
എനിക്കേറ്റവും ഇഷ്ടപെട്ട മോഹൻലാൽ സിനിമ ഏതെന്നു ചോദിച്ചാൽ ഞാൻ പറയും അതു “ദശരഥം” ആണെന്ന്.
അതിലെ രാജീവ് മേനോൻ, എന്നെ കൊതിക്കുകയും വെറുപ്പിക്കുകയും ചെയ്യും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും ജീവിതത്തെ കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പണത്തിന്റെ മൂല്യത്തെ പറ്റിയും ചില നേരങ്ങളിലെ “വില” ഇല്ലായ്‌മയെ കുറിച്ചും ക്ലാസുകൾ എടുക്കും.
ജീവിതത്തിലെ ഒരു വലിയ തത്വം എന്നെ പഠിപ്പിച്ചത് ലാലേട്ടന്റെ ഈ രാജീവ് മേനോനാണ്. ലാലേട്ടനു മാത്രം കഴിയുന്ന ഒരു പെർഫെക്റ്റ് മദ്യപാന ചുവയിൽ അന്ന് രാജീവ് മേനോൻ പറഞ്ഞത്, ജീവിതം എന്താണെന്ന് പഠിക്കാനിറങ്ങിയ ഒരു എട്ടാം ക്ലാസുകാരനെ വല്ലാണ്ട് സ്വാധീനിച്ചു.
“… ലൈഫ് എന്റെയാണ്, എന്റെ മാത്രം. ഞാനത് അലമാരയിൽ വെച്ച് പൂട്ടും, ചില്ലു പാത്രം പോലെ എറിഞ്ഞുടക്കും, റബ്ബർ പന്തുപോലെ തട്ടിക്കളിക്കും, ചപ്പാത്തി പൊലിട്ടു പരത്തും, ദോശ പോലെ ചുട്ടു തിന്നും !!!”
ലോഹിതദാസ് എന്ന അനുഗ്രഹീത എഴുത്തുകാരൻ എഴുതിയതാണ് അത് എന്നൊക്കെ ഞാൻ മനസിലാക്കുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. പക്ഷേ, ഇന്നും ഞാനാ സീനുകൾ വീണ്ടും വീണ്ടും കാണാറുണ്ട്. ഓരോതവണ കാണുമ്പോഴും ഞാൻ ആലോചിക്കും മോഹൻലാൽ അല്ലാതെ ഈ ഡയലോഗ് ആരെങ്കിലും പറഞ്ഞാൽ ശെരിയാവുമോ.
പലരേയും ഞാൻ സങ്കൽപ്പിച്ചു നോക്കി. എന്നാലും ഒരു കറുത്ത കോട്ടിട്ട്, ഒരു തുറന്ന ജീപ്പിൽ മദ്യപിച്ചു ലക്കുകെട്ട് , വണ്ടി തിരിക്കുന്ന ആ രാജീവ് മേനോനു പകരം വെക്കാൻ ഇനിയൊരു ജന്മം ജനിക്കേണ്ടിയിരിക്കുന്നു, മോനെ ദിനേശാ …. എന്നെപ്പോഴും എന്റെ ഉള്ളിലിരുന്നൊരു മോഹൻലാൽ ഫാൻ പറയും. ഞാൻ അതങ്ങീകരിക്കും.
വീണ്ടും ഇടക്കാ സീൻ കാണും.
അത് പോലെ തന്നെ യാണ് “ദശരഥത്തിന്റെ” ക്ലൈമാക്സിൽ മുരളിയേയും രേഖയേയും യാത്രയാക്കുന്ന സീൻ…
അതും കഴിഞ്ഞു;
“എല്ലാ അമ്മമാരും ആനിയെപ്പോലെയാണോ…
….
……
……. ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാവോ …”
മോഹൻലാലിന്റെ നഖവും വിരലുകളും രോമങ്ങളും ഒക്കെ ആ സീനിൽ ഒരുമിച്ചഭിനയിക്കുന്നതു കാണാം. എത്ര തവണ കണ്ടാലും യാതൊരു മടുപ്പുമില്ലാതെ ഈ സീൻ നിങ്ങള്ക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് കഴിഞ്ഞും രാജീവ് മേനോനും ആ ബി ജി എമ്മും നിങ്ങളുടെ കൂടെ പോരുന്നുണ്ടെങ്കിൽ ….
പ്രതിഭകളുടെ കയ്യൊപ്പു ചാർത്തിയ ആ സീനും ആ സിനിമയും അല്ലേ മികച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാമത്തെ ബ്ലോക്കിലെ ടി വി റൂമിൽ വെച്ച്, ആളൊഴിഞ്ഞ ഒരു ഞായറാഴ്‍ച്ച, ചോറും മത്തി പൊരിച്ചതും കഴിച്ചു, നീട്ടി ഒരേമ്പക്കവും വിട്ടു വന്നിരുന്നു, റിമോട്ടിൽ ചാനലുകൾ മാറ്റികൊണ്ടിരുന്നപ്പോഴാണ് ആദ്യമായി “മാതു പണ്ടാരത്തെ” കാണുന്നത്. “പാദമുദ്ര” എന്ന സിനിമയെ കുറിച്ച് അതുവരെ വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.
സംസാരത്തിലും ചിരിയിലും മെയ്‌വഴക്കത്തിലും മയിലെണ്ണയിട്ട് തിരുമ്മി വാർത്തെടുത്ത “മാതു പണ്ടാരമായും ” , ഒളിസേവയിൽ പിറന്ന പുത്രനായി, എന്നാൽ പിതാവാരാണെന്നു പറയാതെ പറയുന്ന മുഖത്തെ മായാത്ത മറുകുമായി, അപകർഷതാബോധവുമായി ജീവിക്കുന്ന “സോപ്പ് കുട്ടപ്പൻ ” ആയും മോഹൻ ലാൽ അഴിഞ്ഞാടുകയായിരുന്നു. മാതു പണ്ടാരമാവാനും ഇനിയുമൊരാൾ ജനിക്കേണ്ടിയിരിക്കുന്നു.
പ്ലസ് ടു കഴിഞ്ഞു, എൻട്രൻസിന് തയ്യാറെടുക്കുന്ന സമയത്തെ കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ കേരളത്തിലെ ഒരു വലിയ ഭാഗം ജനങ്ങളോടൊപ്പം ഞാനും മോഹൻലാലിന് അവാർഡ് കൊടുത്തതിനെ കുറിച്ച് , കലാഭവൻ മണിക്ക് അവാർഡ് കിട്ടാത്തതിനെ കുറിച്ച് പരിഭവിച്ചു. കാരണം വാസന്തിയും ലക്ഷ്മിയും എല്ലാവരും കണ്ടിരുന്നു. “വാനപ്രസ്ഥം ” ഞാനോ മറ്റു വിമർശകരോ കണ്ടിരുന്നതുമില്ല.
കഥകളി വേഷം ഇട്ടതു കൊണ്ടും ഷാജി എൻ കരുണിന്റെ പടമായതുകൊണ്ടും അവാർഡ് കിട്ടി എന്ന് എല്ലാവരും പാടി നടന്നു.
അങ്ങനെ എൻട്രൻസൊക്കെ ചാടിക്കടന്ന്, മെഡിക്കൽ കോളേജിലെത്തി. ആളും ആരവവും ഇല്ലാത്തൊരു ദിവസം ടി വി യിൽ “വാനപ്രസ്ഥം” കണ്ടു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ആയി മോഹൻലാൽ എന്ന നടൻ ജീവിക്കുന്നത് കണ്ടു. കഥകളിയുടെ പച്ചയും കറുപ്പുമില്ലാത്ത സമയങ്ങളിൽ വേഷങ്ങൾ അഴിച്ചു വെച്ച കുഞ്ഞികുട്ടനാവാൻ ഇനിയുമൊരാൾ ജനിക്കേണ്ടിയിരിക്കുന്നു. മോഹൻലാലിനെ അവിടെ ഞാൻ കണ്ടില്ല. അയാളുടെ കണ്ണും മുടിയും രോമങ്ങളും കുഞ്ഞികുട്ടന്റേത് മാത്രമായിരുന്നു. ആ സിനിമയെ കുറിച്ച് മാത്രമായി ഒരിക്കൽ എഴുതണം എന്ന് വിചാരിച്ചതാണ്.
ഇനിയുമുണ്ട് അവതാരങ്ങൾ. മംഗലശ്ശേരി നീലകണ്ഠനും വിൻസന്റ് ഗോമസും ജഗന്നാഥനും ഇന്ദുചൂഢനും ആടുതോമയും ….
സേതുമാധവനും ചേട്ടച്ഛനും സത്യനാഥനും ഗോപാലകൃഷ്ണപ്പണിക്കരും …
മാണിക്യനും ജയകൃഷ്ണും ….
“…ജീവിക്കാൻ ഇപ്പോൾ ഒരാഗ്രഹം തോന്നുന്നു ….
എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ …”
എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന വിഷ്ണുവിനെ എങ്ങനെ ഇഷ്ടപെടാതിരിക്കും അല്ലേ.
സേതുമാധവനും രാമനാഥനും ഒരു നോവായി നിങ്ങളെ കണ്ണീരണിയിക്കുന്നുവെങ്കിൽ നിങ്ങളറിയുക, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഉള്ളിലും ഒരു മോഹൻലാൽ ആരാധകൻ ഉണ്ടെന്ന്.
മോഹൻലാലിനെ പോലെ പ്രണയിക്കാൻ കൊതിച്ചവർ, മോഹൻലാലിലെ കാമുകനെ, ഭർത്താവിനെ കൊതിച്ചവർ …
ആ കണ്ണുകളിലെ കുസൃതികളും ചിരികളിലെ കൗതുകങ്ങളും കണ്ടു കയ്യടിച്ചവർ…
അത് പോലൊരു മകനെ, സുഹൃത്തിനെ ആഗ്രഹിച്ചവർ …
ഉള്ളടക്കവും അമൃതംഗമയയും നിർണ്ണയവും കണ്ടു ഡോക്ടർമാർ ആയവർ …
ആടുതോമയെ പോലെ മീശപിരിച്ചവർ …
മംഗലശ്ശേരി നീലകണ്ഠനെ പോലെ മുണ്ടുടുത്തവർ …
അവരെയാണ് ഞാൻ “മലയാളികൾ ” എന്ന് വിളിക്കുന്നത്.
ഒന്നെനിക്കറിയാം സിനിമ കാണാത്ത മലയാളിയുടെ ഉള്ളിൽ പോലും ഒരു മോഹൻലാൽ ആരാധകൻ ഒളിച്ചിരിപ്പുണ്ട്.
നബി: മോഹൻലാലിനെ ഇഷ്ടപെടുന്ന പോലെ ഞാൻ മമ്മൂട്ടിയേയും ഇഷ്ടപെടുന്നു. അവർ രണ്ടുപേരും പരസ്പര പൂരകങ്ങൾ ആയി, എന്റെ കാലത്ത് … ഞങ്ങളുടെ കാലത്ത് ഇല്ലായിരുന്നെങ്കിൽ … ജീവിതം എത്രത്തോളം ബോറാവുമായിരുന്നു.
അൽപാച്ചിനോയെ തേടി, മെർലിൻ ബ്രാൻഡോയെ തേടി നിങ്ങൾ വെറുതെ അലയേണ്ടതില്ല. അവർ ഇവിടൊക്കെ തന്നെയുണ്ട്. പലപ്പോഴും അവരേക്കാൾ ഒരു മുഴം മുൻപിൽ … അഭിനയ കലയുടെ സർവ്വകലാശാലകളും തമ്പുരാക്കന്മാരുമായി.