സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

‘ഖെദ്ദ’ = കെണി

നവീന പുതിയോട്ടിൽ

പ്രിയപ്പെട്ട സുഹൃത്തും സംവിധായകനുമായ മനോജ് കാനയുടെ പുതിയ ചിത്രമായ’ഖെദ്ദ’ കോഴിക്കോട് കൈരളി തിയ്യേറ്ററിൽ വെച്ച് ഫസ്റ്റ് ഷോയ്ക്ക് ആദ്യം തന്നെ എത്തി കയറിക്കണ്ടു.

ഇത്രമേൽ ആനുകാലിക പ്രസക്തിയുടെ മറ്റൊരു ചിത്രം ഇടക്കാലത്ത് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.നിലനിൽക്കേ തന്നെ ശിഥിലമാക്കപ്പെട്ട കുടുംബ ബന്ധങ്ങളും അതിനകത്തെ താളപ്പിഴകളും നിലവിലെ ജീവിത സാഹചര്യങ്ങളെ എത്രമേൽ ഉടച്ച് കളയുന്നു എന്ന് അന്താളിപ്പോലെ സ്ക്രീനിൽ കണ്ടിരിക്കേണ്ടിവരുമ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എന്തിനേറെപ്പറയുന്നു തൊട്ടയൽപക്കത്ത് പോലും സർവ്വസാധാരണമാകുന്ന ജീവിതങ്ങളുടെ നേർക്കാഴ്ചകൾ തന്നെ അല്ലെ ഇതെന്ന് ഓർത്ത് വിതുമ്പിപ്പോവുകയാണ്. ഏത് നിമിഷത്തിലും നമ്മിലാർക്കും ഒരു നേരത്തെ സെൻസിറ്റീവ് സാഹചര്യം കൊണ്ട് സംഭവിച്ചുകൂടായ്കയില്ല എന്ന് പോലും തോന്നിപ്പോകുന്ന അൺപ്രഡിക്ടബിൾ മനോവ്യാപാരങ്ങൾ.
പിഴവുകളിൽ നിന്ന് പിഴവുകളിലേക്ക് അറിയാതെ വഴുതിപ്പോക്കുന്ന അശാന്ത പെൺജീവിതത്തെ എത്രമേൽ ആഴത്തിലാണ് സംവിധായകൻ വരച്ച് ചേർക്കുന്നത്.നിരാലംബകളായ സ്ത്രീകൾക്ക് മാത്രമല്ല ജീവിത്തിലെ പ്രതിസന്ധിഘട്ടങ്ങളോട് പൊരുതി ജീവിക്കുന്ന ഏതൊരാൾക്കും സംഭവിക്കാകുന്ന അപകടങ്ങളാണ് ഇവിടെയും സംഭിച്ചത്.കൗമാര ചാപല്യങ്ങളുടെ സർവ്വസാധാരണമായ കാഴ്ചകളിലൂടെ കഥ പ്രയാണം ചെയ്യുന്നത്. കാര്യപ്രാപ്തിയും പക്വതയും കുടുംബ പ്രാരാബ്ധങ്ങളും മാതൃത്വവുമുള്ള ഒരു സ്ത്രീയ്ക്കും ഇത് സംഭവിച്ച് കൂടായ്കയില്ല എന്ന് സിനിമ പറഞ്ഞ് തരുന്നു. നെടുന്തൂണ് ബലമില്ലാത്ത കുടുംബത്തിനകത്തെ സ്ത്രീ നേരിടുന്ന സങ്കർഷങ്ങൾ, ഏകാന്തത, വീർപ്പുമുട്ടൽ,വിഷാദം, പ്രതീക്ഷ, സ്വപ്നങ്ങൾ, അങ്കലാപ്പുകൾ, തകർച്ച എല്ലാം അടുക്കി അടുക്കി ചിത്രീകരിക്കപ്പെടുന്ന കഥയാണ് സിനിമയുടെ പ്രമേയം. സോഷ്യൽ മീഡിയയുടെ വ്യാപനവും അതിൻ്റെ ദുർവിനിയോഗവും അനന്തരദുരന്തങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും സിനിമ ഓർമ്മപ്പെടുത്തുന്നു.
‘സവിത’എന്ന അമ്മ കഥാപാത്രത്തെ നടി ആശ ശരത്ത് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.മകൾ മകളായും വേഷമിട്ട ചിത്രത്തിൽ ഗൃഹാതുരതയുടെ ചേലിലൂന്നിയ അച്ഛനും അമ്മയും മകളും അടങ്ങുന്ന സാധാരണ ജീവിതാന്തരീക്ഷം കാണിച്ച് തന്നു കൊണ്ട് തന്നെ മദ്യപാനിയായ ഒരു കുടുംബസ്ഥൻ്റെ ഉത്തരവാദിത്തശൂന്യത കൊണ്ട് ഒരു കുടുംബത്തിനകത്ത് എന്തെല്ലാം അസ്വാരസ്യങ്ങളാണ് സംഭവിക്കുന്നത് എന്നതിവിടെ നേർക്കാഴ്ചയാകുന്നു.സുദേവ് നായർ അവതരിപ്പിച്ച ‘അഖിൽ’ എന്ന പുതിയ കാലത്തെ കപട സഞ്ചാരിയായ ആണിൻ്റെ വേഷവും ശ്രദ്ധേയം. അയാൾ ദുശീലങ്ങളുടെ ചതിയുടെ സർവ്വനാശത്തിൻ്റെ ആൾ രൂപമായി നിലകൊള്ളുന്നു.മദ്യവും മയക്കുമരുന്നും സമൂഹത്തിനുണ്ടാക്കുന്ന വിപത്ത് ആണ് ആ ചെറുപ്പക്കാരനിലൂടെ നാം കാണുന്നത്. ഒറ്റയ്ക്ക് ഒരു മകളെ വളർത്തിയെടുകുന്ന ഒരമ്മയെ കണ്ട് വരുന്ന നാം അതേ ഉടലിൽ കുടികൊള്ളുന്ന സാധാരണ ഒരു പെണ്ണിനേയും അവളുടെ ചേതോവികാരങ്ങളേയും അടിതെറ്റലുകളേയും കാണേണ്ടിവരുന്ന ദാരുണ സാഹചര്യമാണ് ഉണ്ടായിത്തീരുന്നത്.ഭാര്യയ്ക്കും, അമ്മയ്ക്കും അപ്പുറത്ത് സ്നേഹത്തിനായ്, സംരക്ഷണത്തിനായി, ലാളനയ്ക്കായി ദാഹിക്കുന്ന ഒരു കാമുകിയുടെ പരിവേഷം കൂടി സവിത ( ആശ ശരത്ത് ) കാണിച്ച് തരുന്നു. മനസ്സിൻ്റെ താളം തെറ്റുമ്പോൾ മനുഷ്യർ രക്തബന്ധം മറന്ന് സ്വാർത്ഥരായിത്തീരുന്ന ഭീതിതമായ സാഹചര്യവും മനസ്സ് നുറുക്കുന്നു. കാര്യങ്ങൾ തെളിവോടെ കൺമുൻപിലെത്തുമ്പോൾ യാഥാർത്ഥ്യബോധത്തിലെത്തുന്ന സാഹചര്യത്തിൽ പ്രാണനെ കൊന്നുകളഞ്ഞ വേദനയിൽ സ്വന്തം മകളെ താൻ തീർത്തുകഞ്ഞതോർത്ത് ആ അമ്മ ബോധാബോധങ്ങളിൽപ്പെട്ട് ഉഴറി വീട്ടിനുള്ളിൽ പരക്കം പാഞ്ഞ് തകരുന്നു. സിനിമയിലുടനീളം ‘എലിപ്പത്തായം’ ഓർമ്മപ്പെടുത്തിക്കൊണ്ട് എലിപ്പേടിയും നിറഞ്ഞ് നിൽക്കുന്നു.കെണയും ഭയവും മുഖമുദ്രയാക്കി എലികളുടെ പാച്ചിലിലും ബഹളത്തിലും സിനിമ ചെന്നവസാനിക്കുമ്പോൾ നിറകണ്ണുകൾ തുടച്ച് പ്രേക്ഷരിൽ ഒരാളായ ഞാനും കുടുംബവും സമൂഹവും ഇഴചേർന്ന് നിൽക്കുന്ന പിടഞ്ഞോട്ടങ്ങളിൽ, എലിപ്പേടിയിൽ തിയേറ്ററിൻ്റെ പടിയിറങ്ങുന്നു.
ഉയർന്ന നിലവാരം പുലർത്തുന്ന ഗദ്ദയ്ക്ക് എല്ലാ വിധ ആശംസകളും. ചിത്രത്തിൽ അങ്കൻവാടി ആയയുടെ വേഷമിട്ട ജോളി ചിറയത്തിനും സ്കൂൾ ടീച്ചറായി വേഷമിട്ട സുഹൃത്ത് കബനിയ്ക്കും, പ്രിയേഷിനും ഇതര അഭിനേതാക്കൾക്കും ആശംസകൾ. വീണ്ടും ഇതുപോലെ കഴമ്പുള്ള ചിത്രങ്ങൾ നമുക്കായി സമ്മാനിക്കാൻ മനോജ് കാനയ്ക്കും കഴിയട്ടെ.
ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…