സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അച്ഛനായി തീരുന്ന മകന്‍

സി.ലതീഷ് കുമാര്‍

ബാല്യവും കൗമാരവും യൗവ്വനവും തീര്‍ന്നുപോകാതെ നില്‍ക്കുന്നിടത്താണ് സുധീഷിന് എഴുത്തിന്റെ ലോകമുണ്ടാവുന്നത്. പുഴപോലെ, ആകാശം പോലെ മൗനം കൊണ്ടവ ഏകാന്തവും സ്‌നേഹം കൊണ്ടവ നിതാന്തവും. അടുക്കുന്തോറും അകന്നുപോകുന്ന പ്രണയമാണ് സുധീഷിന് ജീവിതം. കാണാത്ത ഇടത്തൊക്കെ വേരുകളുണ്ടതിന്. പടര്‍ന്നു പന്തലിക്കുമ്പോള്‍ എന്തൊരു സൂക്ഷ്മതയാണ് അതിന്റെ വേരുകള്‍ക്കും ഇലകള്‍ക്കും. അത്തരത്തില്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍ കാവലായി നില്‍ക്കുന്ന മനുഷ്യനാണ് സുധീഷിന്റെ വിസ്്മയങ്ങളില്‍ വന്നു പോകുന്നത്.

തീരാത്ത കാഴ്ചകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ജനിക്കുന്ന ഒരാള്‍ കൂടിയാണ് എഴുത്തുക്കാരന്‍. എഴുതാനായി പിറക്കുന്ന ജന്മങ്ങളില്‍ എഴുത്തെപ്പോഴും അനായാസമാണ്. അങ്ങനെയുള്ള ഒരു ആയാസമില്ലായ്മ സുധീഷ് എഴുത്തില്‍ സാധ്യമാക്കിയിരിക്കുന്നു. ഓര്‍മ്മയും സ്വപ്‌നങ്ങളും സുധീഷിനെ എപ്പോഴും പുതുക്കുന്നു. എഴുത്തില്‍ അത്് സര്‍ഗാത്മക സാന്നിധ്യവും.

എഴുത്ത് ഒരാളുടെ ആന്തരികമായ വെളിപ്പെടുത്തലാണ്. അയാളറിയാതെ വന്നുചേരുന്ന അസ്തിത്വം. അതില്‍ ആത്മഭാഷണം കൊണ്ടു ജീവിക്കുന്ന ഒരാള്‍ എപ്പോഴുമുണ്ട്. അയാള്‍ സര്‍ഗ്ഗശേഷിയാല്‍ ലോകത്ത് ഭിന്നനായിരിക്കും. ലോകത്തിന്റെ മറ്റുകാര്യങ്ങളില്‍ നിന്നൊക്കെ അയാള്‍ പുറകിലായിരിക്കുമെങ്കിലും, ഒട്ടും ആശ്രിതത്വമില്ലാത്ത ചിന്തയും സ്വാതന്ത്ര്യവും അവരിലുണ്ടാകും. കടുത്ത വൈകാരികതയും വലിയ മടിയുമൊക്കെ അവര്‍ക്ക് സ്വന്തമായിരിക്കും. സുധീഷ് ആ വഴിയില്‍ ഒരുപാട് സഞ്ചരിക്കുന്നു. അവിടെ അനാഥത്വമുണ്ട്, ഓര്‍മ്മയുണ്ട്, സ്വപ്‌നമുണ്ട്, അടുപ്പമുണ്ട്, സ്‌നേഹവും സ്‌നേഹിക്കപ്പെടുന്നവരുമുണ്ട്. ഒപ്പം ഭാഷയുടെ വൈകാരികതലം കൊണ്ട് വന്നുചേരുന്ന ഏകാന്തതയുമുണ്ട്.

നമുക്ക് വേണ്ടപ്പെട്ടവരുടെ ഓര്‍മ്മയാണ് നമ്മെ നിലനിര്‍ത്തുന്ന മഹത്തായ സത്യം. ആ സത്യത്തെയാണ് സുധീഷ് പല കാലങ്ങളില്‍ നിന്ന് പറയാന്‍ ശ്രമിക്കുന്നത്. അച്ഛനുമമ്മയും സഹോദരങ്ങളും വൈകാരികമായി ഇടപെട്ട മാനസിക തലങ്ങളും, പ്രണയത്തിലും ജീവിതത്തിലും വന്ന ചേര്‍ന്ന വൈരുദ്ധ്യങ്ങളും സുധീഷിനെ വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തുകയുണ്ടായി. അത് പറയാതെ പറയുന്ന വാക്കുകള്‍ കൊണ്ടു അടയാളപ്പെടുത്തപ്പെടുന്നു. എങ്കിലും കടന്നുപോയവരും ജീവിക്കുന്നവരും സുധീഷിനെ സംബന്ധിച്ച് സദാപ്രാണനാണ്. പൂര്‍വ്വ കാമനകളുടെ തുടിപ്പില്‍നിന്ന് അവര്‍ക്കു വേണ്ടിക്കൂടി സമര്‍പ്പിതമാകുന്ന യൗവ്വനം സൂക്ഷിക്കുന്നു സൂധീഷ്.

അച്ഛന്റെ പുഴയാണ് സൂധീഷിനെ സംബന്ധിച്ച് ആദ്യം കാണുന്ന വലിയ ലോകം. അച്ഛനദ്ധ്വാനിച്ച പുഴ സുധീഷില്‍ എത്ര മനുഷ്യരൂപമാര്‍ന്നാണ് ഒഴുകുന്നത്. ഓരോ ഊന്നുമുളയിലും അതിന്റെ ശക്തിയെ പിടിച്ചു നിര്‍ത്തുന്ന അച്ഛനായി തീരുകയാണ് മകന്‍. അതുകൊണ്ട് അച്ഛന്‍ വരുന്നതും കാത്ത് പണ്ട് പുഴക്കരയില്‍ അവന്‍ കാവല്‍ നിന്നിരുന്നു. പിന്നീട് ജീവിതംകൊണ്ട് പുഴ സമാധാനത്തിന്റെയും സ്വച്ഛതയുടെയും നീരൊഴുക്കായി പടരുകയാണ്. തന്റെ ഏകാന്തതയിലെ കൂട്ടെപ്പോഴും പുഴയാണെന്ന് സുധീഷ് ഓര്‍മ്മപ്പെടുത്തുന്നു്.

പുഴ അച്ഛന്റെ കൂട്ടാവുന്ന പോലെ അച്ഛന്‍ മകന്റെ കൂട്ടായി മാറുന്നു. ആ ഓര്‍മ്മയില്‍ അച്ഛന്റെ ആവശ്യങ്ങളെല്ലാം ഉടന്‍ നിവര്‍ത്തിക്കുന്ന വലിയ മകനായി ബാല്യത്തിലെ സുധീഷ് മാറുന്നു. അച്ഛനില്‍ നിന്ന് കിട്ടിയതത്രയും ഇനി കിട്ടാനുള്ളതിനേക്കാള്‍ പതിന്മടങ്ങ് വലുതായിരുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

ഏത് മക്കളിലും കൗമാരത്തില്‍ അവരറിയാതെ ഒരച്ഛന്‍ വീരപുരുഷനായി വളരുന്നുണ്ട്. ആ വളര്‍ച്ചയുടെ ഉന്മാദമാണ്, അച്ഛനെ സ്‌നേഹിക്കാനുള്ള, അച്ഛനായി തീരാനുള്ള ഉടലും മനസ്സും അവര്‍ക്ക് സമ്മാനിക്കുന്നത്. അച്ഛനോളം തന്നെ അച്ഛനായിരിക്കുക എന്നത് മക്കളുടെ നിയോഗമാണ്. ആ നിയോഗത്തെ ജീവിതമായി കാണുന്നിടത്താണ് മനുഷ്യബന്ധങ്ങളുടെ വ്യാപ്തി. അത്തരം വ്യാപ്തിയിലും തെളിച്ചത്തിലും മനസ്സര്‍പ്പിക്കുന്ന രീതി സുധീഷിലുണ്ട്.

നമ്മുടെ എഴുത്തിലത്രയും കാല്‍പ്പനികതയുടെ വലിയ ലോകമാണുള്ളത്. സുധീഷിന്റെ എഴുത്തിലും കാല്‍പ്പനികതയുടെ അതിപ്രസരം കാണാം. മനുഷ്യനില്‍ കാല്‍പ്പനികതയുണ്ടാക്കുന്ന നിന്ദ്യത, അവിവേകത്തോളം വലുതെങ്കിലും അതൊഴിച്ചുനിര്‍ത്തി സാഹിത്യം പഠിക്കാനാവില്ല. മനുഷ്യനെന്ന സാമൂഹ്യജീവിയെ അടയാളപ്പെടുത്താനുമാവില്ല.

ജലാശയത്തില്‍ സ്വന്തം മുഖത്തിന്റെ പ്രതിച്ഛായ കണ്ടു മോഹിച്ച്, കിട്ടാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്ത നാര്‍സിസ്റ്റ്, ഗ്രീക്ക് മിത്തോളജിയിലെ ഒരു കഥാപാത്രം മാത്രമല്ല, ആധുനിക മന:ശാസ്ത്രത്തില്‍ നാര്‍സിസം എന്ന മനോഘടനാ വാദത്തിന്റെ പ്രണേതാവു കൂടിയാണ്. സ്വന്തം ആരാധനയുടെ സ്‌ക്വെച്ചില്‍ വളരുന്നതാണ് ആ മനോഘടനയുടെ പ്രശ്‌നം. നമ്മുടെ സമകാലിക രചനകളത്രയും നാര്‍സിസത്തില്‍ മുങ്ങി കുളിച്ചവയാണ്. എഴുത്തങ്ങിനെ അനിയന്ത്രിതമായ മനസ്സിന്റെ ആരോപിത മുദ്രയാണ്. അതുകൊണ്ട് മനുഷ്യചിന്തയുടെ അടിസ്ഥാനഭാവത്തെ ഒരിക്കലും കേവലമായി കണ്ടുകൂടാ. ഏത് ദൗര്‍ബല്യത്തിലും ഒരു മനുഷ്യനുണ്ടെന്നുള്ളതാണ് സത്യം.

അത്തരത്തില്‍ ആത്മഭാഷണം കൊണ്ടു എഴുത്തിന്റെ ജീവനെ സൂധീഷ് ലളിതമാക്കുന്നു. അത് ഒരു തുടക്കക്കാരന്റെ അപൂര്‍വ്വ സാന്നിധ്യമായി തീരുന്നില്ല. മറിച്ച്, വിനയചന്ദ്രന്റെ ‘പൊടിച്ചി’ പോലെ ലിറിക് ഗദ്യംകൊണ്ടു അത് ഭാഷയെ പൊലിപ്പിക്കുന്നു. അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, അയല്‍വക്കത്തെ മുതിര്‍ന്ന സ്ത്രീകള്‍, തൊഴിലാളികള്‍, സുഹൃത്തുക്കള്‍ എല്ലാവരും നടുത്തുരുത്തിയില്‍ മനുഷ്യപറ്റുള്ളവരാകുന്നു. ഒറ്റപ്പെടലിന്റെ സന്നിഗ്ധതയിലും ദുരന്തത്തിലും സുധീഷ് കാണുന്ന മനുഷ്യരൂപങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആര്‍ദ്രതയും തണലും തണുപ്പുമുണ്ട്. അവരിലേക്കുള്ള അകലം മനസാക്ഷികൊണ്ടളന്നതാണതിന് കാരണം. അതുതന്നെയാണ് സുധീഷിലെ എഴുത്തുകാരനിലേക്കുള്ള അകലവും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…