
മലയാളനോവൽ സാഹിത്യ ശാഖയിൽ ജാതിയും വിശപ്പും അധികാരവും ഏറ്റവും തീവ്രമായി അവതരിപ്പിച്ച ഒരു പുസ്തകമാണ് ജയമോഹന്റെ നൂറ്സിംഹാസനങ്ങൾ.അധികാരത്തിന്റെ നൂറു മുഖങ്ങൾ വ്യാഖ്യാനിയ്ക്കുന്നതിനൊപ്പം മനുഷ്യ ജീവിതത്തിന്റെ കാണാപ്പുറങ്ങളെയും ജയമോഹൻ അടയാളപ്പെടുത്തുന്നു.
അധികാരത്തിന്റെ പ്രതീകമാണ് സിംഹാസനം. സാധാരണക്കാരന് അപ്രാപ്യമായ ഇടം. അതിന്റെ ആകൃതിയും നിർമ്മിതിയും അധികാരത്തിന്റെ സ്ഥായീഭാവത്തെ വെളിപ്പെടുത്തുന്നു. നാല് കാലുകൾ നിലത്തൂന്നി അധികാര ഗർവ്വോടെ ഒരു സിംഹം ഇരിയ്ക്കുന്ന അവസ്ഥയാണ് അധികാരത്തിൻ്റെ പ്രതീകമായ ഓരോ സിംഹാസനവും പ്രതിനിധാനം ചെയ്യുന്നത്.
സിംഹാസനത്തിലിരിയ്ക്കുന്നവൻ സിംഹത്തിന്റെ പുറത്ത് ഇരിയ്ക്കുമ്പോഴുള്ള ശക്തിയും ഉന്മാദവും അനുഭവിക്കുന്നുണ്ട്. സവർണ്ണ വിഭാഗം മാത്രം ഒരു കാലത്ത് പുലർത്തി പോന്ന ഈ ഉന്മാദം സ്വേച്ഛാധിപത്യ വ്യവസ്ഥയുടെ ഭാഗമായി. കീഴാളൻ അവിടെ എന്നും അടിച്ചമർത്തപ്പെട്ടു. പൊതുസമൂഹത്തിൻ്റെ മുൻപിൽ പകൽ വെളിച്ചത്തിൽ പ്രത്യക്ഷപ്പെടുവാൻ പോലും അനുവാദമില്ലാത്തവന് കസാര പോലും അനുവദനീയമല്ല. ഈ സാഹചര്യത്തിൽ അവൻ സിംഹാസനത്തിന്റെ ഉടമയാകുവാൻ അധികാരവർഗ്ഗം അനുവദിക്കുന്നതെങ്ങനെ….
നായാടി വംശത്തിൽ പിറന്ന്, കഠിന പ്രയത്നത്തിലൂടെ കളക്ടറായി മാറിയ ധർമ്മപാലൻ നേരിടുന്ന അധികാരത്തിന്റെ നൂറു മുഖങ്ങളെ ജയമോഹൻ ഈ നോവലിൽ വെളിപ്പെടുത്തുന്നു.
മറ്റൊരു തലത്തിൽ ഈ നോവലിനെ വിലയിരുത്തുമ്പോൾ വാത്സല്യം, കരുണ, സ്നേഹം,വെറുപ്പ്, ഈർഷ്യ, അമർഷം, പുച്ഛം, അറപ്പ്, നിസ്സഹായത തുടങ്ങിയ മാനസിക ഭാവങ്ങളുടെ നവരസക്കൂട്ടായി ഈ നോവൽ മാറുന്നു.
അമ്മ എന്ന പാവനമായ വാക്കിലാണ് നോവൽ ആരംഭിയ്ക്കുന്നത്. അമ്മ എന്ന ഹൃദയ വിശാലതയ്ക്കു മുന്നിലാണ് നോവൽ അവസാനിക്കുന്നത്. നായാടി വംശത്തിൽ പിറന്ന് സമൂഹത്തിന്റെ മുഴുവൻ അവഗണനയും ഏറ്റുവാങ്ങിയ ഒരു അമ്മയുടെയും മകന്റെയും ജീവിത കഥയിലൂടെ ഇന്നും അടിച്ചമർത്തലിന്റെ ദീനതയും പേറി ജീവിക്കുന്ന, മുഖ്യധാരയിൽ ഒരിടത്തും ഇടമില്ലാതെ പോയ ഒരു വംശത്തിന്റെ കഥയാണ് നൂറു സിംഹാസനങ്ങൾ വിളിച്ചു പറയുന്നത്.
നോവലിന്റെ ആദ്യ അധ്യായം തന്നെ അഴുക്കുചാലുകളിൽ ജീവിക്കുന്നവരെ അടയാളപ്പെടുത്തി കൊണ്ടാണ് ആരംഭിക്കുന്നത്. വെറും നിലത്തും കീറിയ ചാക്കുകളിലും പഴയ പനം പായകളിലുമായി ചവറ്റുകൂനകൾ പോലെ പുഴുവരിച്ച മനുഷ്യർ കിടക്കുന്ന കാഴ്ച, ചീഞ്ഞ മാംസത്തിന്റെയും ൫വിച്ച തുണികളുടെയും ഛർദ്ദിയുടെയും ഗന്ധം നിറഞ്ഞ ആശുപത്രി വരാന്തയിൽ ഒരു പഴന്തുണി കെട്ടുപോലെ, അഴുക്ക് സഞ്ചി പോലെ കിടക്കുന്ന സ്വന്തം അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ധർമ്മപാലൻ.നായാടിയായ അയാൾ വെള്ള ഷർട്ടിട്ടതു മുതൽ തന്റെ മുതുകത്ത് മുളച്ച കണ്ണുകളെ പിന്നിലാക്കി കൊണ്ടാണ് ആ ആശുപത്രി വരാന്തയിലെത്തുന്നത്. തന്റെ സ്ഥാനമാനങ്ങൾ എല്ലാം മറന്ന് ‘ഇതെന്റെ അമ്മയാ’ ഇതെന്റെ സ്വന്തം അമ്മയാ, ഇതാണെന്റെ അമ്മ എന്ന് പറയാൻ ധർമ്മപാലന് ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.
മറ്റൊരു അവസരത്തിൽ സ്വന്തം ദേഹം ചൂണ്ടി അയാൾ തന്റെ സ്വത്വം വെളിപ്പെടുത്തുന്നുണ്ട്. ‘ഈ ശരീരം കണ്ടോ ? ഇതിൽ ഓടുന്ന ചോര മുഴുവൻ പിച്ചയെടുത്ത് ഉണ്ട ചോറിൽ ഊറിയതാ. അത് എനിക്ക് മറക്കാനാവില്ല .ഞാൻ മറന്നാലും എനിക്ക് പിച്ചയിട്ട ഒരാളും അത് മറക്കില്ല ‘ എന്ന്അയാൾ വിളിച്ചു പറയുന്നുണ്ട്.
ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അയാൾ സിവിൽ സർവീസ് പരീക്ഷ വിജയിക്കുമ്പോഴും അയാൾ ഇടപഴകാൻ പോകുന്ന മേഖലയെ ആശങ്കയോടെ ഒരു ഉദ്യോഗസ്ഥൻ സൂചിപ്പിയ്ക്കുന്നുണ്ട്. ‘ ചെറുപ്പക്കാരാ നീ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഈ പണിക്ക് നീ വന്നതിൽ നീ ചിലപ്പോൾ ദുഃഖിക്കേണ്ടി വരും. നിനക്ക് നല്ല അധ്യാപകനാവാമായിരുന്നു, ഡോക്ടറാവാമായിരുന്നു, നല്ല രാഷ്ട്രീയക്കാരൻ പോലും ആകാമായിരുന്നു. ഇത് നല്ല രംഗമാണോ എന്ന് എനിക്ക് സംശയമുണ്ട്. ആ ഉദ്യോഗസ്ഥന്റെ വേവലാതി ശരിയായിരുന്നു എന്ന് പിന്നീട് ധർമ്മപാലൻ തിരിച്ചറിയുന്നു. അതാണ് ഈ നോവലിന്റെ അന്തർധാര.
അധികാരത്തിനു മുന്നിൽ എങ്ങും എപ്പോഴും ധർമ്മപാലൻ വെളിയിൽ നിർത്തപ്പെട്ടു. ആദ്യമായി സിവിൽ സർവീസ് ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടപ്പോൾ സിംഹാസനം പോലുള്ള കസേരയ്ക്കു പകരം പലരും ഇരുന്നു തളർന്ന ഒരു ചൂരൽ കസേര നൽകിയാണ് അധികാര വർഗ്ഗം അയാളെ സ്വീകരിക്കുന്നത്. മേൽജാതിക്കാരിയായ പ്രണയിനിയെ വിവാഹം കഴിക്കുന്നതിലൂടെ താൻ അനുഭവിക്കുന്ന അവഗണനകൾക്ക് പരിഹാരമുണ്ടാകുമെന്ന് അയാൾ പ്രതീക്ഷിച്ചു. എന്നാൽ അയാളുടെ സ്ഥാനമാനങ്ങൾ ചവിട്ടുപടികളായി കണ്ട അവൾ പോലും അയാളെ തിരിച്ചറിയാതെ ഒറ്റപ്പെടുത്തുന്നു. ‘ഇപ്പോൾ പോലും നിങ്ങൾക്ക് ഒരു ചെയറിൽ നന്നായി ഇരിക്കുവാനറിയില്ല. നിങ്ങളുടെ പഠിത്തം അറിവ്, പദവി ഒന്നുകൊണ്ടും ഒരു ഫലവും ഇല്ല. ഒരാളോടും ഉത്തരവിടാൻ പറ്റില്ല. ഒരാളെയും ശാസിക്കാൻ നാക്ക് പൊങ്ങില്ല .എല്ലാവരും എപ്പോഴും സ്വന്തം മുതുകിന് പിന്നിൽ എന്തോ പറഞ്ഞു ചിരിയ്ക്കുകയാണെന്നാ വിചാരം. എന്റെ മോനെങ്കിലും ഇതിൽ നിന്നൊക്കെ പുറത്തു വരട്ടെ…. അവന്റെ തലമുറയെങ്കിലും മര്യാദയ്ക്ക് ജീവിക്കട്ടെ.’ എന്നാണ് അയാളുടെ ഭാര്യ സുധ വാദിക്കുന്നത്.
നോവലിന്റെ മറ്റൊരു ഭാവം വിശപ്പാണ്. ഭക്ഷണം വിശപ്പിന്റെ തീവ്രത അടയാളപ്പെടുത്തുന്നത് ധർമ്മപാലന്റെ കുട്ടിക്കാലത്താണ്. പ്രജാനന്ദാശ്രമത്തിൽ എത്തിയ ധർമ്മപാലന്റെ മുന്നിൽ ‘ചോറിന്റെ മലകൾ, ചോറിന്റെ മണൽപ്പരപ്പ്, ചോറിന്റെ വെള്ളപ്പൊക്കം, ചോറിന്റെ ആന, ചോറിന്റെ കടൽ….’ ചോറും അയാളും മാത്രമായിരുന്നു അപ്പോൾ. ഒരു ഘട്ടത്തിൽ അയാൾക്ക് ഉണ്ണാൻ കഴിയാതെയായി. അത് ഒരിക്കലും ധർമ്മപാലൻ അറിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് ചോറുണ്ണാൻ കഴിയാത്തത് എന്ന് മനസ്സിലാകാതെ അയാൾ ചോറു പിന്നെയും പിന്നെയും വായിലേക്ക് നിറച്ചു. ഓക്കാനിച്ചു. വിറകൊണ്ടു. എങ്കിലും അയാൾക്ക് നിറുത്താൻ കഴിഞ്ഞില്ല. ദേഹം മുഴുവൻ ചോറു നിറഞ്ഞിരിയ്ക്കുന്നതുപോലെ ആ അവസ്ഥ അയാൾക്ക് അനുഭവപ്പെടുന്നു. ഇതിൽപരം വിശപ്പിനെ എങ്ങനെയാണ് നിർവചിക്കാനാവുക.
കല്ലിന്റെയുളളിൽ കഴിയുന്ന തവള പോലെയാണ് നായാടികൾ ജീവിക്കുന്നത്. അവരെ ആരുമറിയില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ചവരാണ് നായാടികൾ. തന്റെ ജീവിതത്തിൽ ഒരിക്കലും പിച്ചക്കാരനല്ലാത്ത മറ്റൊരു നായാടിയെ കണ്ടിട്ടില്ലെന്ന് ധർമ്മപാലൻ പറയുന്നുണ്ട്. പഠന കാലത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ അയാളോടൊപ്പം മുറി പങ്കിടാൻ ഒരു ആദിവാസി പോലും മുന്നോട്ടു വന്നില്ല. അയാൾക്ക് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. വെളുപ്പാൻ കാലത്ത് തീവണ്ടി പാളത്തിനടുത്ത് ചെന്നിരുന്ന് വേണം വെളിയ്ക്കിരിയ്ക്കാൻ . മൂത്രമൊഴിക്കണമെങ്കിൽ പോലും പുറത്തുള്ള ചവറ്റു കൂനയിലേക്കു പോകണം. അയാളോട് സംസാരിക്കുന്നവർക്കെല്ലാം അധികാരത്തിന്റെ സ്വരമുണ്ടായിരുന്നു. അധികാരത്തിന്റെ മുന്നിൽ അയാൾ എപ്പോഴും നിശ്ശബ്ദനായിരുന്നു.
ഒരു കറുത്ത ചെറിയ എലിയെ പോലെയാണ് താനെന്ന് ധർമ്മപാലൻ സ്വയം അടയാളപ്പെടുത്തുന്നു. നോട്ടത്തിലും ചലനത്തിലും ശബ്ദത്തിലും എല്ലാം ഒരു ക്ഷമാപണം ഉണ്ട്.’ ഒന്ന് ജീവിച്ചോട്ടെ’ എന്ന മട്ടുണ്ട്. കാലുകൾക്ക് താഴെയാണ് അതിന്റെ ജീവിതം. നട്ടെല്ലു വളച്ചു തന്നെയാണ് അതിന്റെ പ്രകൃതം. അയാളനുഭവിച്ച ഒറ്റപ്പെടലിന്റെ ആത്മ സംഘർഷം മുഴുവൻ ഈ അനുഭവ വിവരണങ്ങളിൽ കാണാം.
ധർമ്മപാലനും അമ്മയും വർഷങ്ങൾക്കു ശേഷം തിരിച്ചറിയുന്ന സന്ദർഭം മാതൃഭാവത്തിന്റെ മറ്റൊരു തീവ്രഭാവമാണ് അവതരിപ്പിക്കുന്നത്. നായാടികൾ പരസ്പരം തിരിച്ചറിയുന്നത് പാട്ടുകളിലും വ്രണങ്ങളിലും കൂടിയാണ്. മകനെ അമ്മ തിരിച്ചറിയുമ്പോൾ അയാളുടെ അമ്മ മകന്റെ കൈപിടിച്ച് സ്വന്തം മുഖത്തടിക്കുന്നു. കൈ കൊണ്ടും കാലുകൊണ്ടും അയാളെ മുറുകെ പിടിക്കുന്നു. മകന്റെ ദേഹത്തെ ഒരു പച്ചില പോലെ കശക്കി തന്റെ ദേഹത്തിൽ പുരട്ടാൽ വെമ്പുന്നു. കഴുത്ത് ഇറുകിയ ആടിന്റെ ഒച്ചയിലായിരുന്നു ആ അമ്മയുടെ കരച്ചിൽ. അയാളുടെ കവിളു രണ്ടും കടിച്ചു പൊട്ടിച്ചു. മൂക്കിലും വായിലും കണ്ണിലും നിന്ന് ഉറവ പോലെ ജലം വന്ന് അമ്മ മകന്റെ മുഖവും തോളും ഷർട്ടും ഒക്കെ ഈറനാക്കുന്നു. സുഹൃത്തായ ഒരു വന്യമൃഗം ബാക്കി വെക്കാതെ തന്നെ തിന്നു തീർത്ത പോലെയാണ് ധർമ്മപാലന് അപ്പോൾ അനുഭവപ്പെടുന്നത്. ഇത്രയും ബീഭത്സമായ ഒരു മാതൃവാത്സല്യഭാവം മറ്റൊരു മലയാള നോവലിൽ ഉണ്ടോ എന്ന് സംശയമാണ്.
തന്റെ മകൻ ഷർട്ട് ധർച്ചിരിയ്ക്കുന്നത് കാണുമ്പോൾ ആ അമ്മ പരിഭ്രാന്തയാവുന്നു.’ നായാടിക്ക് എതുക്കുടെ തമ്പ്രാൻ കളസം ?ഉണരി ഇടുടേ… വേണ്ടാണ്ടേ. ഊരി ഇടുടുട്ടേ… ഊരുമക്കാ’ എന്ന് ആ അമ്മ ഭയത്തോടെ അലറുന്നു. അയാളുടെ ഷർട്ട് പിടിച്ച് ചിന്തിക്കളയാൻ ശ്രമിയ്ക്കുന്നു. അയാൾ കസേരയിൽ ഇരിക്കുന്നത് കണ്ട് അമ്മ ഞെട്ടി വിറങ്ങലിക്കുന്നു.
‘ നീ തമ്പ്രാൻ കസേരയിലേ ഇരുപ്പിയാടെ? അയ്യോ! അയ്യോ’ എന്ന് നിലവിളിക്കുന്നു.’ ഏഴീടേ…. എഴീടെ മക്കാ…. കൊന്നൂടുവാരടെ ‘ എന്നു മാറിൽ അടിച്ചു നിലവിളിക്കുന്നു. അധികാരത്തെ എത്രമാത്രം ഭയത്തോടെയാണ് അവർ കണ്ടിരുന്നതെന്ന് വ്യക്തമാണ്. കസേര എന്നാൽ ക്രൂരമായ മൃഗമാണവർക്ക്. രക്തം ഇറ്റിക്കുന്ന കൊലപീഠമാണ്.’ കാപ്പാ മക്കളേ കശേര വേണ്ടാ! കളസം വേണ്ടാ!’ എന്ന ആ അമ്മയുടെ അലർച്ച വായനക്കാരന്റെ നെഞ്ചിൻ കൂട് തകർത്താണ് മാറ്റൊലിക്കൊള്ളുന്നത്.
അധികാരമെന്ന യന്ത്രത്തിന്റെ ഭാഗമാകുവാൻ ധർമ്മപാലന് ഒരിക്കലും സാധിച്ചില്ല. അധികാരത്തെ അയാൾ നിർവചിച്ചത് ഇങ്ങനെയാണ്;’ ‘അധികാരം എന്നത് എന്നും ഒരു കൂട്ടുപ്രവൃത്തിയാണ്. പക്ഷേ ഓരോ അധികാരിയും താനാണ് അതു കൈകാര്യം ചെയ്യുന്നത് എന്ന് കരുതും . നിങ്ങൾ ഭരിക്കുന്നയാൾ ഭരിക്കപ്പെടാൻ സ്വയം സമ്മതിക്കണം. ആ നാടകത്തിൽ തന്റെ റോൾ എന്താണെന്ന് അവൻ അറിഞ്ഞു നിന്നു തരണം. അതിനയാൾക്കു ഭീഷണിയോ, നിർബന്ധമോ ,ആവശ്യമോ ഉണ്ടായിരിക്കണം. അധികാരത്തിന്റെ ആ മഹാ നാടകത്തിൽ സ്വന്തം റോൾ മനസ്സിലാക്കി അതിനെ കൃത്യമായി ചെയ്യുമ്പോൾ മാത്രമാണ് അധികാരിക്ക് അധികാരം കൈ വരുന്നത്. ഒറ്റയ്ക്കാവുമ്പോൾ അവന് ഒന്നും കൈയിലുണ്ടാവില്ല. അവന്റെ അഗ്നിയിൽ ചൂടുണ്ടാവില്ല. ആയുധങ്ങളിൽ മൂർച്ചയുണ്ടാവില്ല.ഭരണത്തിൽ ഇടപെട്ടു തുടങ്ങുന്ന അധികാരി ആദ്യം അധികാരത്തിന്റെ രുചിയറിയുന്നു. അതെങ്ങനെയാണ് ഉണ്ടാകുന്നത് എന്നും അറിയുന്നു. കൂടുതൽ അധികാരത്തിനായി അവന്റെ മനസ്സ് മോഹിക്കുന്നു. ഏതാനും കൊല്ലങ്ങൾക്കു ശേഷം അവൻ ഭരണത്തിലുള്ള ഏതൊരു അധികാരിയെയും പോലെ മാറിയിട്ടുണ്ടാവും . അവൻ കൊണ്ടു വന്ന ആദർശവും ചിന്തകളും ഒക്കെ മായും. അവന്റെ ഭാഷ ,അവന്റെ മുഖം, രൂപം എല്ലാം തന്നെ മറ്റുള്ളവയെപ്പോലെ ആയിത്തീരും’ എന്നാണ് ധർമ്മപാലൻ പറയുന്നത്.
അധികാരികൾ അധികാരക്കൂട്ടിനുള്ളിൽ കടക്കാൻധർമ്മപാലനെ അനുവദിച്ചതേയില്ല. നഗരത്തിലെ മൃഗശാലയിൽ കൂട്ടിൽ കിടക്കുന്ന മൃഗമായി അയാൾ മാറി. കോപിക്കും തോറും അത് അയാളുടെ ജാതിയുടെ സ്വാഭാവികമായ സംസ്കാരമില്ലായ്മയായി ധരിക്കപ്പെട്ടു. പോരാടും തോറും അത് അതിരുവിട്ട അധികാര മോഹമായി വ്യാഖ്യാനിക്കപ്പെട്ടു. വെറുതെയിരുന്നാൽ അയാളുടെ ജാതിക്കു മാത്രമുള്ള കഴിവില്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടു. അയാളെ എല്ലാവരും സഹതാപത്തോടെയാണ് കാണുന്നത്. കുറ്റബോധവും വിഷാദവും ഏകാന്തതയും അയാളുടെ തലമുറയുടെ മാനസിക പ്രശ്നങ്ങളായി ചർച്ച ചെയ്യപ്പെട്ടു. ഓരോ ക്ഷണവും അയാൾ മുട്ടി തലപൊട്ടിച്ച് മാന്തിപ്പൊളിക്കാൻ ശ്രമിച്ച് ചോരയൊലിപ്പിച്ച ആ അധികാര കൂടിനെ അയാൾ എത്തിപ്പിടിച്ച തങ്കപ്പല്ലക്കായി മറ്റുള്ളവർ കണ്ടു.
അധികാരത്തിന്റെ ഉത്തരവാദിത്തം മുഴുവൻ പേറിക്കൊണ്ട് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന ഇടങ്ങളിൽ ധർമ്മപാലൻ എത്തി ചേർന്നു. പണി എടുത്ത ഓരോ ഓഫീസിലും ശക്തനായ രണ്ടാം നില അധികാരി ഉണ്ടായി. പട്ടുതുണിയിൽ ഇരുമ്പുണ്ടെന്ന് ഓർമിപ്പിച്ചു കൊണ്ട് ആ അധികാരി ഭവ്യതയോടെ പെരുമാറുന്ന നാടകം ധർമ്മപാലൻ തിരിച്ചറിയുന്നു. പുച്ഛവും നിസ്സഹായതയും എന്താണെന്ന് അയാൾ തിരിച്ചറിയുന്നു.
സ്നേഹം പോലെ വെറുപ്പും അതിരുകളില്ലാത്തതാണെന്ന് അയാൾ തിരിച്ചറിയുന്നത് അമ്മയും ഭാര്യയും തമ്മിലുള്ള സംഘർഷത്തിനിടയിൽപ്പെട്ട് ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്.
ഒടുവിൽ അമ്മയുടെ ദയനീയ മരണത്തിനു മുൻപ് തനിക്ക് ഒരിക്കലും ഇരിക്കാൻ കഴിയാതെ പോയ അധികാരത്തിന്റെ സാങ്കല്പിക കസേരയിൽ നിന്ന് എഴുന്നേൽക്കാൻ അയാൾ തീരുമാനിക്കുന്നു. പക്ഷേ നായാടിയായി ജീവിച്ച് നായാടിയായി മരിച്ച തന്റെ അമ്മയുടെ ഹൃദയത്തിനു മുൻപിൽ, അവരുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളങ്ങൾക്കു മുന്നിൽ അവരുടെ ഭയപ്പാടുകൾക്കും, അമർഷങ്ങൾക്കും ,അടിമത്തങ്ങൾക്കും മുന്നിൽ അവരുടെ സമസ്ത വിശപ്പുകളും കെട്ടടങ്ങി ദ്രവിച്ച് മണ്ണായി മാറണമെങ്കിൽ തനിക്ക് ഇനിയും നൂറ് സിംഹാസനങ്ങൾ വേണമെന്ന തിരിച്ചറിവിലാണ് അയാൾ എത്തിച്ചേരുന്നത്.
അധികാരത്തിന്റെ അടയാളവാക്യങ്ങളും സമവാക്യങ്ങളും സൃഷ്ടിച്ചെടുക്കുന്നത് അധികാര സമൂഹം തന്നെയാണ്. അടിമത്തവും അടിച്ചമർത്തലും ഈ അധികാര വ്യവസ്ഥ നില നിൽക്കുന്നിടത്തോളം കാലം തുടർന്നുകൊണ്ടിരിക്കും. അതിൽ നിന്നും അധ:സ്ഥിത വർഗ്ഗത്തെ മോചിപ്പിയ്ക്കാൻ അവരെ പിടിച്ചുയർത്താൻ ഒരു പുതു സാമൂഹിക അവസ്ഥ സംജാതമാ വേണ്ടിയിരിക്കുന്നു എന്ന് നൂറ് സിംഹാസനങ്ങൾ എന്ന കൃതി തെളിയിക്കുന്നു.