സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മീശ പോയ ഭാസ്ക്കരപ്പട്ടേലരും, മീശ പിരിക്കുന്ന തൊമ്മിയും

രാജീവ് മഹാദേവൻ

ജാതിയുടെ അവശതകളെ, അവഗണകളെ, അവമതിപ്പുകളെ മാനം മുട്ടെ വളർന്നു പടർന്ന മീശയിൽ കുരുക്കി ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്ന നോവലാണ് മീശ. കാലാകാലങ്ങളിൽ അധികാരത്തിൻ്റെ അടയാളമായ മീശ, കീഴാളൻ്റെ ചുണ്ടുകൾക്കു മുകളിൽ ദൃഢമായുറപ്പിച്ച് സവർണ്ണ ബോദ്ധ്യങ്ങളുടെ ധാർഷ്ട്യക്കൂടാരത്തിലേക്ക് ബുൾഡോസർ ഓടിച്ചു കയറ്റുകയാണ് ഹരീഷ് ചെയ്തത്. കഥപറച്ചിലിനിടയിൽ ആനുഷംഗികമായി കടന്നു വരുന്ന പരാമർശങ്ങളല്ല, സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ‘മീശ’ തന്നെയാണ് ഈ നോവലിനെ ഹിന്ദുത്വഫാസിസത്തിൻ്റെ ശൂലമുനയിൽ നിർത്തുന്നത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന, മലയാള സാഹിത്യത്തിലെ കുലപതികളുടെ തഴമ്പുകളിൽ ഇപ്പോഴും അഭിമാനം കൊള്ളുന്ന ഒരു പ്രസിദ്ധീകരണം, ഖണ്ഡശഃ തുടങ്ങി വച്ച ഒരു നോവൽ പാതി വഴിയിലെത്തും മുന്നേ തന്നെ പടിയിറക്കി വിട്ടത് അസാധാരണമായ ഒരു സംഭവമായിരുന്നു. മലയാള സാഹിത്യ പ്രസിദ്ധീകരണ ചരിത്രത്തിലെ ഒരിക്കലും മായ്ക്കാനാവാത്ത കറയായി അതങ്ങിനെ തന്നെ അവശേഷിക്കുകയും ചെയ്യും. സാഹിത്യകാരൻ്റെ ഭാവനയിൽ ഭരണകൂടത്തിൻ്റെ കുതിരകയറ്റം ഒരു പുതിയ സംഭവമല്ല. എന്നാലിവിടെ സംഭവിച്ചതോ. പ്രബുദ്ധതയുടെ അട്ടിപ്പേറവകാശം കയ്യാളുന്ന മലയാളികൾ, വിശ്വാസം എന്ന കടലാസ് പുലിയെ മുൻനിർത്തി നോവലിസ്റ്റിനെ വിചാരണ ചെയ്യുകയായിരുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മലയാളിയെ ബോദ്ധ്യപ്പെടുത്താൻ ഒരു കോടതി വിധി തന്നെ വേണ്ടി വന്നു. അതേ സമയം ആ കോടതി വിധിയിൽ അന്തർലീനമായ അപകടങ്ങൾ നമ്മൾ തിരിച്ചറിയാതെയും പോയി. മീശ നിരോധിക്കണം എന്ന ആവശ്യം കേരളത്തിലെ ഇടതുപക്ഷ സർക്കാർ അസംബന്ധം എന്നു കണ്ട്  നിരസിച്ചപ്പോഴാണ്, പരാതിയുമായി ഹിന്ദുത്വ ശക്തികൾ പരമോന്നത കോടതിയെ സമീപിച്ചത്. കോടതികൾക്ക് പുസ്തകങ്ങൾ നിരോധിക്കാനുള്ള അധികാരം ഭരണഘടനാപരമായിത്തന്നെ ഇല്ല. അക്കാര്യം വിദഗ്ദമായി മറച്ചു വച്ചുകൊണ്ട്, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു കൊണ്ട്, കോടതി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നതായി പ്രഖ്യാപിച്ചു. എന്നാൽ അതോടൊപ്പം അവർ പുറത്തു വിട്ട വിധിന്യായം സെൻസർഷിപ്പുകളുടെ ഇരുണ്ട ലോകത്തിലേക്കുള്ള രഹസ്യ വാതിലുകളാണ് തുറന്നിട്ടത്.

പ്രകൃതിയിൽ ഇല്ലാത്തതൊന്നും ചിന്തയിലും ഉണ്ടാകില്ല എന്നെഴുതിയത് ഏംഗൽസാണ്. പ്രകൃതിയുടെ നനവും, ഇരുളും, ഒഴുക്കും, അഴുക്കും, വഴുക്കലും, പുതയലും, പതറലും മനുഷ്യൻ ഉൾപ്പടെ ജീവിവർഗങ്ങളെ എവ്വിധമെല്ലാം സ്വാധീനിക്കുന്നു എന്ന് സ്ഥല-കാല സാക്ഷ്യപ്പെടുത്തലോടെ  രേഖപ്പെടുത്തിയിരിക്കുകയാണ് ഹരീഷ്. മാജിക്കൽ റിയലിസത്തിൻ്റെ അനുഭൂതി ലോകങ്ങൾ അൽപ്പാൽപ്പമായി നിറം മങ്ങി, ഭാവുകത്വ പരിണാമത്തിൻ്റെ പുത്തൻ തലങ്ങളിലേക്ക് സാഹിത്യം ചിറകുവിരിച്ചു പറന്നു മാറുന്ന കാലത്തേക്ക്, മീശ പിരിച്ച് കനപ്പെട്ടൊരു പാലം കെട്ടിയിരിക്കുകയാണയാൾ. ചതുപ്പ്, പാടം, കായൽ, പ്രളയം, മഹാമാരി ഇങ്ങനെ, ഒറ്റയായിത്തന്നെ നിഗൂഢമായ ഉൾപ്രേരണകളുണർത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ പല ചേരുവകളിൽ ഒരുമിച്ചു കോർത്ത് അനുവാചകനിലേക്കു പകരുന്ന അനുഭൂതിയുടെ കാർണിവലുകളാണ് ഓരോ അദ്ധ്യായങ്ങളും.

കുടഞ്ഞു കളയാൻ ശ്രമിക്കുമ്പോൾ കൂടുതൽ മുറുക്കത്തിൽ, കൂടുതൽ കടുപ്പത്തിൽ, കൂടുതൽ ആഴത്തിൽ  സ്വത്വത്തിൽ ഉറഞ്ഞു പറ്റുന്ന ജാതിയെന്ന മാറാവ്യാധിയ്ക്കു വട്ടംവയ്ക്കുന്ന മരണക്കളികളുടെ പുസ്തകം എന്നു വേണമെങ്കിൽ മീശയെ സംഗ്രഹിക്കാം. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ മലയാളസാഹിത്യം കടന്നു ചെല്ലാൻ അറച്ചു നിന്ന ‘സംസ്ക്കാര’മില്ലാത്ത യാഥാർഥ്യങ്ങളിലേയ്ക്ക് കൈപിടിച്ചു കൊണ്ടു പോവാൻ കാട്ടിയ ധീരതയുടെ, ആത്മാർത്ഥതയുടെ, ചരിത്രാവബോധത്തിൻ്റെ പേരു കൂടിയാണ് മീശ.

വിവാദങ്ങളുടെ കലക്കവെള്ളത്തിൽ അബദ്ധത്തിൽ കാലിൽത്തടഞ്ഞുകിട്ടി വായിക്കപ്പെടേണ്ട നോവലല്ല മീശ. അവാർഡുകളുടെ വെള്ളിവെളിച്ചത്തിൽ മാത്രം വിലയിരുത്തപ്പെടേണ്ടതുമല്ല. സ്വയംനവീകരണത്തിനപ്പുറം, സാമൂഹിക പ്രവർത്തനമെന്ന നിലയിൽ വായനയെ ഉൾക്കൊണ്ടു കൊണ്ട്, നീതി പുലരുന്ന നല്ല നാളെകളിലേക്ക് സമൂഹ മനസ്സാക്ഷിയെ നയിക്കാൻ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട, ക്ലാസിക് കൃതിയാണ് മീശ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…