ഉറൂബിന്റെ ഉമ്മാച്ചു ഏതു തരത്തിലാണ് എന്നെ വലയം ചെയ്തിട്ടുള്ളത് എന്ന് എന്നും ആലോചിക്കുന്ന ഒരു കാര്യമാണ്, മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി എന്നും ഉയർന്നു വരുന്ന പേരാണ് ഉമ്മാച്ചു, വിവരിക്കാനാവാത്ത ഒരു കനത്ത ഭാരം ഹൃദയഭാഗത്ത് വന്നടിയുന്നുണ്ട് മികച്ച ആ സ്ത്രീ കഥാപാത്രത്തെ കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ.
പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉമ്മാച്ചുവിനെ രേഖപ്പെടുത്തി വെക്കാൻ പ്രത്യേകിച്ചുകാരണങ്ങൾ തന്നെയുണ്ട്, ഉമ്മാച്ചുവിൽ ഉറൂബ് ചിത്രീകരിച്ചിരിക്കുന്ന മൂന്ന് തലമുറയിലെ അഥവാ മൂന്ന് കാലഘട്ടത്തിലെ പ്രതിനിധികൾ നമ്മോട് പറയുന്ന ഒരു കാര്യമുണ്ട് മനുഷ്യൻ അവന്റെ സമുദായത്തിന് എങ്ങനെയെല്ലാം അടിമപ്പെട്ടിരിക്കുന്നു എന്ന കാര്യം, സമൂഹത്തിലേക്കല്ല സമൂഹത്തെ പിരിച്ചു നിർത്തുന്ന സമുദായത്തിലേക്കുള്ളതാണ് അവന്റെ എല്ലാ പ്രവൃത്തികളും, തെറ്റ് ശരി എന്ന നിലയ്ക്കോ സ്വാതന്ത്ര്യത്തിന്റെ മഹത്വത്തിലേക്കോ മനുഷ്യർ കാര്യങ്ങൾ നീക്കി കൊണ്ട് പോവില്ല, സമുദായത്തിന്റെ കല്പ്പനകളിൽ പെട്ട് വട്ടം ചുറ്റുന്ന മുഷിഞ്ഞ ലോകമാണ് നമ്മുടേത്, ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ അന്നത്തെ സമൂഹത്തിൽ ഉണ്ടാക്കിയ ജീർണത വളരെ വലുതാണ് (ഇന്നത്തേയും ).
പാകിസ്ഥാൻ രൂപീകരണത്തിന്റെ പ്രഥമിക വാദങ്ങൾ ഉണ്ടായതും അത് ഏതു തരത്തിൽ മുസ്ലിങ്ങളെ സ്വാധിനിച്ചു എന്നും ഉറൂബിന് വ്യക്തമാക്കാൻ സാധിക്കുന്നുണ്ട്,”നായരാണെങ്കിലും” നല്ലൊന്നാഎന്ന് ഉമ്മാച്ചുവിനും, “മാപ്ലയാണെങ്കിലും” ഉശിരുള്ള സ്ത്രീയാ എന്ന് ലക്ഷ്മിഅമ്മയ്ക്കും തിരുത്തലുകൾ വരുത്തി സഹജീവികളെ സ്നേഹിക്കേണ്ടി വരുന്നതിലെ രാക്ഷ്ട്രീയം നിസ്സഹായതയുടേത് കൂടിയാണ്.നമ്മൾ ഈ നിസ്സഹായതയിൽ നിന്നും ഇനിയും പൂർണമായി രക്ഷപ്പെട്ടിട്ടുണ്ടോ? ഒളിഞ്ഞും തെളിഞ്ഞും ഈ നിസ്സഹായതയുടെ വിഴുപ്പും പേറി ജീവിക്കാൻ വിധിക്കപ്പെട്ടവരല്ലേ നമ്മൾ -ഇന്നും ഈ നൂറ്റാണ്ടിലും!
ഉമ്മാച്ചു എന്നും ഒരു നെടുവീർപ്പാണ് ഈ തരത്തിൽ വായിക്കുമ്പോൾ,
ഉമ്മാച്ചു പഠിപ്പിച്ചത് മനുഷ്യർ പരസ്പരം താങ്ങാകേണ്ടവരാണെനന്നും സ്നേഹിക്കേണ്ടവരാണെന്നും കൂടിയാണ്,
നോവൽ അവസാനിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന ഒരാൺകുഞ്ഞിന്റെ കരച്ചിൽ സമൂഹത്തോട് അത് തന്നെയാവും വിളിച്ചു പറയുന്നതും.
.
2 Responses
Love
നല്ല വായന നൽകി. 👌