കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ‘ദി അദര്‍ സോംഗ്’(2009) എന്ന ഡോക്യുമെന്‍റ്റി കണ്ടത്. ഹിന്ദുസ്ഥാനി ഗായിക റസൂലന്‍ഭായ് യുടെ നഷ്ട്ടപെട്ട ഒരു പാട്ട് തേടി സബ ധവാന്‍ നടത്തുന്ന അന്വേഷണമായിരുന്നു പ്രമേയം. റസൂലന്‍ഭായ് 1935ല്‍ പാടിയ ലാഗത് ജബന്‍വ മചോട്ട് ഫൂല്‍ ഗണ്ട് വ ന മാരോ എന്ന ഗാനത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ ഉത്തരെന്ത്യയിലെ തവായിഫുകളുടെ (പ്രഭുസദസ്സുകളില്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നവര്‍) സംഗീതവും ജീവിതവും അന്വേഷിക്കുകയായിരുന്നു സബധവാന്‍
തവായിഫ്കളുടെ ഉത്ഭവത്തിന് മുഗള്‍ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യമുള്ള ആദ്യത്തെ പ്രൊഫഷണല്‍ കലാകാരികളായിരുന്നു തവായിഫുകള്‍. അവരില്‍ ചിലര്‍ ഗസലുകള്‍ എഴുകയും അവ മുശായിരകളില്‍(കാവ്യസദസ്) അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗസല്‍, തുമ്രി, ദാദ്ര എന്നീ സംഗീത രൂപങ്ങളും കഥക്, മുജറ എന്നീ നൃത്തങ്ങളും ജനകീയമാക്കിയതും തവായിഫുകളാണ്. സ്വതന്ത്രജീവിതം നയിച്ചവരും ലൈംഗിക സ്വാതന്ത്ര്യം ഉള്ളവരുമായ ഈ കലാകാരികള്‍ ഹിന്ദുസ്ഥാനി സംഗീതത്തിനും കഥക് നൃത്തത്തിനും നല്‍കിയ സംഭാവനകള്‍ വേണ്ടത്ര പഠന വിധേയമാക്കപ്പെട്ടിട്ടില്ല. ഗ്രാമഫോണില്‍ ആദ്യമായി സ്ത്രീ ശബ്ദം കേള്‍പ്പിച്ച ഗൌഹര്‍ ജാന്‍(1873-1930) ഒരു തവായിഫ് ആയിരുന്നു
തവായിഫുകളുടെ ജീവിതം സിനിമകള്‍ക്കും വിഷയമായിട്ടുണ്ട്. ദേവദാസ് (1955,1990) സാധന (1958) പക്കീസ (1972) അമര്‍ പ്രേം (1972) ഉമ്രോജാന്‍ (1981, 2000) തവായിഫ് (1986) എന്നീ സിനിമകള്‍ ബോളിവുഡിലെ മികച്ച വാണിജ്യ വിജയം നേടിയ സിനിമകള്‍ കൂടിയാണ്. തവായിഫുകളുടെ മുജറ പ്രമേയമാക്കി ഗൌതം ഘോഷ് സംവിധാനം ചെയ്ത യാത്ര (2007) അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു.
ഡോക്യുമെന്‍റ്റി നിര്‍മ്മിക്കാനായി 2009ല്‍ സബധവാന്‍ നടത്തിയ യാത്രയാണ് തവായിഫ് നാമ എന്ന പുസ്തകതിലേക്ക് നയിച്ചത്. തവായിഫുകളുടെ കേന്ദ്രമായിരുന്ന ബനാറസില്‍ പഴയ തവായിഫ് കുടുംബങ്ങളെ പറ്റി സബ അന്വേഷിച്ചു. ആദ്യ ഘട്ടത്തില്‍ അവരെ പറ്റി കാര്യമായ അറിവൊന്നും കിട്ടിയില്ല. അറിയുന്നവര്‍ ആവട്ടെ പലപ്പോഴും പറയാന്‍ താല്പര്യം കാണിച്ചില്ല. കാരണം പൊതു സമൂഹം അവരെ പറ്റി മോശമായ രീതിയിലായിരുന്നു ധരിച്ചു വച്ചിരുന്നത്. കലാരംഗത്ത് ഇറങ്ങുന്ന സ്ത്രീകള്‍ മോശമാണെന്ന് ഒരു ചിന്താഗതി മധ്യവര്‍ഗ കുടുംബങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്നു. ഒടുവില്‍ സബധവാന്‍ പഴയ കാലത്തെ കലാകാരികളെ പറ്റി ഒരന്വേഷണം നടത്തി. അവരിലൂടെ തവായിഫുകളുടെ ചരിത്രത്തിലേക്ക് എത്തുകയായിരുന്നു. പത്തു വര്‍ഷത്തിലേറെ നീണ്ടു പരിശ്രമങ്ങള്‍ക്കൊടുവില്‍ 2019ല്‍ തവായിഫ് നാമ പുറത്തിങ്ങി.