“To The States, or any one of them, or any city of The States, Resist much, obey little; Once unquestioning obedience, once fully enslaved; Once fully enslaved, no nation, state, city, of this earth, ever afterward resumes its liberty.”
- Walt Whitman
റീന പി ജിയുടെ ആദ്യ കവിതാസമാഹാരമാണ് ആകാശ വേരുകൾ. ഈ പുസ്തകം വായിക്കുമ്പോൾ എനിക്കോർമ്മ വന്നത് മുകളിലുദ്ധരിച്ച ,പ്രശസ്ത അമേരിക്കൻ കവി വാൾട്ട് വിറ്റ്മാൻ എഴുതിയ ഏറെ പ്രശസ്തമായ വരികളാണ്.
പ്രതിരോധത്തിന് പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം അടിവരയിടുന്നത്. റീന പി ജിയുടെ ആകാശ വേരുകൾ എന്ന ഈ കവിതാസമാഹാരത്തിൻ്റെ പ്രധാന ഊന്നലും പ്രതിരോധത്തിലാണ്. ആദ്യ കവിതയായ ഒച്ച മുതൽ ഈ പ്രതിരോധ വഴി തെളിഞ്ഞു തുടങ്ങുന്നു. താൻ ജീവിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചും പ്രതിഷേധിച്ചും ആണ് നല്ല രചനകൾ എക്കാലത്തും ഉണ്ടായിട്ടുള്ളത്. കവിതയുടെ പുതു വഴി തേടി എന്ന ആമുഖത്തിൽ കവയിത്രി ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു .”രാഷ്ട്രീയ സാമ്പത്തിക സാമൂഹിക അരാജകത്വത്തെ ഈ കറുത്ത കാലത്ത് സ്ത്രീധനത്തിനെതിരെയുള്ള അവഹേളനങ്ങൾക്ക് നേരെയാണ് ഈ കാലത്തിലെ കവിതയുടെ ഒറ്റയാൾ പോരാട്ടങ്ങൾ.” പുതുകവിതയെ കുറിച്ച് തൻ്റെ നിരീക്ഷണം ആണ് റീന പി ജി എഴുതിയിരിക്കുന്നത്. ഈ നിരീക്ഷണം ആകാശ വേരുകളിലെ കവിതകൾക്കും യോജിക്കുന്നവ തന്നെയാണ്.
വഴി മറന്നവർ ,പള്ളിക്കൂടം പറഞ്ഞുതന്നത് ,നർമ്മദ ഒരു ഗോത്ര വിലാപം, തീക്കാറ്റ്, നിശബ്ദത ഒരു തൂക്കുകയറാണ് , അഭിമ ന്യൂ നീ അമരൻ എന്നീ കവിതകൾ വായിക്കുമ്പോൾ ഇന്ത്യാ മഹാരാജ്യത്തിൻ്റെ സമകാലികമായ അസ്വസ്ഥതകൾ ഓരോ പൗരനിലും ഏൽപ്പിക്കുന്ന മാനസികാഘാതം കവിതയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന് തെളിവു ലഭിക്കുന്നു . പ്രതിഷേധത്തിൻ്റെ കവിത സംഭവിക്കുന്നത്. അനീതികളോട് സമരസപ്പെടാനാവാത്ത മനസ്സിൽ നിന്നുമാണ്. തലതിരിഞ്ഞ തലവര എന്ന കവിത വായിക്കുമ്പോൾ നമുക്ക് ഇക്കാര്യം സംശയമില്ലാതെ വ്യക്തമാകുന്നു.
ആകാശ വേരുകൾക്ക് അവതാരിക എഴുതിയിരിക്കുന്നത് നിരൂപകൻ സുനിൽ സി ഇ ആണ് .അദ്ദേഹം റീന പി ജിയുടെ കവിതകളിലെ പാരിസ്ഥിതിക ദർശനത്തെക്കുറിച്ചും സ്ത്രീയെന്ന നിലയിൽ ഒരു എഴുത്തുകാരി തന്നെ ആവിഷ്കരിക്കുന്നതിനെ കുറിച്ചും നിരീക്ഷിക്കുന്നുണ്ട്. വാക്കിൻ്റെ അജയ്യതയാണ് പുതിയ പെൺകവിത എന്ന് ധൈര്യപൂർവ്വം പറയാൻ ആകാശ വേരുകളിലെ ഓരോ കവിതകളും ഉപകരിക്കുമെന്നും ഈ സമാഹാരത്തിൽ ജ്വലിക്കുന്നത് ഏറ്റവും പുതിയ പെൺ ഭാഷ്യങ്ങൾ ആണെന്നും ഇതിൽ ഒരു സ്ത്രൈണ പരിസ്ഥിതിയുണ്ടെന്നും സ്ത്രൈണ ഭാഷ യുണ്ടെന്നും അദ്ദേഹം എഴുതുന്നു.
ആകാശ് വേരുകൾ വായിച്ചുതീർന്നപ്പോൾ മനസ്സിൽ കുറേ വരികൾ ബാക്കിയാവുന്നു. അവയിൽ ചിലത് ഇവിടെ കുറിക്കാം
എൻ്റെ രാഷ്ട്രം
ഒരു കണ്ടൻപൂച്ചയായി
രൂപാന്തരം പ്രാപിക്കുന്നു
( തലതിരിഞ്ഞ തലവര )
പൊള്ളുന്ന വെയിലിൽ
നീ പകുത്തു തന്ന പ്രണയം
എൻ്റെ ഉച്ചിയിൽ തന്നെ ഒരു സൂര്യനായി കത്തുന്നുണ്ട്.
( മഴക്കാലത്തെ പ്രണയം)
ആൺ കാലുകൾക്കിടയിൽ
ചോരയിറ്റുന്ന പെൺ നിലവിളികൾ
( ഞാൻ എൻ്റെ രാജ്യം തിരയുകയാണ്)
വേരറ്റത്തുനിന്നും ഇലത്തുമ്പിലേക്കുള്ള യാത്രയിൽ
ഒരാകാശം ഒളിപ്പിച്ച് നീലക്കടൽ.
(ആകാശ വേരുകൾ)
ഉത്തരപേപ്പർ ഒരു ചോദ്യചിഹ്നമായി
വീട്ടിലേക്കോടുന്നു
( ഉൾക്കനൽ )
മനസ്സിൻ്റെ പൊട്ടിപ്പൊളിഞ്ഞ വാക്കുകളിൽ
ഭ്രാന്തിൻ്റെ ഉച്ഛിഷ്ടങ്ങൾ
ചീഞ്ഞുനാറുന്നു
( കാറ്റെടുത്തതിൽ ചിലത് )
ആദ്യ കവിതാസമാഹാരം എന്ന നിലയിൽ റീന പിജിക്ക് അഭിമാനിക്കാൻ വകയുണ്ട്. പുതിയ സ്ത്രീപക്ഷ കവിതയുടെ വഴിയെ തന്നെയാണ് ഈ കവിതകളും സഞ്ചരിക്കുന്നത്. 46 ഓളം കവിതകൾ ഉള്ള ആകാശ വേരുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് കേരളത്തിലെ വൻകിട പ്രസാധകരായ ഒലിവ് പബ്ലിക്കേഷനാണ്. ചില കവിതകൾ ഒന്നുകൂടി എഡിറ്റ് ചെയ്താൽ കൂടുതൽ നന്നാകുമെന്ന് എനിക്ക് അഭിപ്രായമുണ്ട്.
“സ്വന്തം സ്വത്വത്തിൽ അഭിമാനിക്കാം
അല്ലെങ്കിൽ ആത്മനിന്ദയിൽ ആണ്ടു പോവാം “
എന്ന് ഒറ്റ മരങ്ങൾ എന്ന കവിതയിൽ റീന പി.ജി കുറിച്ചു വച്ചിട്ടുണ്ട്. സ്വത്വാ ഭിമാനത്തിൻ്റെ കവിതകളായി ഈ കവിതകൾ ജീവിക്കുന്നത് യാദൃശ്ചികമല്ല; കവയത്രിയുടെ ജീവിതവീക്ഷണമാണത്. ആത്മനിന്ദയിൽ ആണ്ടു പോകാൻ സ്ത്രീ ഒരുക്കമല്ലെന്ന് ഈ സമാഹാരത്തിലെ ഓരോ കാവ്യഖണ്ഡങ്ങളും വിളിച്ചോതുന്നു. ഏതൊരു കവിയുടേയും ആദ്യസമാഹാരം ആ കവിയുടെ കാവ്യലോകത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ഇനിയും അത്ഭുതങ്ങൾ വിരിയാനുള്ള ഒരു പൂന്തോട്ടത്തിൻ്റെ ചവിട്ടുപടി. അതിനു കാൽപനികതയുടേയും ആധുനികതയുടെയും നിറങ്ങളുണ്ട് . തീർച്ചയായും തുടർന്നുവരുന്ന സമാഹാരങ്ങൾ റീന പി ജിയെ മലയാള സ്ത്രീപക്ഷകവിതയുടെ തട്ടകത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനത്ത് എത്തിക്കുമെന്ന് ആകാശ വേരുകൾ പ്രവചിക്കുന്നത് ഞാനറിയുന്നു.