“എൻ്റെ ജീവിതത്തിലെ ഏറ്റവും പകിട്ടേറിയ വർണ്ണം കൈഫിയായിരുന്നു” എന്നെഴുതുന്നു വർണ്ണങ്ങളെ ഏറെ ഇഷ്ടപെട്ട ഷൗക്കത്ത് കൈഫി തൻ്റെ “കൈഫിയും ഞാനും” എന്ന ആത്മകഥയിൽ. ഷൗക്കത്തിൻ്റെ ആത്മകഥ കൈഫിയുടെ ജീവചരിത്രവുമായി മാറുന്നു, അവരുടെ രണ്ടുപേരുടെയും സാന്നിദ്ധ്യങ്ങൾ ഈ പുസ്തകത്തിൻ്റെ താളുകളെ കാവ്യാത്മകമാക്കുന്നു.
“കൈഫിയും ഞാനും ” ഒരു പ്രണയ കാവ്യം കൂടിയാണ് അങ്ങനെയായിരിക്കുമ്പോൾ തന്നെ ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയെയും തളർച്ചയെയും കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. ഇന്ത്യൻ നാടക വേദിയുടെ സുപ്രധാനമായ ചില ഏടുകളെക്കുറിച്ചും ഗസലുകളെക്കിറിച്ചും സിനിമാ ലോകത്തെക്കുറിച്ചുമൊക്കെ ആധികാരികമായ പല വിവരങ്ങളും ഷൗക്കത്ത് കുറിച്ചു വയ്ക്കുന്നു. വ്യക്തിപരതയും രാഷ്ട്രീയവും മനോഹരമായി ഇടകലരുന്നു ഈ പുസ്തകത്തിൻ്റെ താളുകളിൽ.

ഹൈദ്രബാദിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന ഷൗക്കത്ത് ഹൈദ്രബാദിൻ്റെ സാംസ്കാരിക പൈതൃകം തൊട്ടറിഞ്ഞാണ് വളർന്ന് വരുന്നത്. മുശായ്‌റകളും സാഹിത്യ ചർച്ചകളുമൊക്കെ അവരുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. അങ്ങനെ ഒരു വേദിയിൽ വെച്ചാണ് അവർ കൈഫി ആസ്മിയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് അവർ പ്രണയബദ്ധരാകുന്നതും. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ആ പ്രണയം മുന്നോട്ടു പോകുന്നതും പിന്നീട് അത് വിവാഹത്തിലെത്തുന്നതും അൻപത്തഞ്ച് വർഷം നീണ്ട ദാമ്പത്യം അവരെ രണ്ടുപേരെയും കൂടുതൽ തമ്മിലടുപ്പിക്കുന്നതും ഒക്കെ ഷൗക്കത്ത് ഹൃദയ സ്പൃക്കായി അനുവാചകനിലേക്കെത്തിക്കുന്നു.
കുടുംബബന്ധങ്ങളെക്കിറിച്ചും സൗഹൃദങ്ങളെക്കുറിച്ചും കൂടിയുള്ള ഒരു ആഖ്യാനമാണ് “കൈഫിയും ഞാനും “. സന്തോഷങ്ങളും ദുഃഖങ്ങളും വിപ്ലവങ്ങളും സമരപ്പെടലുകളും വിജയങ്ങളും പരാജയങ്ങളും എല്ലാം നിറഞ്ഞ വൈവിധ്യമാർന്ന ജീവിതങ്ങളാണ് ഈ ഭൂമിയിൽ നിലനിൽക്കുന്നതിന് നമ്മൾ നൽകുന്ന അർത്ഥഗർഭമായ ആവിഷ്ക്കാരങ്ങൾ എന്ന് ചിലയിടങ്ങളിൽ തമാശയോടെയും മറ്റു ചിലപ്പോൾ നാടകീയമായും ഇടയ്ക്ക് പലപ്പോഴും നെഞ്ച് നീറുന്ന വേദനയോടെയും ഷൗക്കത്ത് പറഞ്ഞു വയ്ക്കുന്നു.
“യാദ് കി രഹ്ഗുസാർ ” എന്ന പേരിൽ ഉർദുവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് നസ്റീൻ റഹ്‌മാനാണ്. ഇന്ത്യയിലെ സ്ത്രീപക്ഷ എഴുത്തിൻ്റെ മുഖമുദ്രയായി സുബ്ബാൻ പബ്ലിഷേഴ്സ് ആണ് ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധകർ.
( തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീ പ്രസാധക കൂട്ടായ്‌മയായ സമസ്ത ബുക്‌സ് ഇതിൻ്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കാൻ പോവുകയാണ് )