
ജാത്- പാത് – തോഡക് മണ്ഡലിൻ്റെ 1936-ലെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷ പദവിയിലേക്ക് ആദ്യം ക്ഷണിക്കപ്പെട്ട വ്യക്തി ഡോ.ബി ആർ അംബേദ്ക്കറാണ്.സഭയിൽ അവതരിപ്പിക്കുന്ന അധ്യക്ഷ പ്രസംഗം മുൻകൂട്ടി കമ്മിറ്റിക്ക് അയച്ചു കൊടുക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു.അംബേദ്ക്കർ നൽകിയ പ്രസംഗത്തിലെ ചില ആശയങ്ങൾ കമ്മിറ്റിക്ക് സ്വീകാര്യമായിരുന്നില്ല.തുടർന്ന് അംബേദ്കറിൻ്റെ അധ്യക്ഷസ്ഥാനം റദ്ദാക്കപ്പെട്ടു.മുൻകൂട്ടി തയ്യാറാക്കിയ ഈ പ്രസംഗം അദ്ദേഹം സ്വന്തം ചിലവിൽ 1936 മെയ് മാസത്തിൽ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി.ഈ പുസ്തകത്തിലെ ആശയങ്ങൾ എല്ലാക്കാലവും ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമാണ്.ഇതെഴുതപ്പെടുന്ന കാലത്ത് നിലനിന്നിരുന്ന അതെ തീവ്രതയിൽ തന്നെ ജാതിയും ബ്രാഹ്മണിസവും രൂപം മാറിയും അല്ലാതെയും സമൂഹത്തിൻ്റെ സമഗ്രമായ പുരോഗതിയ്ക്ക് ഇന്നും തടസ്സം നിൽക്കുന്നു.

എല്ലാ കാലത്തും ഇന്ത്യയിൽ അധികാരം കയ്യേറിയിരുന്നത് സാമൂഹികമായി ഉയർന്ന പദവിയുള്ള വ്യക്തികളായിരുന്നു.ഇന്ത്യയിൽ ഗാന്ധി ഒരു നേതാവായി രൂപപ്പെട്ടു വന്നതിൻ്റെ കാരണം ഈ സാമൂഹിക പദവിയാണെന്ന് അംബേദ്ക്കർ വ്യക്തമാക്കുന്നു.ഹിന്ദു മതം വ്യത്യസ്ത ജാതികളിലും, ശ്രേണികളായി തിരിച്ച ജാതി അധികാരങ്ങളിലും അടിസ്ഥിതമാണ്.ജാതിയെ തടയാതെ ഇവിടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിഷ്കരണങ്ങൾ സാധ്യമല്ല.സോഷ്യലിസത്തിൻ്റെ സാക്ഷാത്കാരത്തിൽ അഭിമുഖീകരിക്കേണ്ട ചില ചോദ്യങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു,” ഈ വിപ്ലവം സാധ്യമാക്കാൻ ഇന്ത്യയിലെ തൊഴിലാളികൾ ഒന്നിച്ച് ചേരുമോ?ഇന്ത്യയിലെ പാവപ്പെട്ടവരായ തൊഴിലാളി വർഗം പണക്കാരും ദരിദ്രരുമെന്നുള്ള വ്യത്യാസമില്ലാതെ മറ്റൊരു വ്യത്യാസവും അംഗീകരിക്കുന്നില്ലെ?”
ഇന്ത്യയിൽ ജാതിവ്യവസ്ഥ കേവലം തൊഴിൽ വിഭജനമല്ല, അത് തൊഴിലാളി വിഭജനം കൂടി ആവുന്നു,അതോടൊപ്പം അവരിലെ അധികാരശ്രേണി കൂടി നിശ്ചയിക്കപ്പെടുന്നു.പാരമ്പര്യമായി കൈമാറി വരുന്ന തൊഴിൽ ചെയ്യേണ്ടിവരുന്നത് സ്വാഭാവിക അഭിരുചിയെ അടിസ്ഥാനമാക്കിയല്ല,മാതാപിതാക്കളുടെ സാഹൂഹിക പദവിക്ക് അനുസരിച്ചാണ്.ഇന്നും ഒരു വിഭാഗം ജനതയ്ക്ക് ഈ ജാതികേന്ദ്രീയമായ പാരമ്പര്യ തൊഴിലിൽ നിന്നും മോചനം കിട്ടിയിട്ടില്ല.
ഗാന്ധി ജാതി തിരിച്ചുള്ള ഈ തൊഴിൽ വിഭജനത്തെ ഇന്ത്യൻ സമൂഹത്തിൻ്റെ സവിശേഷ ഗുണമായും നിലനിൽക്കേണ്ടതുമായ രീതിയായിട്ടാണ് കണക്കാക്കിയത്.എല്ലാ തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ടെന്ന് പറയുകയും ചെയ്യുന്ന പ്രവൃത്തി വൃത്തിയോടെയും താത്പര്യത്തോടെയും ചെയ്യാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
വംശ ശുദ്ധിയും രക്ത ശുദ്ധിയും സംരക്ഷിക്കലാണ് ജാതിയുടെ ലക്ഷ്യം എന്ന വാദത്തെ അഞ്ചാം ഭാഗത്തിൽ അംബേദ്ക്കർ യുക്തിപൂർവ്വം എതിർക്കുന്നു. “ഇന്ത്യയിൽ വിവിധ ജാതികളുടെ മിശ്രവിവാഹത്തിലൂടെ വർണത്തെയും രക്തത്തെയും പരസ്പരം കലരാൻ അനുവദിക്കപ്പെട്ടാൽ എന്ത് ദോഷമാണുണ്ടാവുക?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
മിശ്രവിവാഹം, മിശ്രഭോജനം എന്നീ രണ്ട് മാർഗ്ഗങ്ങളിൽ മിശ്രഭോജനം ഇന്ന് സാധ്യമാണ്, ഭക്ഷണ സംസ്കാരത്തിൽ വന്ന മാറ്റവും കൂടിച്ചേരലുകളും പുതിയ അഭിരുചികളുമെല്ലാം അതിന് കാരണമായി.മിശ്രവിവാഹത്തിൻ്റെ കാര്യം അങ്ങനെയല്ല,ഇന്ത്യയിൽ വിവാഹത്തിൻ്റെ ഘട്ടത്തിൽ ജാതിയ്ക്കാണ് പ്രഥമ പരിഗണന.ജാതി വ്യവസ്ഥയെ തകർക്കാൻ പറ്റുന്ന ഏറ്റവും ലളിതമായ വഴിയാണത് എന്നതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും തടയാനും ദുരഭിമാനകൊലകൾ നടത്താനും ആളുകൾ തയ്യാറാണ്.മിശ്ര വിവാഹത്തിലൂടെ മാത്രമേ ജാതി ഇല്ലാതാക്കാൻ സാധിക്കൂ.
ചാതുർവർണ്യ വ്യവസ്ഥയിൽ സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് അംബേദ്ക്കർ പരിശോധിക്കുന്നുണ്ട്. ” സ്ത്രീകളെയും ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്ര വർണങ്ങളായി വിഭജിക്കുമോ?അതല്ല അവരെ തങ്ങളുടെ ഭർത്താക്കന്മാരുടെ പദവി സ്വീകരിക്കാൻ അനുവദിക്കുമോ?സ്ത്രീകളുടെ പദവി വിവാഹത്തിൻ്റെ അനന്തര ഫലമാണെങ്കിൽ ഒരു വ്യക്തിയുടെ പദവി അയാളുടെ ഗുണത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന ചാതുർവർണ്യത്തിൽ അന്തർലീനമായ തത്വത്തിന് എന്ത് സംഭവിക്കും?” മനുസ്മൃതി ആധാരമാക്കി നിലനിന്നുപോരുന്ന ഒരു മതം സ്ത്രീകളെ വ്യക്തികളായി പരിഗണിക്കാൻ തയ്യാറാവില്ല.ചാതുർവർണ്യം സ്ത്രീകൾക്ക് ബാധകമാക്കുന്നതും അത്ര എളുപ്പമല്ല,ഒരു സ്ത്രീ പുരോഹിത ഇന്നും സമൂഹത്തിൽ അത്ര സ്വാഭാവികമായ ഒന്നല്ല.
ജാതി ഉന്മൂലനത്തിൻ്റെ മറ്റൊരു ഖണ്ഡത്തിൽ അംബേദ്ക്കർ യൂറോപ്പിലെയും ഇന്ത്യയിലെയും ചൂഷിതരുടെ അവസ്ഥയെ താരതമ്യം ചെയ്യുന്നുണ്ട്. “യൂറോപ്പിൽ ബലവാന്മാർ ചൂഷണത്തിൽ ദുർബലരെ നിസ്സഹായരാക്കാൻ,ഇന്ത്യയിലെ ഹിന്ദുക്കൾ ചെയ്തതുപോലെ,നാണംകെട്ട രീതിയിൽ പ്രവർത്തിച്ചില്ല.അവിടെ ദുർഭലർക്ക് ശാരീരിക ആയുധമായ സൈനിക സേവനം,രാഷ്ട്രീയ ആയുധമായ ദുരിതം,ധാർമിക ആയുധമായ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.”(ജാതി ഉന്മൂലനം,2015,പേജ് 252)
വിമോചനത്തിന് സഹായമാകുന്ന ആയുധങ്ങൾ ഇന്ത്യയിൽ ഒരു വിഭാഗത്തിന് തടഞ്ഞു വെച്ചിരുന്നു.ഈ വിടവ് ഇന്നും നികത്തപ്പെടാത്ത ഒന്നായി തന്നെ നിലനിൽക്കുന്നുണ്ട്. വിദ്യ അഭ്യസിക്കാൻ അനുവാദമില്ലാതെ ജീവിച്ച ജനത വർഷങ്ങളുടെ പാരമ്പര്യവും തഴക്കവും വന്ന മനുഷ്യരോട് മത്സരിക്കുന്നു എന്നത് തന്നെ വിശാലാർഥത്തിൽ ഒരു മെറിട്ടാണ്. അവിടെയാണ് ജാതി സംവരണം എന്ന ആശയം പ്രസക്തമാകുന്നത്.
നൂറു സിംഹാസനങ്ങൾ എന്ന ജയമോഹൻ്റെ നോവലിൽ നായകൻ അഭിമുഖീകരിക്കുന്ന ചോദ്യവും ഉത്തരവും ശ്രദ്ദേയമാണ്. “നിങ്ങൾ ഓഫിസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്തു ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തുതീരുമാനമാണ് എടുക്കുക? “.ഈ ചോദ്യത്തിന് നൽകുന്ന മറുപടി ഇതാണ്, “നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ്”. അടുത്ത കാലത്ത് മധുവിന് നേരെ അരങ്ങേറിയ ആൾക്കൂട്ട കൊലപാതകം ഈ തരത്തിലാണ് അനീതിയാവുന്നത്. അയാൾ എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും.
സംവരണം സമത്വം എന്ന ആശയത്തിന് എതിരല്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വരാറുണ്ട്.പക്ഷേ ഇന്ത്യയിൽ ഇക്വാളിറ്റി എന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ഇക്വറ്റി എന്ന ആശയത്തിനാണ്.

ജാതി ഉന്മൂലനത്തിൻ്റെ അവസാന ഭാഗത്തായി, “നിങ്ങൾ ഹിന്ദുസാമൂഹിക ക്രമത്തിന്മേൽ എങ്ങനെ പരിഷ്കരണം കൊണ്ടുവരും.എങ്ങനെ ജാതി ഇല്ലാതാക്കാം” എന്നീ പ്രസക്തമായ ചോദ്യങ്ങളിലേക്ക് കടക്കുന്നു.
- ഉപജാതികൾ ഇല്ലാതാക്കുക എന്നത് പരിഹാരമല്ല, മിശ്രഭോജനവും ശാശ്വതമല്ല,പരിഹാരം മിശ്രവിവാഹമാണ്.മറ്റൊന്നും ജാതിയുടെ ലായകമായിത്തീരുന്നില്ല.
- ശാസ്ത്രങ്ങളുടെ (ഹിന്ദുമത ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ശാസ്ത്ര വിധികൾ) അടിമാവസ്ഥയിൽ നിന്ന് എല്ലാ സ്ത്രീ പുരുഷന്മാരെയും മോചിപ്പിക്കുക
- ബുദ്ധനും ഗുരുനാനാക്കും എടുത്ത നിലപാടാണ് നിങ്ങൾ സ്വീകരിക്കേണ്ടത്. ശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞാൽ മാത്രം പോര,അവയുടെ ആധികാരികതയെ നിഷേധിക്കണം.ജാതിയുടെ പവിത്രതയെ പറ്റിയുള്ള സങ്കല്പം ഊട്ടി വളർത്തിയ മതം തെറ്റാണെന്ന് പറയാൻ ധൈര്യമുണ്ടാവണം.
ഹിന്ദുമത പരിഷ്‌ക്കരണത്തിൻ്റെ ഘടകങ്ങളിൽ പ്രധാനമായി അംബേദ്ക്കർ എടുത്ത് പറയുന്നത്, പാരമ്പര്യത്തിൽ അധിഷ്ഠിതമായ പൗരോഹിത്യം അവസാനിപ്പിക്കണം എന്നാണ്.അതൊരു തൊഴിലായി കാണുകയും തൊഴിൽ പ്രാവീണ്യം ഉള്ള മതത്തിലെ ആർക്കും അതിലേക്ക് പ്രവേശിക്കാനാവുകയും ചെയ്യുമ്പോഴാണ് ഈ പദവി ഒരു ജാതി പാരമ്പര്യത്തിൻ്റെ അധികാരമാല്ലാതെ ആവുന്നത്.
1936 ജൂലൈ 11, ജൂലൈ 18- ലെയും ഹരിജൻ മാസികയിൽ ഗാന്ധി അംബേദ്കറിൻ്റെ പ്രസംഗത്തിലെ ആശയങ്ങളോട് പ്രതികരിച്ചു.അതിന് ‘ഡോ. അംബേ്ക്കറുടെ കുറ്റാരോപണം’ എന്നാണ് പേര് നൽകിയിരുന്നത്.ഗാന്ധി ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ ഒരു ആചാരമായി മാത്രം കണക്കാക്കുന്നു. ഡോ.അംബേദ്ക്കർ ഹിന്ദു മതത്തിന് വെല്ലുവിളിയാണ് എന്ന് അദ്ദേഹം പരാമർശിച്ചു.
“എൻ്റെ അഭിപ്രായത്തിൽ ഡോ.അംബേദ്ക്കർ തൻ്റെ പ്രഭാഷണത്തിൽ വരുത്തിയ പരമമായ തെറ്റ്,ആധികാരികതയും മൂല്യവും സംശയാസ്പദമായ വേദങ്ങൾ പെറുക്കിയെടുക്കുന്നു എന്നതാണ്.വിശ്വാസ മാതൃകകളായി കാണിക്കാൻ പറ്റാത്ത, വിശ്വാസത്തെ തെറ്റായി പ്രതിനിധീകരിക്കുന്ന അധപതിച്ച ഹിന്ദുക്കളുടെ അവസ്ഥകൾ അദ്ദേഹം പെറുക്കി എടുക്കുന്നു” (ഹരിജൻ,ജൂലൈ 18,1936). ഗാന്ധിയുടെ ഹിന്ദുയിസത്തെ പറ്റിയുള്ള വ്യാഖ്യാനം വ്യത്യസ്തമാണ്.
“എൻ്റെ അഭിപ്രായത്തിൽ വർണാശ്രമം ഏതെങ്കിലും സങ്കുചിതമായ താൽപര്യമല്ല വിഭാവനം ചെയ്യുന്നത്.പകരം അത് തൊഴിലാളികളായ ശൂദ്രർക്ക് ചിന്തകരായ ബ്രാഹ്മണർക്ക് തുല്യമായ പദവി നൽകുകയാണ്(യങ് ഇന്ത്യ,ആഗസ്റ്റ് 13,1925). ജാതിയിൽ ഉൾചേർന്നിരിക്കുന്ന അധികാരത്തെ തിരിച്ചറിയാനും വിമർശിക്കാനും ഗാന്ധി തയ്യാറായിരുന്നില്ല.
ലാഹോറിലെ ജാത്- പാത്- തോഡക് മണ്ഡലിലെ ശ്രീ സന്ത് റാംജി ഗാന്ധിക്കുള്ള മറുപടി നൽകുന്നുണ്ട്.
“ഹിന്ദു സമൂഹത്തിൽ പ്രായോഗിക കാര്യങ്ങളിൽ ജാതിയും വർണവും ഒന്നു തന്നെയാണ്.കാരണം രണ്ടിൻ്റെയും ധർമം ഒന്നുതന്നെ.അതായത് മിശ്രഭോജനവും മിശ്ര വിവാഹവും നിയന്ത്രിക്കുക.വർണവ്യവസ്ഥയെ പറ്റിയുള്ള അങ്ങയുടെ സിദ്ധാന്തം ഈ യുഗത്തിൽ അപ്രായോഗികമാണ്.അതിൻ്റെ അതിജീവനം സമീപ ഭാവിയിൽ അസാധ്യമാണ് താനും.പക്ഷേ ഹിന്ദുക്കൾ ജാതിയുടെ അടിമകളാണ്.അവർ ജാതി നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.അതിനാൽ താങ്കൾ സ്വന്തം വർണവ്യവസ്ഥാ മാതൃകയ്ക്ക് വേണ്ടി വാദിക്കുമ്പോൾ,അവർ ജാതിയിൽ അള്ളിപ്പിടിക്കാൻ ന്യായീകരണം കണ്ടെത്തുന്നു”(ഹരിജൻ,ആഗസ്റ്റ് 15,1936).ഗാന്ധിയുടെ വർണഭിന്നതയെ കുറിച്ചുള്ള ആശയം എങ്ങനെ സാമൂഹിക പരിഷ്കരണത്തിന് എതിരായി മാറുന്നു എന്ന് സന്ത് റാംജി വിശദീകരിക്കുന്നു.
1937-ൽ ജാതി ഉന്മൂലനത്തിൻ്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയപ്പോൾ അതിൽ ‘മഹാത്മായ്ക്കുള്ള മറുപടി ‘ എന്ന ഭാഗം കൂടി ഡോ.അംബേദ്ക്കർ കൂട്ടിച്ചേർത്തു.ഗാന്ധി ഉന്നയിച്ച വിഷയങ്ങൾക്കെളെല്ലാം അദ്ദേഹം മറുപടിയും വിശദീകരണവും നൽകി.തൻ്റെ പ്രസംഗത്തെപ്പറ്റി ഹരിജനിൽ മഹാത്മ പരാമർശം നടത്തി ആദരിച്ചതിൽ അതിയായി സന്തോഷിക്കുന്നു,എൻ്റെ എതിരാളി നിസ്സാരനോ അപ്രശസ്തനോ ആയിരുന്നെങ്കിൽ ഞാൻ അവരോട് വാദിക്കാൻ നിൽക്കുമായിരുന്നില്ല.പക്ഷേ,എൻ്റെ എതിരാളി മഹാത്മ തന്നെയാണ്.അതിനാൽ അദ്ദേഹം ഉന്നയിച്ചവയെ എതിരിടാൻ ഞാൻ ശ്രമിക്കേണ്ടതുണ്ട് എന്ന് ആരംഭത്തിൽ വ്യക്തമാക്കുന്നു.

അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന പഠനത്തിൽ അംബേദ്ക്കർ – ഗാന്ധി സംവാദത്തെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.” അംബേദ്ക്കർ – ഗാന്ധി സംവാദം ഒരു വിധത്തിലും രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ച രണ്ടുപേർ തമ്മിലുള്ള കേവല സൈദ്ധാന്തിക ചർച്ച ആയിരുന്നില്ല.ഓരോരുത്തരും തങ്ങളുടേതായ വേറിട്ട വിഭാഗത്തെയാണ് പ്രതിനിധീകരിച്ചത്.അവരുടെ പോരാട്ടം ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഹൃദയത്തിലാണ് തുറക്കപ്പെട്ടത്.അവർ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ സമകാലിക രാഷ്ട്രീയത്തിൽ വരെ അത്യധികമായ പങ്ക് വഹിക്കുന്നുണ്ട്.അവരുടെ അഭിപ്രായഭിന്നത അപരിഹാര്യമായിരുന്നു (ഇപ്പോഴും അതങ്ങനെ തന്നെ ശേഷിക്കുന്നു)” എന്ന് അരുന്ധതി റോയ് അഭിപ്രായപ്പെടുന്നു.
ഗാന്ധി അംബേദ്ക്കർ സംവാദം നിലനിൽക്കുന്നത് രാഷ്ട്രീയമോ സാമൂഹികമോ ബൗദ്ധികമോ ആയ മണ്ഡലങ്ങളിൽ മാത്രമല്ല, ധാർമിക മണ്ഡലങ്ങളിൽ കൂടിയാണ്.
1936-ൽ അംബേദ്ക്കർ ജാതി ഉന്മൂലനം എഴുതിയ കാലഘട്ടത്തിൽ നിന്നും നമ്മുടെ സമൂഹം ഏറെ പരിവർത്തനങ്ങൾ കൈവരിച്ചു.പക്ഷേ അംബേദ്ക്കർ ഉന്നയിച്ച പ്രശ്നങ്ങളെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ എങ്ങനെ പരിഹരിക്കാൻ ശ്രമിച്ചു. ആധുനിക ഇന്ത്യയുടെ രൂപം കൊള്ളലിൽ ആധുനികീകരിക്കപ്പെട്ട ജാതി ചിന്തകളും പ്രവേശിക്കുകയാണുണ്ടായത്.അതിനാൽ തന്നെ ഇന്ത്യയിൽ ‘ജാതി ഉന്മൂലനം ‘ എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അരുന്ധതി റോയ് അവതാരികയിൽ പറഞ്ഞപോലെ ” ജാതി ഉന്മൂലനം ഒരു സമാധാന ലംഘനമാകുന്നു.