങ്ങൾ ഉപയോഗിച്ച് ലോകത്തിൻ്റെ ചിത്രം വരച്ചിടാൻ അദ്ദേഹത്തിന്‌ സാധിച്ചിരുന്നു.
ഉർദുവിലും പഞ്ചാബിയിലും ഒരുപോലെ കവിതകളെഴുതുമായിരുന്നു അദ്ദേഹം. അവയിൽ ചില നിരീക്ഷകർ മാജികൽ റിയലിസം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കവിതകൾ ആ നിമിഷത്തെ വരച്ചു കാണിക്കുന്ന തരത്തിലുള്ളവയായിരുന്നു.
ബിരുദ പഠനം കഴിഞ്ഞ ഉടനെ വിവാഹത്തിനായി അദ്ദേഹത്തിനു മേൽ നിർബന്ധമുണ്ടായി. ഈ അവസരത്തിൽ തൻ്റെ രണ്ടാം പിതാവിൻ്റെ ബസ് സർവീസ് ബിസിനസിൻ്റെ പങ്കു ചോദിച്ച് അത് ലഭിക്കുമെങ്കിൽ വിവാഹം കഴിക്കാമെന്നാണ്‌ മുനീർ അറിയിച്ചത്. വിവാഹാനന്തരം അദ്ദേഹം തനിക്കു കിട്ടിയ പങ്കുപണം ഉപയോഗിച്ച് ഒരു പബ്ലിഷിംഗ് കമ്പനി തുടങ്ങുകയായിരുന്നു. ഒപ്പം സാത് രംഗ് എന്ന മാഗസിനും അദ്ദേഹം പുറത്തിറക്കുകയുണ്ടായി.
ഉർദുവിൽ 13 ഉം പഞ്ചാബിയിൽ 3 ഉം കാവ്യ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
2006 ഡിസംബർ 26 ന്‌ ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ മരണം.

സിന്ദാ ലോഗോ കി ബൂദോ ബാഷ്മെ ഹെ
മുർദ ലോഗോ കി ആദതേ ബാഖി
ജീവിച്ചിരിക്കുന്നവരുടെ പരിസരങ്ങളിലാണ്‌
മരണപ്പെട്ടവരുടെ പതിവുകൾ ബാക്കിയാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…