സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിളയിട്ടവർക്ക്‌ മുന്നിൽ അതിർ വരമ്പിടുമ്പോൾ .


ലിജിഷ രാജൻ


വരിക വരിക സഹജരേ
സഹന സമര സമയമായി
കരളുറച്ചു കൈകൾ കോർത്തു
കാൽ നടയ്ക്കു പോക നാം

വീണ്ടുമൊരു സമര കേന്ദ്രത്തിൽ നിന്ന് അംശി നാരായണ പിള്ള രചിച്ച ഈ വരികൾ ഉയർന്ന് കേൾക്കുകയാണ്. മറ്റൊരു സ്വാതന്ത്ര്യ സമര പ്രഖ്യാപനം എന്നപോലെ. രണ്ടു മാസത്തിൽ അധികമായി രാജ്യത്തെ കർഷകർ സമരരംഗത്താണ്. ഇന്ത്യയുടെ അസ്തിത്വം നിലകൊള്ളുന്നത് കാർഷിക മേഖലയിലാണ്. കർഷകരുടെ വിയർപ്പുകൊണ്ട് അവർ ഉഴുതുമറിച്ചിട്ട മണ്ണിൽ നിന്നാണ് പുരോഗമന ഇന്ത്യയുടെ വളർച്ച തുടങ്ങുന്നത്. അവർ കൊണ്ട വെയിലിന്റെ ഫലമാണ് അന്നമായി നമ്മുടെ ഊൺ മേശയിൽ എത്തുന്നത്. എന്നാൽ ഇന്ന് ഇന്ത്യ അപ്രഖ്യാപിത കാർഷിക അടിയന്തരാവസ്ഥയിലൂടെ കടന്നുപോവുകയാണ്. മണ്ണിന്റെ അവകാശികൾ അവകാശ സംരക്ഷണത്തിനായി റോഡിലേക്കിറങ്ങിയിരിക്കുന്നു. അവഗണിക്കാൻ കഴിയാത്തവിധം കർഷക സമരങ്ങൾ അധികാരകേന്ദ്രങ്ങളെ ബാധിച്ചിരിക്കുന്നു. ഇത് വാസ്തവം തന്നെയാണ്. അതിജീവനത്തിനായി സമരം ചെയ്യുന്ന കർഷകരെ തടയാൻ ഭരണകൂടം വിന്യസിച്ച സായുധ സേനയ്ക്ക് കഴിഞ്ഞില്ല. ചേറിൽ ചവിട്ടിമെതിച്ച് വിണ്ടുകീറിയ കാലുകൾ ദില്ലിയുടെ അതിർത്തി ഭേദിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി. ശൈത്യകാലത്ത് തണുത്തുറയാതെ കർഷകരുടെ നിശ്ചയദാർഢ്യത്തിന്റെ ചൂടേറ്റ് ദില്ലി ഉണർന്നു. ഭരണഘടനാ പ്രകാരം ജനാധിപത്യം നിലകൊള്ളുന്ന രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ എത്രനാൾ അവഗണിക്കാൻ ഭരണകൂടത്തിനു സാധിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. കർഷകരുടെ സമരമായി ചുരുങ്ങാതെ ഇന്ത്യയുടെ സമരമെന്ന വിശാലതയിലേക്ക് ഇതിനകം തന്നെ കർഷക സമരങ്ങൾ മുന്നേറ്റം നടത്തിയിട്ടുണ്ട്.

എന്താണ് കാർഷിക ബിൽ

കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് സെപ്റ്റംബറിൽ നടന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മൂന്നു കാർഷിക ബില്ലുകൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. കർഷകരുടെ ഉൽപ്പാദന വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ , വില ഉറപ്പും കാർഷിക സേവനങ്ങളും സംബന്ധിച്ച് കർഷകരുടെ കരാർ( ശാക്തീകരണവും, സംരക്ഷണവും)ബിൽ, ആവശ്യ സാധന നിയമ (ഭേദഗതി)ബിൽ എന്നീ മൂന്ന് ബില്ലുകളാണ് പാർലമെന്റിൽ പാസാക്കിയത്. ഈ ബില്ലുകൾ പ്രകാരം എവിടെയാണോ കാർഷികോൽപന്നങ്ങൾ വിൽക്കാൻ സാധിക്കുക, അവിടം കമ്പോളം ആവും. വ്യാപാര മേഖല എന്ന നിർവചനത്തിൽ നിന്നും പരമ്പരാഗത ചന്തകൾ ഒഴിവാക്കപ്പെടും. നിലവിലുള്ള നിയമപ്രകാരം എ. പി.എം സി യിൽ നിന്ന് ലൈസൻസ് വാങ്ങുന്നവരാണ് വ്യാപാരികൾ. എന്നാൽ പുതിയ നിയമപ്രകാരം ഉൽപ്പാദകർ, കയറ്റുമതിക്കാർ, മൊത്തവ്യാപാരികൾ എന്നിവരെല്ലാം വ്യാപാരികളാവും. ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പുവരുത്താൻ ഈ ബില്ലുകളിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാദം. ഇടനിലക്കാരില്ലാതെ നേരിട്ട് കർഷകർക്ക് സംരംഭകരുമായി ഇടപാടു നടത്താൻ അവസരം ലഭിക്കും. ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുന്നത് തടയാൻ ഇതു സഹായിക്കുമെന്നാണ് കേന്ദ്ര ഗവൺമെന്റിന്റെ വീക്ഷണം. എന്നാൽ ഈ ബില്ലിനെതിരെ നിരവധി പ്രായോഗിക പ്രശ്നങ്ങൾ കർഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എതിർവാദം

കാർഷികവിളയുടെ മൂല്യം സംരക്ഷിച്ചു നിർത്തുന്നത് താങ്ങു വിലയാണ്.കർഷകർക്ക് അനുകൂലം എന്ന് പ്രത്യക്ഷത്തിൽ വാഗ്ദാനം ചെയ്യുന്ന ഈ ബില്ലുകൾ, നിലവിൽ വരുമ്പോൾ താങ്ങുവില സമ്പ്രദായം ഇല്ലാതാവുകയാണ്. ഇതുമൂലം കാർഷിക ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുമെന്ന ഭീതിയിലാണ് കർഷകർ. കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനമാണ് ഇതെന്നും വാദം ഉയരുന്നുണ്ട്. പരമ്പരാഗത ചന്തകൾ ഇല്ലാതാവും എന്നതാണ് മറ്റൊരു പ്രശ്നം. കാർഷിക ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ചന്തകൾ അവരുടെ സംസ്കാരത്തിന്റെ തന്നെ അഭിവാജ്യ ഘടകമാണ്. കാർഷിക ബില്ലുകൾ പ്രകാരം ഏജന്റ്മാർ എന്ന സമ്പ്രദായവും ഇല്ലാതാവും. കർഷകർക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ സംരംഭകരുമായി ബന്ധപ്പെടാൻ സാധിക്കും എന്നത് മേന്മയായി അവകാശപ്പെടുമ്പോഴും, കച്ചവട തന്ത്രങ്ങൾ അറിയുന്ന, ലാഭേച്ഛയുള്ള സംരംഭകരുമായി നേരിട്ട് ഇടപാടുകൾ നടത്തുമ്പോൾ സാധാരണക്കാരായ കർഷകർ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നതും പ്രശ്നമായി ചൂണ്ടികാണിക്കുന്നുണ്ട്. നികുതി വരുമാനം കുറയും എന്നതാണ് മറ്റൊരു വാദം. ഈ ബില്ലുകൾ പ്രാബല്യത്തിൽ വരുമ്പോൾ കർഷകർക്ക് ആശ്രയമായ കാർഷികോൽപന്ന വിപണന സമിതികൾ എ. പി.എം. സി ഇല്ലാതെയാവും എന്നതും കർഷകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കർഷകരെ അനുനയിപ്പിക്കാൻ,18000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും, ബില്ലിനോടുള്ള വിയോജിപ്പ് കർഷകർ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വേണ്ടത്ര ചർച്ച ചെയ്യാതെ, ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാതെ, ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന രാജ്യസഭയിലെ പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ പാസാക്കിയ കാർഷിക ബിൽ ജനാധിപത്യത്തെ സേച്ഛാധിപത്യം വെല്ലുവിളിക്കുന്നതിന്റെ സൂചനയായി കൂടി വിലയിരുത്തേണ്ടതുണ്ട്. വലിയൊരു വിഭാഗം കർഷകരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഭരണകൂടം. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകരെ ഖാലിസ്ഥാൻ ഭീകരവാദികൾ എന്ന് അതിക്ഷേപിച്ചാണ് സമരത്തെ നേരിട്ടത്. കാർഷിക പരിഷ്കരണ നിയമത്തിന്റെ മേന്മകൾ പറഞ്ഞ് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന നിലപാടാണ് കർഷക പ്രതിഷേധങ്ങൾ ക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ചത്.അടിസ്ഥാന വിഭാഗമായ കർഷകരുടെ ആത്മഹത്യകളും കർഷക പ്രക്ഷോഭങ്ങളും പരിഗണിക്കപ്പെടാതെ, എങ്ങനെ ഇന്ത്യപോലൊരു മൂന്നാം ലോക രാഷ്ട്രത്തിന് മുന്നേറാൻ സാധിക്കും എന്ന ചോദ്യം ഉത്തരത്തിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…