സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ദുരഭിമാനം വിധിയെഴുതുമ്പോൾ


ശ്രദ്ധ സി ലതീഷ്


വർഗവും വർണവും ജാതിയും സമ്പത്തും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ നൂറ്റാണ്ടുകളിലൂടെ വ്യവസ്ഥാപിതമായി തീർന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാമൂഹ്യ ഘടനയുടെ ഈ അസ്ഥിരതയെ കുറിച്ച് നരവംശ ശാസ്ത്രജ്ഞർ മുതൽ മനഃശാസ്ത്രജ്ഞരും സോഷ്യോളജിസ്റ്റുകളും പറഞ്ഞുവെച്ച ആശയങ്ങളുടെ കണ്ടീഷനിംഗിലൂടെയാണ് നാം കടന്നുപോവുന്നത്. മതവും രാഷ്ട്രീയവുമെല്ലാം മനുഷ്യന്റെ സമാധാനത്തിനും ശാന്തിക്കുമായി പാകപ്പെടുന്നതാണെന്ന് നമ്മുടെ മത പുരോഹിതന്മാരും സാമൂഹ്യ ചിന്തകരും പറയാൻ തുടങ്ങിയിട്ടും കാലമേറെയായി. പക്ഷെ പരിഹരിക്കാനാവാത്ത പ്രതിസന്ധിയായി ലോകത്തിനു മുൻപിൽ ഇവയൊക്കെ വലിയ ദുരന്തങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ധാരാളം ചലച്ചിത്രങ്ങൾ ഇന്ന് പുറത്തു വരുന്നു.

ഈ അടുത്ത് കാലത്ത് ഇറങ്ങിയ ആന്തോളജി ചിത്രമായ പാവ കഥൈഗൾ ഈ ദുരന്ത ജീവിതത്തിന്റെ പ്രത്യയ ശാസ്ത്രവും അതിന്റെ വേദനകളും പങ്കുവെയ്ക്കുന്നു. നാലു ചെറുചിത്രങ്ങളിലാണ് ആന്തോളജികഥ സംവിധാനം ചെയ്തിരിക്കുന്നത്.

പാവ കഥൈഗളിൽ ആദ്യത്തെ ‘തങ്കം’ എന്ന ചിത്രത്തിലൂടെ സുധ കൊങ്കര നമ്മളെ എത്തിക്കുന്നത് എൺപതുകളിലേക്കാണ്. ചിത്രത്തിലൂടെ ട്രാൻസ്ജൻഡർ കഥാപാത്രമായ സത്താറിനെ അവതരിപ്പിച്ച്കൊണ്ട് (കാളിദാസ് ജയറാം) സിനിമയിൽ ഇടം പിടിക്കുന്നു.. ശരവണനും ( ശാന്തനു ) സത്താറും തമ്മിലുള്ള സൗഹൃദത്തിന്റെ കഥപറയുന്നതോടൊപ്പം സത്താറിനു ശരവണനോടുള്ള അതിരുകവിഞ്ഞ അടുപ്പവും, സുഹൃത്തായ ശരവണന് സത്താറിന്റെ സഹോദരിയോടുള്ള പ്രണയവും ഇതിൽ വിഷയമാവുന്നു. എന്നാൽ മതത്തിന്റെ പേരിൽ ഇരുവരുടെയും പ്രണയം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുന്നു. അതോടൊപ്പം ഒരു ട്രാൻസ്‌ജൻഡറിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും ഈ ചിത്രത്തിൽ വ്യക്തമാവുന്നു.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് പാവ കഥൈഗളിൽ രണ്ടാമത്തേത് ‘ലവ് പണ്ണ ഉത്രാനും’. ഇതും സമാനമായ ആശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആദ്യലക്ഷ്മി, ജ്യോതിലക്ഷ്മി എന്ന ഇരട്ട സഹോദരിമാരുടെ പ്രണയവും അതിൽ രാഷ്ട്രീയക്കാരനായ അച്ഛന്റെ വിയോജിപ്പും, ദുരഭിമാനത്തെചൊല്ലി സ്വന്തം മക്കളെ കൊല്ലാൻ തീരുമാനിക്കുന്ന അച്ഛനെയുമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഒരു മകളുടെ മരണത്തോടുകൂടി അച്ഛനുണ്ടാവുന്ന മാറ്റത്തെ സൂചിപ്പിച്ചാണ് ചിത്രം പുരോഗമിക്കുന്നത്.

മൂന്നാമതായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘വാൻ മഗൾ’ എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ആക്രമണവും രക്ഷിതാക്കളുടെ മാനസികാവസ്ഥയുമാണ്.

പാവ കഥൈഗളിൽ നാലാമതായി വെട്രിമാരൻ സംവിധാനം ചെയ്ത ‘ഊർ ഇരവ്’ താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ വീട്ടുകാരുമായി അകലാനിടയായ സുമതിയെന്ന ഗർഭിണിയായ ഒരു യുവതിയുടെ കഥപറയുന്നതാണ്. പിണക്കം മറന്നതായി കാണിച്ച് മകളെ തിരികെ വിളിക്കാനെത്തിയ അച്ഛൻ പിന്നീട് മകളോട് കാണിക്കുന്ന ക്രൂരതയാണ് ചിത്രത്തിൽ വരുന്നത്. സായി പല്ലവിയും, പ്രകാശ് രാജും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചെറു ചിത്രം തീർത്തും ജാതി മത ചിന്തകളിലൂന്നികൊണ്ട് ജീവിക്കുന്ന സമൂഹത്തെ ചുറ്റിപറ്റിയുള്ളതാണ്.

ചലച്ചിത്ര രംഗത്ത് ഇത്തരം സാമൂഹ്യ വിഷയങ്ങളോടുള്ള വലിയ സമീപനങ്ങൾ നടക്കുന്നതെന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോൾ നമ്മുടെ സാമൂഹ്യ ഘടന അടിച്ചേൽപ്പിക്കുന്ന ചില വസ്തുതകൾ അത്ര ഭീകരമാണെന്ന് കണ്ടെത്താം.

കേരളത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദുരഭിമാന കൊല മുന്നോട്ടുവയ്ക്കുന്നതും ഇതൊക്കെതന്നെയാണ്. നമ്മുടെ സമൂഹത്തിന് എന്ത് സംഭവിച്ചു? എന്തുകൊണ്ടാണ് ഇത്ര ചെറുതായി പോകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസവും രാഷ്ട്രീയ പ്രതിബദ്ധതയുമൊന്നും ഇത്തരം അറുംകൊലകൾക്ക് വിരാമമിടാൻ സഹായിക്കുന്നില്ല. സാധാരണ മനുഷ്യനെ ഒരു തരത്തിലും സഹായിക്കാത്ത ‘സാംസ്കാരികചിന്ത’ മാത്രമാണ് കേരളത്തിൽ പ്രചരിക്കപ്പെടുന്നത്. കൺസ്യുമറിസത്തിന്റെ കയ്യിലകപ്പെട്ട സാമൂഹ്യ ഘടനയെ ഒരൊറ്റ ദിവസംകൊണ്ട് തിരുത്തികുറിക്കാൻ സാധിക്കുകയുമില്ല. രാഷ്ട്രീയ ചിന്തകൾക്കും മതങ്ങൾക്കും ഒന്നും ചെയ്യാനാവില്ലെന്ന സത്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. മനുഷ്യ ജീവിതത്തിന്റെ സാധ്യതകൾ അറിയാത പോകുന്നതാണ് ഇതിനെല്ലാം കാരണമെന്ന് നമുക്കറിയാം. ശരിയായ ആത്മീയതയും ശരിയായ മാനവികതയും എന്താണെന്ന് പഠിപ്പിക്കുന്ന വലിയ ഗുരുക്കന്മാരുടെ കുറവാണ് ഇതെന്ന് പറയാനാവില്ല. ബുദ്ധനും ഗാന്ധിയും ജീവിച്ച കാലങ്ങളിലും ഹിംസയെനടന്നുളളു.
ഇതിനൊക്കെയുള്ള പരിഹാരം നാമോരോരുത്തരിലുമുള്ള വിവേകമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…