സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മധുരം മണക്കുന്ന കാറ്റിൻ്റെ കഥകൾ

ഗ്രീന ഗോപാലകൃഷ്ണൻ

ഭാഷ ഒരാളുടെ ജൈവപ്രകൃതിയുടെ പ്രതിഫലനമോ, സഞ്ചിതാവബോധത്തിൻ്റെ പുനരാവിഷ്ക്കാരമോ ആകാം. എന്തായാലും അത് കാണുന്നതിനെയും അതിനപ്പുറത്തു മറഞ്ഞിരിക്കുന്നതിനെയും ആരായുന്നുണ്ട്. ഓർമ്മകളുടെ അടരുകളെ വേർതിരിച്ചെടുത്ത് ആവിഷ്‌കരിക്കാനുള്ള ജാഗ്രതയാവാം, ഭാവരൂപ നിർമ്മിതിയിലേക്കു മനുഷ്യനെ നയിച്ചത് , രമണീയാർത്ഥ പ്രതിപാദകങ്ങളായ ഭാഷാരൂപങ്ങളെല്ലാം സൂക്ഷ്മത്തെ വിവരിക്കാനാണു മനസ്സു വെക്കുക.മനസ്സിനെയും മൗനത്തെയും അഴിച്ചെടുത്തു പണിയുമ്പോഴാണ് ഭാഷ അപൂർവ്വ കാന്തിയുള്ളതായി തീർന്ന് ആഹ്ളാദത്തെയും അനുഭൂതികളെയും നവീകരിക്കുന്നത്.

ഒരു ഭാവത്തിന്, ഒരവസ്ഥയ്ക്ക് ,ഒരു മനോഭാവത്തിനെന്നതു പോലെ കോഴിക്കോട് അങ്ങാടിക്കുമൊരു ഭാഷ ചമയ്ക്കുകയാണു നദീം നൗഷാദ് എഴുതി, നിയതം ബുക്‌സ് പ്രസിദ്ധീകരിച്ച മധുരത്തെരുവ് എന്ന നോവൽ. തെരുവ് പ്രസ്തുതമായിരിക്കുമ്പോഴും നോവലിൻ്റെ ഭാഷ സ്വാഭാവികവും അകൃത്രിമായിത്തീരുന്നത് കഥപറച്ചിലിൻ്റെ കയ്യൊതുക്കം കൊണ്ടാണെന്നു നിസംശയം പറയാം.

തെരുവിനു പിറകിലുള്ള അതല്ലെങ്കിൽ, അതിനെ പണിതുയർത്തിയ അസംഖ്യം മനുഷ്യരുടെ കാഴ്ച്ചയും അവസ്ഥകളും സൃഷ്ടി ച്ചെടുക്കുന്ന ജീവിതത്തിൻ്റെ പ്രതിനിധാനങ്ങളാണ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പാർസികളും, പഞ്ചാബിയും ഗുജറാത്തിയും പഠാണിയും തെലുങ്കുദേശക്കാരും തമിഴരും തദ്ദേശീയരു
മൊക്കെ ചേർന്നൊരുക്കുന്ന ജീവിത സിംഫണിയിൽ സ്വാഭാവികമായും നഗരത്തിൻ്റെ മുഖവും മനസ്സുമുള്ളവരായിരിക്കെ തന്നെ അതിൻ്റെ കാപട്യങ്ങളിലും ആന്തരിക ശൂന്യതയിലും ആറാടുന്ന മനുഷ്യരുടെയല്ല,നന്മയും മനസ്സാക്ഷിയും സ്നേഹവുമുള്ള ഒരു പറ്റം ആളുകളുടെ, മറ്റൊരർത്ഥത്തിൽ തെരുവിൻ്റെ തന്നെ കഥ പറയുകയാണ് നോവൽ.

മെലിഞ്ഞുപോയൊരു തറവാടിൻ്റെ അകത്തുനിന്നാണ് അബ്‌ദുയെന്ന കേന്ദ്ര കഥാപാത്രമെങ്കിൽ, അയാളുടെ ആത്മമിത്രമായ ബേബിയും ഇതര കഥാപാത്രങ്ങളും അകംപുറങ്ങളിൽ തിടം വെയ്ക്കുന്ന സാമൂഹിക സംഘർഷങ്ങളിൽ ഉരുവം പ്രാപിച്ചവരാണ്. നോവലിൻ്റെ ഘടന പ്രത്യക്ഷത്തിൽ അയഞ്ഞതെന്നു തോന്നുമെങ്കിലും, മനോനിലകളെ സങ്കീർണ്ണമാക്കുന്ന ആത്മസംഘർഷങ്ങളെയും, സാമൂഹിക ജീവിതം വ്യക്തികൾക്കും സമൂഹത്തിനും ഏൽപ്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുക വഴി ഓരോ കഥാപാത്രസൃഷ്ടിയും വിശ്വസനീയവും സർഗ്ഗാത്മകവുമാണ്.

ആത്മബന്ധങ്ങളാണ് മനുഷ്യനെ സ്വന്തം ഉള്ളിലേക്കാഴ്ന്നിറങ്ങുവാനും വേരുകളിൽ കുറുകിയതു മുഴുവനും ബഹിർഗമിച്ച് കാതലുള്ള തായ്മരമായി വേനലിനെതിരെ പൊരുതുവാൻ കരുത്തുനൽകുന്നത് . വന്നിരിക്കുന്നവർക്കും, നിന്നതു മറന്നു കടന്നുപോകുന്നവർക്കും തണലായി നിൽക്കുന്നതും,കരം നീട്ടുന്നവർക്കു കനിയായി ചാഞ്ഞു ചെല്ലുന്നതുമായ ആ ദൃഢതയാണു ദേവിയിലും, നിലോഫറിലും, സരോജത്തിലും പലവിധത്തിൽ ഫലലബ്ധിയാകുന്നത്. വലിയുമ്മയുടെ കരുത്തും ആത്മവിശ്വാസവും, ഉമ്മയുടെ സ്നേഹവും അനിയത്തിയുടെ നിറസാമീപ്യവും ,എങ്ങനെയാണോ അബ്ദുവിനെ രൂപപ്പെടുത്തിയത് , അവ്വിധം ഇതര വ്യക്തിത്വങ്ങളും ഒന്നു മറ്റൊന്നിനെ കരുതി നിറവേറുന്നതിൻറെയും നിലനിർത്തുന്നതിൻറെയും ചിത്രണം സാധ്യമാക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള നോവലിസ്റ്റിൻ്റെ ഉൾക്കാഴ്ച്ചയാണെന്നു തന്നെ കരുതാം .

സാമൂഹിക ജീവിതത്തിൽനിന്നും വേറിട്ട് ഒരു അസ്തിത്വം മനുഷ്യനു സാധ്യമല്ല. ഈ നോവലിലും കേരളം കടന്നതുപോയ നാൾ വഴികളിലെ ചരിത്രസന്ദർഭങ്ങളെയും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളേയും ത്യാജ്യഗ്രാഹ്യ ബുദ്ധിയോടെ ഉപയോഗിച്ചിരിക്കുന്നു. നാട്ടുരാജ്യങ്ങളും നാനാവർണ്ണ ജാതി മതഭേദങ്ങളും തമ്മിലുള്ള പോരുകൾ… പറങ്കികൾ കാപ്പാടു കപ്പലിറങ്ങിയതു മുതലുള്ള വൈദേശിക അധിനിവേശങ്ങൾ.. സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാന്മാരുടെയും നാൾവഴികൾ….പരശ്ശതം മനുഷ്യർ കാലാകാലങ്ങളിൽ സ്വാതന്ത്ര്യത്തിനും സാമൂഹിക പരിഷ്കരണത്തിനുമായി നടത്തിയിട്ടുള്ള പോരാട്ടങ്ങൾ…., സാമൂഹിക പരിഷ്കരണശ്രമങ്ങൾ… രാഷ്ട്രീയ മുന്നേറ്റങ്ങൾ ,നക്‌സലിസം….അടിയന്തരാവസ്ഥയും അനുബന്ധ സംഘർഷങ്ങളും… ഇവയോടെല്ലാമുള്ള പുരോഗമന പ്രസ്ഥാനത്തിൻ്റെ നിലപാട്.. ഹിപ്പിസത്തിൻ്റെയും പാശ്ചാത്യസംഗീതത്തിൻ്റെയും കടന്നുവരവ്… അതുപോലെ ചരിത്രത്തിൻ്റെ ഓരോ ഇടപെടലുകളും തൊണ്ണൂറുകൾ വരെയുള്ള നഗരത്തെ രൂപപ്പെടുത്തിയതിൻ്റെ രേഖാചിത്രങ്ങൾ നോവലിൻ്റെ വരികളിൽ പതിഞ്ഞുകിടപ്പുണ്ട് .ചരിത്രത്തിൻ്റെ ശോണമുദ്ര പതിയാത്ത യാതൊരു കഥാപാത്രവും പശ്ചാത്തലവും ഇതിലില്ല.

മനുഷ്യർ മാത്രമല്ല നഗരത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരന്നു നില്ക്കുന്ന സ്ഥാപനങ്ങളും റോഡുകളും ഇരുളും വെളിച്ചവും നിഴലു മുറങ്ങുന്ന ഇടവഴികളും ഇവിടെ കഥാപാത്രങ്ങളായി മാറുന്നു. അവിടങ്ങളിൽ പോലും മനുഷ്യരുടെ ആന്തര ജീവിതം തന്നെയാണു തെളിഞ്ഞുവരുന്നത്. രചനയിൽ ഉടനീളം പുലർത്തുന്നസൂക്ഷ്മനിരീക്ഷണത്തിനും ആവിഷ്കാരത്തിനും ഉദാഹരണമാണത് .

കായിക വിനോദവും സംഗീതവും നഗരശരീരത്തിൻ്റെ ജീവനാഡിയായി ത്തന്നെ ‘മധുരത്തെരുവിൽ ‘ വിദഗ്ധമായി
കണ്ണി ചേർത്തിട്ടുണ്ട്. വിശിഷ്യാ പേർഷ്യൻ, ഹിന്ദുസ്ഥാനി സംഗീതധാരകളോടുള്ള കോഴിക്കോടിൻ്റെ ആഭിമുഖ്യം പ്രസിദ്ധമാണല്ലോ. ആ മേഖലയിൽ നോവലിസ്റ്റിനുള്ള അഗാധജ്ഞാനം രചനയെ കൂടുതൽ സമ്പന്നമാക്കുന്നു. അതുപോലെ പൗരാണികവും ആധുനികവുമായ ജീവിതങ്ങളിലെ സ്ഥലകാലരാശികളെ ആദിയോടന്തം ഒപ്പിയെടുക്കുന്ന അപൂർവ്വചാരുത നോവലിനു തലപ്പൊക്കവും ഇഴയടുപ്പവും നൽകുന്നു. വന്നു ചേർന്ന സഞ്ചാരികൾക്കെല്ലാം മിഠായിതെരുവ് വിളമ്പിയ മധുരം പോലെ മറ്റൊന്ന് നദീം നൗഷാദ് സ്വയം വിളയിച്ചെടുത്ത വാക്കുകളിലൂടെ, മധുരത്തെരുവെന്ന നോവലിൽ മലബാറിനുവേണ്ടി കൈരളിക്കു സമർപ്പി ച്ചിരിക്കുന്നുവെന്നതിൽ ആഹ്ളാദത്തിനും അഭിമാന ത്തിനും വകയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…