സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വൈറസും മനുഷ്യരാശിയും; സിനിമാക്കണ്ണുകളിലൂടെ

ശ്രീദ യു.എം


രണ്ട് ശതാബ്ദങ്ങള്‍ കൊണ്ട് ശാസ്ത്രസാങ്കേതികവിദ്യയിലൂടെ ലോകത്തിന്റെ ഗതി മുഴുവന്‍ മാറ്റിമറിച്ച ഹോമോ സേപ്പിയന്‍സിനെ വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് കൈപ്പിടിയിലൊതുക്കിയ കോവിഡ്-19  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യജീവിതങ്ങളില്‍ ചെലുത്തിയത് അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ്. നിരവധി പ്രകൃതിദുരന്തങ്ങളും രണ്ട് ലോകമഹായുദ്ധങ്ങളും, സാമ്പത്തികത്തകര്‍ച്ചയും എന്തിന്, പകര്‍ച്ചവ്യാധികള്‍ തന്നെയായ ബ്ലാക്ക് പ്ലേഗ്, സ്പാനിഷ് ഫ്‌ലൂ തുടങ്ങിയവയിലൂടെയൊക്കെയും ലോകം കടന്നുവന്നിട്ടും ഈ മോഡേണ്‍ യുഗത്തില്‍ മനുഷ്യര്‍ പതറിപ്പോകുന്നത് അത്യധികം ഗൗരവമുള്ളൊരു കാര്യമാണ്.  മനുഷ്യജീവിതത്തിന്റെ അവ്യക്തമായൊരു പ്രതിഫലനമായി കണക്കാക്കപ്പെടുന്ന സിനിമയെന്ന മാധ്യമത്തിലും ഈ വിഷയത്തില്‍ ധാരാളം സൃഷ്ടികളുണ്ടായിട്ടുണ്ട്.

William Dieterle

കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ വൈറസ് വ്യാപനം പ്രമേയമാക്കി നിര്‍മ്മിച്ച ചില വ്യത്യസ്തങ്ങളായ ചലച്ചിത്രങ്ങള്‍ വര്‍ത്തമാനകാലത്ത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. സിനിമയെന്ന കല വളര്‍ന്നുവന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ വൈറോളജിക്കും മൈക്രോബയോളജിക്കും  സമാന്തരമായിട്ടാണ്. ഒരേ നൂറ്റാണ്ടിലെ സുപ്രധാനങ്ങളായ കണ്ടുപിടിത്തങ്ങളാണ് രണ്ടും. ആന്റിബയോട്ടിക്കുകളും ചലിക്കുന്ന ചിത്രങ്ങളും ഒരേ സുവര്‍ണ്ണകാലം അവകാശപ്പെടാനുള്ളവയാണ്. എച്ച്. ഐ. വി. ഭീതി സൃഷ്ടിച്ചതും വി.സി.ആര്‍ തരംഗമായതും എണ്‍പതുകളിലാണ്. മോളിക്ക്യുലാര്‍ ജനറ്റിക്സും ഡിജിറ്റല്‍ റെവല്യൂഷനും നിര്‍വചിക്കപ്പെട്ട ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ, പ്രതീക്ഷായോടെയാണ് അന്ന് ശാസ്ത്രവും സിനിമയും നോക്കിക്കണ്ടത്. സിനിമാലോകം വൈദ്യശാസ്ത്രത്തിനെ ഏറ്റവും അഭിനിവേശത്തോടെ വീക്ഷിച്ചത് പകര്‍ച്ചവ്യാധികളും വൈറസ് വ്യാപനവും പ്രമേയമാക്കി സിനിമകള്‍ വന്നുതുടങ്ങിയപ്പോഴാണ്. അന്ന് പ്രേക്ഷകരില്‍ കൗതുകം സൃഷ്ടിച്ച അജ്ഞാതവും വിചിത്രവുമായ വൈറസ് രോഗസംക്രമം ഇന്ന് കണ്‍മുന്നില്‍ കാണുന്ന സത്യമായി.  

സ്പാനിഷ് ഫ്‌ലൂ പടര്‍ന്നുപിടിച്ചത് 1918 ലാണെങ്കിലും അതിനുശേഷം പുറത്തിറങ്ങിയ സിനിമകള്‍ ജനങ്ങള്‍ സ്വീകരിച്ചത് അത്ഭുതത്തോടുകൂടിയാണ്. ആന്ത്രാക്സ് വൈറസിനെതിരെയുള്ള വാക്സിനേഷന്‍ കൊണ്ടുവന്ന ലൂയി പാസ്റ്ററുടെ പരിശ്രമങ്ങളുടെ കഥ പറഞ്ഞ ‘ദ സ്റ്റോറി ഓഫ് ലൂയി പാസ്റ്റര്‍’ (1935) തിയേറ്ററുകളിലും അതുപോലെ കലാപരമായും വിജയം നേടിയ സിനിമയായിരുന്നു. ഇതിന്റെ സംവിധായകനായ വില്യം ഡീറ്റര്‍ലെയുടെ തന്നെ  ‘ ഡോ. ഏര്‍ളിഷ്സ് മാജിക് ബുള്ളറ്റ്’ (1940), മൌറിസ് ക്ലോഷെയുടെ ‘ഡോക്ടര്‍ ലേനെക്’ (1949) തുടങ്ങിയ സിനിമകള്‍ സിഫിലിസിനും ക്ഷയത്തിനുമെതിരെയുള്ള പോരാട്ടങ്ങളെ പ്രതിപാദിച്ചു.

മദ്ധ്യകാലത്തെ ബ്ലാക്ക് പ്ലേഗിനെയും സ്പാനിഷ് ഫ്‌ലൂവിനെയും താരതമ്യം ചെയ്ത  ‘ഇന്‍ഫ്‌ലുവെന്‍സാ’  ‘1918’  (1998) പബ്ലിക് ബ്രോഡ്കാസ്റ്റിങ്ങ് സര്‍വീസ് നിര്‍മ്മിച്ച ഡോക്യുമെന്ററികളില്‍ ഏറെ വിമര്‍ശകപ്രശംസ നേടിയ ഒന്നായിരുന്നു. പകര്‍ച്ചവ്യാധികളെ പറ്റി ചരിത്രപരവും ഉദ്ബോധകവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു ഈ ഡോക്യുമെന്ററിയില്‍.  ഇന്‍ഫ്‌ലുവെന്‍സാ പകര്‍ച്ചവ്യാധിയെ പ്രമേയമാക്കി ധാരാളം സിനിമകള്‍ അതിന് മുന്‍പും വന്നിട്ടുണ്ട്. അമേരിക്കയിലെ തെക്കന്‍ സ്റ്റേറ്റുകളില്‍ സ്പാനിഷ് ഫ്‌ലൂ ചെലുത്തിയ ആഘാതം തുറന്നുകാട്ടിയ  ‘1918’ (1985, സംവിധാനം- കെന്‍ ഹാരിസണ്) അവയിലൊന്നാണ്. വിഖ്യാത ചലച്ചിത്രകാരന്‍ ഫ്രിറ്റ്സ് ലാങ്ങിന്റെ സംവിധാനത്തില്‍ 1936 ല്‍ പുറത്തിറങ്ങിയ ‘ഫ്യൂരി’ ബ്ലാക്ക് പ്ലേഗിന്റെ ഭീകരമായ അനന്തരഫലങ്ങളെ സിനിമയുടെ വീക്ഷണകോണുകളിലൂടെ നിരീക്ഷിച്ചു. ജര്‍മ്മന്‍ എക്സ്പ്രഷനിസവും അക്കാലത്തെ മികച്ച വിഷ്വലൈസേഷന്‍ ഇഫക്ടുകളും പകര്‍ച്ചവ്യാധികളെ ഒരു ഗോഥിക് ശൈലിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചു. ഏതാണ്ട് സമാനരീതിയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട ‘ഡീ പെസ്റ്റ് ഇന്‍ ഫ്ലോറെന്‍സ്’ (1918, ഫ്രിറ്റ്സ് ലാങ്ങ്) എന്ന ചിത്രം എഡ്ഗര്‍ അലന്‍ പോ യുടെ ‘ദ മാസ്‌ക്ക് ഓഫ് ദ റെഡ് ഡെത്ത്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. ‘ആരോസ്മിത്ത്’ (1931, ജോണ് ഫോര്‍ഡ്), ‘ദ സിറ്റഡെല്‍’ (1939, കിങ് വിദോര്‍), ‘ട്രോള്‍സിന്‍’ (സ്വീഡിഷ്, 1994, ഓലാ സോളം) തുടങ്ങിയ സിനിമകളും ടെലിവിഷന്‍ ഡോക്യുമെന്ററികളായ  ‘പ്ലേഗ് ഫൈറ്റേഴ്സ്’ (1996, റിക്ക് ബീന്‍സ്റ്റോക്ക്),  ‘സ്മോള്‍ പോക്സ് 2002: ദ സൈലന്റ് വെപ്പണ്‍’  (2002) എന്നിവയും ഈ കൂട്ടത്തില്‍ എടുത്തു പറയാവുന്നവയാണ്.
സിനിമ എക്കാലത്തും വ്യത്യസ്തരായ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മികവുപുലര്‍ത്തിയിട്ടുണ്ട്.

ജൈവായുധങ്ങള്‍ ഉപയോഗിച്ചുള്ള തീവ്രവാദാക്രമണങ്ങള്‍ സിനിമയെ പുതിയൊരു മേഖലയിലേക്ക് നിവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ബയോവാറുകളും തീവ്രവാദവും തമ്മിലുള്ള ബന്ധം വിഷയമാക്കി ധാരാളം സിനിമകള്‍ വന്നിട്ടുണ്ട്. ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ തുടച്ചുനീക്കിയ മനുഷ്യനിര്‍മ്മിതമായ വൈറസിന്റെ ഉത്ഭവം കണ്ടെത്തി അത് ഒഴിവാക്കാന്‍ ടൈം ട്രാവല്‍ നടത്തുന്ന ഒരു കുറ്റവാളിയുടെ കഥ പറഞ്ഞ ’12 മങ്കീസ്’  (1995, ടെറി ഗിലിയം) അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു. ഈ മാരക വൈറസിനെ പടച്ചുവിട്ട ആര്‍മി ഓഫ് ദ 12 മങ്കീസ് എന്ന രഹസ്യസംഘടനയെ തേടിയുള്ള അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ഇതേ കഥയെ വ്യത്യസ്തവും ഏറെ നിഗൂഢവുമായ കഥാതന്തുക്കളിലൂടെ കൊണ്ടുപോകുന്ന ടെലിവിഷന്‍ സീരീസായ ’12 മങ്കീസ്’ (2015, 2018) ഓരോ സീസണ് കൂടും തോറും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു. പരീക്ഷണ വാക്സിന്‍ ഉപയോഗിച്ചതിനാല്‍ ബയോവാറില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞ ആളുടെ അതിജീവനകഥ വിഷയമാക്കിയ ‘ദി ഒമേഗ മാന്‍’ (1971, റിച്ചാര്‍ഡ് ഫ്‌ലെയ്ഷര്‍), രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യം ചൈനീസ് പ്രിസണ്‍ ഓഫ് വാര്‍ ക്യാമ്പുകളില്‍ വെച്ച് നടത്തിയ ബയോവാര്‍ പരീക്ഷണങ്ങളെകുറിച്ച് പറഞ്ഞ ‘ഹെയ് തായ് യാങ്  731’ (ചൈനീസ്, 1988, തുന്‍ ഫെയ്) എന്നിവയും മികച്ച ബയോവാര്‍ സിനിമകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

THE CITADEL, Robert Donat, Ralph Richardson, 1938
Fury

എന്നാല്‍ നമ്മളിന്ന് അനുഭവിക്കുന്ന സാമൂഹികാവസ്ഥയുമായി ഏറ്റവും സാമ്യപ്പെടുത്താന്‍ കഴിയുന്നത് 1995 ല്‍ പുറത്തിറങ്ങിയ  ‘ഔട്ട്ബ്രേക്ക് ആണ്. എബോള, മൊകോള വൈറസുകളുടെ ചരിത്രവുമായി സാമ്യമുള്ള ഉത്ഭവകഥയുള്ള മൊതാബ വൈറസ് അമേരിക്കയില്‍ പടര്‍ന്നുപിടിക്കുന്നതും  അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വൈറസ് പകരുന്ന രീതിയും അത് സൃഷ്ടിക്കുന്ന ഭീതിയും വളരെ ശാസ്ത്രീയമായി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ മോളിക്ക്യുലാര്‍ ബയോളജിസ്റ്റായ ജോഷ്വാ ലെഡര്‍ബര്‍ഗിന്റെ ഭൂമിയില്‍ മനുഷ്യന്റെ നിരന്തരമായ ആധിപത്യത്തിന് ഒരേയൊരു ഭീഷണി വൈറസാണെന്ന ചിത്രത്തിലെ ഉദ്ധരണി വളരെ പ്രധാനപ്പെട്ടതാണ്. വൈറസ് ഇന്‍ഫക്ഷനുമായി ബന്ധപ്പെട്ട സിനിമകളില്‍ ഏറ്റവുമധികം പ്രശസ്തി നേടിയത് മാറ്റ് ഡാമന്‍, കെയ്റ്റ് വിന്‍സ്ലെറ്റ് തുടങ്ങിയ താരനിര അഭിനയിച്ച ‘കണ്ടേജിയന്‍’ (2011, സ്റ്റീവന്‍ സോഡര്‍ബര്‍ഗ്) ആണ്. ‘ഭയത്തേക്കാള്‍ വേഗതയില്‍ യാതൊന്നും പടരുന്നില്ല’ എന്ന ക്യാപ്ഷന്‍ ചിത്രത്തിന്റെ ആശയം വ്യക്തമാക്കുന്നു. ഒരു മാരകവൈറസ് പടരുന്ന വഴിയും, ഭരണസംവിധാനവും ആരോഗ്യമേഖലയും സാധാരണ ജനങ്ങളും പുതുതായി വരുന്ന ഒരു വൈറസ് ആക്രമണത്തോട് പ്രതികരിക്കുന്നതിലുള്ള വ്യത്യാസവും, മാസ്‌ക്കും സാനിറ്റൈസറും പോലുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളുടെ ആവശ്യകതയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വ്യക്തമായി പറഞ്ഞിട്ടുണ്ട്  ‘കണ്ടേജിയനില്‍’. നൈജീരിയയില്‍ എബോള വൈറസ് നടുക്കം സൃഷ്ടിച്ച 93 ദിവസങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ’93 ഡേയ്സും’ (2016) H5N1 എന്ന വൈറസിന്റെ പെട്ടെന്നുള്ള വ്യാപനവും അരക്കോടി ജനങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ പെടുന്ന പ്രയാസങ്ങളും തന്മയത്വത്തോടെ ആവിഷ്‌കരിച്ച  ‘ഫ്‌ലൂ’ (2013) എന്ന കൊറിയന്‍ സിനിമയും ഇക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

Fritz Lang
Spanish Flu

എന്നാല്‍ നിലവിലെ സാമൂഹികാവസ്ഥയില്‍ ഇവയേക്കാളെല്ലാം സാരവത്തായതാണ് ‘പാന്‍ഡെമിക്: ഹൌ റ്റു പ്രിവന്റ് ആന്‍ ഔട്ട്ബ്രേക്ക്’ എന്ന ഡോക്യുസീരീസ്. ഇതുവരെ നാം നേരിട്ടതും ഇനി വരാനിരിക്കുന്നതുമായ ഒട്ടനേകം മഹാമാരികളില്‍ നിന്നും ലോകത്തെ സംരക്ഷിക്കാനുള്ള പ്രയത്നത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ നേര്‍ച്ചിത്രമാണ് ഇത്. ഒരു വാക്സിന്‍ കണ്ടുപിടിച്ച് അത് വേണ്ട വിധത്തില്‍ നിര്‍മ്മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങളും, വിവിധ ഘട്ടങ്ങളില്‍ അവരനുഭവിക്കേണ്ടി വരുന്ന പ്രതിബന്ധങ്ങളും മാനസികസമ്മര്‍ദ്ദങ്ങളും ചര്‍ച്ചചെയ്യുന്ന ഈ സീരീസ്, അഴിമതി നിറഞ്ഞ ഭരണസംവിധാനങ്ങളും വാക്സിന്‍ വിരുദ്ധരും തീവ്രവാദികളും ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, മിക്ക വൈറസ് സിനിമകളും യാഥാര്‍ത്ഥ്യവുമായി പലപ്പോഴും അകന്നുനില്‍ക്കുന്നു. ഒരു ആശയത്തെ സിനിമയാക്കുമ്പോള്‍ ചേര്‍ക്കുന്ന നാടകീയതയുടെ നിഴലില്‍ ജനങ്ങള്‍ അതില്‍ നിന്നും ഗ്രഹിക്കേണ്ട സാരാംശം നിസ്സാരവല്‍ക്കരിക്കപ്പെടുന്നു. ലോകാവസാനവും അപ്പോകാലിപ്സുമെല്ലാം സൃഷ്ടിക്കുന്ന വെറും കൗതുകത്തിന്റെ ഭാഗമായി അത് ഒതുങ്ങുന്നു. ജനങ്ങളില്‍ ഭീതി പടര്‍ത്തുകയോ കേവലമൊരു കൗതുകമായി ഒതുങ്ങുകയോ ചെയ്യാത്ത, ആരോഗ്യപൂര്‍ണ്ണമായ ഭാവികാലത്തിനായി മനുഷ്യരാശിയെ ഉദ്ബോധിപ്പിക്കുന്ന കലാസൃഷ്ടികള്‍ക്ക് ജന്മം നല്‍കുന്ന മാധ്യമമായി സിനിമ നിലകൊള്ളട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…