
ആർത്തവത്തെ വെറുമൊരു ജീവശാസ്ത്രപരമായ പ്രക്രിയയായി കാണുന്നതിന് പകരം, അവ എങ്ങനെ ഒരു സ്ത്രീയുടെ സാമൂഹിക ജീവിതത്തെ ബാധിക്കുമെന്ന് അടയാളപ്പെടുത്തിയ സിനിമയാണ് മനോജ് കാന സംവിധാനം ചെയ്ത ചായില്യം. ആർത്തവത്തിന്റെ നിരവധി തലങ്ങളെപ്പറ്റി കൃത്യമായി ചർച്ചചെയ്യുന്ന ഈ സിനിമ വിധവയായ ഗൗരിയുടെ ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്. ഉത്തര മലബാറിലെ ഒരു പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന സിനിമയിൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തിന്മേലുള്ള അധികാരത്തെയും (Agency) അവ എങ്ങനെ സമൂഹം ഇല്ലാതാക്കുന്നുവെന്നും ഗൗരവമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ ചെറുകുന്നിനടുത്തുളള തെക്കുമ്പാട് കൂലോത്ത് നടന്നു വരുന്ന ദേവക്കൂത്ത് എന്ന, സ്ത്രീകൾ മാത്രം കെട്ടിയാടുന്ന ഏക തെയ്യക്കോലത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഗൗരിയുടെ കഥ പറയുംമുൻപ് ദേവക്കൂത്തിന്റെ ഐതീഹ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ദേവലോകത്തുനിന്ന് അപൂർവമായ പൂക്കൾ ശേഖരിക്കാനായി ഭൂമിയിൽ എത്തിയ ദേവസുന്ദരികളിൽ ഒരാൾ തിരിച്ചു ദേവലോകത്തേക്ക് പോകാനാവാതെ കാട്ടിലകപ്പെടുന്നു. ഇതുകണ്ട അവിടുത്തെ വള്ളുവക്കുറുപ്പന്മാർ അവളെ രക്ഷപ്പെടുത്തി കുടിലുകെട്ടി പാർപ്പിച്ചു. അവിടെയിരുന്ന് നാരദ മഹർഷിയെ പ്രാർത്ഥിച്ചു പ്രത്യക്ഷനാക്കുകയും നാരദ മഹർഷി അവളെ തിരുവസ്ത്രം അണിയിപ്പിച്ചു തോണിയിൽ പുഴ കടത്തി ദേവലോകത്തേക്ക് യാത്രയാക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ സ്മരണാർത്ഥമാണ് രണ്ടു വർഷത്തിലൊരിക്കൽ സ്ത്രീകൾ തെയ്യം കെട്ടിയാടുന്നത്.
നാട്ടിലെ ആചാരങ്ങൾക്ക് ഭംഗം വരുത്തിയതിനാൽ കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച ഗൗരിയും കണ്ണനും ഒളിച്ചോടി വിവാഹിതരാവുന്നു. എന്നാൽ 9 വർഷത്തെ അസുഖകരമായ ദാമ്പത്യത്തിനൊടുവിൽ കണ്ണൻ മരണപ്പെടുകയും, ഗൗരിയെ കണ്ണന്റെ അച്ഛൻ, പെരുവണ്ണാൻ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഇതേതുടർന്ന് നാട്ടിലും സമുദായാംഗങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ ഉടലെടുക്കുമ്പോഴാണ് ഗൗരിയിൽ ചില മാറ്റങ്ങൾ പ്രകടമാവുന്നതും നാട്ടുകാർ ചേർന്ന് അവളെ ദൈവത്തിന്റെ പ്രതിരൂപമായി അവരോധിക്കുകയും ചെയ്യുന്നു. തന്റെ ഇഷ്ടമോ താത്പര്യമോ പരിഗണിക്കാതെ എടുത്ത ഈ തീരുമാനത്തിനെതിരെ ചെറുത്തു നിൽക്കാൻ ഗൗരി ശ്രമിക്കുന്നുണ്ടെങ്കിലും ഗത്യന്തരമില്ലാതെ വഴങ്ങേണ്ടി വരുന്നു. ആർത്തവം നിലച്ചതുൾപ്പെടെയുള്ള മാറ്റങ്ങൾ മാനസികമായേറ്റ ആഘാതത്തിന്റെ പരിണിതഫലങ്ങളാണെന്നു സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും പെരുവണ്ണാൻ ഒഴികെയുള്ള മറ്റാരും അത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല.
41 ദിവസം വൃതമെടുത്തു കൂലോത്തേക്ക് പോകേണ്ടി വരുന്ന ഗൗരി, മകനെ ഉപേക്ഷിക്കുന്നതുൾപ്പെടെയുള്ള അനേകം വൈകാരികമായ പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്നതായാണ് പിന്നീട് സിനിമയിൽ കാണിക്കുന്നത്.
വൈദ്യൻ കൂടെയായ പെരുവണ്ണാൻറെ ചികിത്സയുടെ ഫലമായി ഗൗരിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുകയും വൃതത്തിലിരിക്കെ തന്നെ അവൾ വീണ്ടും ഋതുമതിയാവുകയും ചെയ്യുന്നു. പരിഭ്രമിച്ചിരിക്കുന്ന ഗൗരിയെ രക്ഷിക്കാനായി അവളുടെ പത്തു വയസു പ്രായമുള്ള മകൻ വരികയും ഇരുവരും രഹസ്യമായി പുഴകടന്നു നാട്ടിൽ നിന്നു രക്ഷപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ആർത്തവത്തെ സ്ത്രീകളുടെ മാത്രം പ്രശ്നമായി അവതരിപ്പിക്കുന്ന മറ്റനേകം ആവിഷ്കാരങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമായ നിലപാടാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് പെരുവണ്ണാന്റെ കഥാപാത്രം. തന്റെ മരുമകളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഉത്തരവാദിത്വപരമായ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഗൗരി മകനോടൊപ്പം രക്ഷപ്പെടുന്നത് കാണുന്ന അയാളുടെ മുഖത്ത് ആചാരം മുടങ്ങിയതിലുള്ള ദേഷ്യമോ പകയോ ഇല്ല, പകരം അവൾ രക്ഷപ്പെട്ടത്തിന്റെ ആശ്വാസമാണ് കാണാൻ സാധിക്കുക. ആർത്തവ സംബന്ധമായ ചർച്ചകളിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിരവധി സംവാദങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ എട്ടു വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ സിനിമ ഏറെ പ്രസക്തമാണ്.
ഫെമിനിസത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ചചെയ്യുന്നതാണ് ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൻമേലുള്ള അവകാശം. എന്നാൽ അതിലുപരി മതപരമായ ആചാരങ്ങൾ, എങ്ങനെ അവയെ നിയന്ത്രിക്കുകയും വരുതിയിലാക്കുകയും ചെയ്യുന്നുവെന്ന് ഈ സിനിമ പറയുന്നുണ്ട്. തനിക്ക് യാതൊരു ദൈവീക പരിവേഷവും വേണ്ടായെന്നും, സാധാരണക്കാരിയായി ജീവിച്ചാൽ മതിയെന്നുമുള്ള ഗൗരിയുടെ അപേക്ഷകൾ കൈക്കൊള്ളാൻ പെരുവണ്ണാനൊഴികെയുള്ള ആരുതന്നെ തയ്യാറാവുന്നല്ല. മറ്റു പലരും ദൈവീക സിദ്ധി ലഭിച്ചത് അനുഗ്രഹമായി കരുതുന്നുണ്ടെങ്കിലും ഗൗരി അതിനു തയ്യാറാവുന്നില്ല. തന്റെ മാറ്റങ്ങളെല്ലാം തന്നെ മാനസിക അസ്വാസ്ഥ്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഗൗരി പഴയ തലമുറയുടെ നീതികേടുകളോട് സധൈര്യം സമരം ചെയ്യുന്നുണ്ട്.
മാനസികാരോഗ്യവും ആർത്തവവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സിനിമ പറഞ്ഞു വെക്കുന്ന മറ്റൊരു പ്രധാന വിഷയം. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ മാനസിക സംഘർഷത്തിലൂടെ കടന്നു പോയ ആളാണ് ഗൗരി. വിവാഹ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും, കുടുംബത്തിന്റെ ഒറ്റപ്പെടുത്താലും എല്ലാം അവളുടെ മാനസിക വിഭ്രാന്തിക്കും, ആർത്തവം നിലക്കുന്നതിനും കാരണമായി. എന്നാൽ അത് തിരിച്ചറിഞ്ഞു ചികിത്സ നേടാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും ഗൗരി ആഗ്രഹിക്കുന്നു. ഗൗരി ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിലൂടെയാണ് ഗൗരിയുടെ വിവാഹ ജീവിതത്തെപ്പറ്റി പ്രേക്ഷകന് മനസ്സിലാവുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ മാത്രം നിറഞ്ഞ ദുഃസ്വപ്നങ്ങൾ മാത്രം കണ്ടുകൊണ്ടിരുന്നിടത്ത്, അവരുടെ ജീവിതത്തിന്റെ സുരഭില നിമിഷങ്ങൾ അവൾ സ്വപ്നങ്ങളായി കാണാൻ തുടങ്ങുമ്പോഴാണ് അവളിൽ ആർത്തവം പുനരാരംഭിക്കുന്നത്.
അച്ഛൻ നഷ്ടപ്പെട്ട, അമ്മയെ നഷ്ടപ്പെടാൻ പോകുന്ന മകന്റെ വേദന വളരെ കൃത്യമായി അവതരിപ്പിക്കാൻ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ദേവക്കൂത്തിന്റെ ഐതിഹ്യത്തിൽ പ്രതിപാദിച്ചത് പ്രകാരം ദേവസ്ത്രീയെ രക്ഷിക്കാനെത്തിയ നാരദനെപോലെയാണ് മകൻ ഗൗരിക്ക് രക്ഷയായി എത്തുന്നതും, കഥയിലെപോലെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുന്നതും.
നിസ്സഹായയായ ഒരു യുവതിയുടെ സാമൂഹിക സാഹചര്യങ്ങളോടുള്ള ചെറുത്തുനിൽപ്പും പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. സമൂഹത്തിന്റെ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതിയ ഈ സിനിമ ഓരോ പ്രേക്ഷക മനസിലും ചിന്തയുടെ കനൽ വിതറിയാണ് അവസാനിക്കുന്നത്.