സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

‘ ആൻഡലൂസിയൻ ഡയറി’ യിലൂടെ

ഹസീന മെഹ്ഫിൽ

 ഡോ സലീമ ഹമീദ്, 2019 മേയ് മാസത്തിൽ കാനഡയിൽ നിന്ന് തെക്കൻ സ്പെയിനിലെ ആൻഡലൂസിയ സന്ദർശിച്ചതിനെ അടിസ്ഥാനമാക്കിയാണ് ‘ആൻഡലൂസിയൻ ഡയറി’ എന്ന കൃതി രചിച്ചിരിക്കുന്നത്. ലളിതവും മനോഹരവുമായ ഭാഷാ ശൈലിയിലൂടെ തെക്കൻ സ്പെയിനിൻ്റെ ആവേശകരമായ ചരിത്രവും, സമ്പന്നമായ സംസ്കാരവും ആധുനിക ജീവിതരീതികളും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയതാണീ യാത്രാവിവരണം. വിജ്ഞാനപരവും വിനോദപരവുമായ 25 അധ്യായങ്ങളിലൂടെ അറിവിൻ്റെയും ജിജ്ഞാസയുടേയും മറ്റൊരു ലോകത്തിലേക്കാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

  ‘ലാൻഡ് ഓഫ് വാൻഡൽസ് ‘ (കിരാതൻമാരുടെ നാട് ) എന്ന് അർത്ഥം വരുന്ന അൽ ആൻഡലൂസ് എന്ന പേരു് പിലക്കാലത്ത് ‘ആൻഡലൂസിയ’ എന്നായി മാറുകയായിരുന്നു. ക്രിസ്തുവിന് 50,000 വർഷം മുൻപ് നിയാൻഡർത്താലുകൾ ജീവിച്ചിരുന്നത് മുതൽ, 1975 ൽ ജനറൽ ഫ്രാങ്കോയുടെ മരണശേഷം ജുവാൻ കാർലോസ് ഒന്നാമൻ രാജാവ് അധികാരത്തിൽ വരുന്നത് വരെയുള്ള കാലഘട്ടം ചരിത്രപരമായ വസ്തുതകളിലൂടെയും മനോഹരമായ ചിത്രങ്ങളിലൂടെയും വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. എ.ഡി. 206ൽ റോമാക്കാർ എത്തുകയും, റോമാ സാമ്രാജ്യം തകർന്നപ്പോൾ വിസിഗോത്തുകൾ ഭരണം കയ്യടക്കുകയും,  എ. ഡി. 710 ൽ മൂറുകൾ എത്തുകയും,1492ൽ ക്രിസ്തീയ ഭരണം ആരംഭിക്കുകയും ,1609 ൽ വംശീയ ശുചീകരണം നടപ്പിലാക്കി മൂറുകളെ മുഴുവനായും പുറത്താകുകയും ചെയ്യുന്നതോടെ ഈ പട്ടണത്തിൻ്റെ സുവർണകാലം അവസാനിച്ചു, പിന്നീട് യൂറോപ്പിയൻ യൂണിയനിൽ അംഗമായതോടെ സ്പെയിനും, 1992ൽ സെവിലിൽ വച്ച് നടത്തിയ ‘എക്സ്പൊ 92 ‘ ലൂടെ ആൻഡലൂസിയയും പുരോഗതിയുടെ പാതയിലായി.

 200 വർഷം നീണ്ട് നിന്ന ഉമയ്യാദ് ഭരണ വംശം അബ്ദുറഹ്മാൻ ഒന്നാമനിൽ തുടങ്ങി ഹിഷാം രാജാവ് വരെയുള്ളതാണ്. ഈ കാലഘട്ടം മതസൗഹാർദ്ദം, പലതരം വികസനങ്ങൾ, പള്ളി, ലൈബ്രറി  എന്നിവയുടെ നിർമ്മാണം എന്നിവ കൊണ്ട് പ്രശസ്തമാണെങ്കിലും, പല ഭാഗങ്ങളിലുണ്ടായ ആഭ്യന്തരയുദ്ധങ്ങൾ മൂലം കലുഷിതവുമായിരുന്നു. പിന്നീട് തയ്യിഫ രാജാക്കന്മാർ ഭരണം ഏറ്റെടുത്തു. നസ്രിദുകളുടെ ഭരണകാലത്ത് 23 അമീറുകൾ ഉണ്ടായിരുന്നെങ്കിലും മൊഹമ്മദ് ഒന്നാമൻ ആയിരുന്നു  ഇക്കൂട്ടത്തിൽ പ്രസിദ്ധൻ. 1492ൽ രാജ്യം ഇസബെല്ല രാജ്ഞിക്കും ഫെർഡിനന്ൻ്റ് രാജാവിനും കൈമാറി. ദീർഘദർശിനിയായ ഇസബെല്ല  കൊളംബസിനെ  യാത്രകളിൽ സഹായിച്ച്ത് ലോക ചരിത്രത്തിലെ ഒരു വഴിത്തിരിവായി. അമേരിക്ക കണ്ട് പിടിക്കാൻ കാരണക്കാരിയായതിൻ്റെയും, മൂറുകളെ പുറത്താക്കി സ്പെയിൻ ഒരു കത്തോലിക്കാ മതവിശ്വാസികളുടെ രാജ്യമാക്കിയതിൻ്റേയും പേരിലാണ്  ഇസബെല്ല രാജ്ഞി ഓർമ്മിക്കപ്പെടുന്നത്.

ആൻഡലൂസിയയുടെ തനത് നൃത്തരൂപമായ ഫ്ളംമിംഗോയും, അത് ലോകത്തിന് പരിചയപ്പെടുത്തിയ ജിപ്സികളെ പറ്റിയുമാണ് എട്ടാം അധ്യായത്തില്. ചരിത്രത്തിലാദ്യമായി ഫ്ളമിംഗോ നൃത്തത്തെ പറ്റി രേഖപ്പെടുത്തിയത് 1774 ൽ ആണ്. കൊർദോബയിലെ സാക്രമെൻ്റോയിലെ മലഞ്ചെരിവുകളിലാണത്രെ ഫ്ളമിംഗോ പിറന്നത്. ഈ നൃത്ത രൂപം നേരിൽ കാണാനിടയായ സാഹചര്യവും അതിന്റെ മാന്ത്രികവലയത്തിലേക്ക് എത്തിച്ചേർന്ന അനുഭവവും ഗ്രന്ഥകാരി വിവരിക്കുന്നുണ്ട്. കൂടാതെ നാല്  നിലകളിലായി നൃത്ത രൂപത്തിൻ്റെ ചരിത്രം ഒരുക്കിയ ഫ്ളംമിംഗോ ഡാൻസ് മ്യൂസിയത്തെ പറ്റിയും പരാമർശിച്ചിട്ടുണ്ട്. വളരെയധികം തിരസ്കരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടും ജിപ്സികൾ അവരുടെ പരമ്പരാഗതമായ ജീവിതശൈലിയും റോമ്നിഭാഷയും കൈവെടിഞ്ഞില്ല. ആധുനിക വിദ്യാഭ്യാസരീതിയിൽ വിശ്വാസമില്ലെങ്കിലും അവരുടെതായ രീതിയിൽ കുട്ടികൾക്ക് വേറിട്ട പരിശീലനം നൽകി, കലയും നൃത്തവും സംഗീതവും അഭ്യസിപ്പിച്ച് , പത്ത് വയസ്സാവുമ്പോഴേക്കും സ്വയംപര്യാപ്തരായി ജീവിക്കാൻ പ്രാപ്തരാക്കുന്നു.

പത്താം അധ്യായത്തിൽ റോണ്ടയുടെ ചരിത്രത്തോടൊപ്പം കായികവിനോദമായ കാളപ്പോരിനെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ കാളപ്പോരിന് കൃത്യമായ നിയമാവലിയുണ്ടാക്കിയ ഫ്രാൻസിസ്കോ റൊമേറൊ ആദ്യമായി വാളുപയോഗിച്ച് കാളപ്പോർ നടത്തിയത് ഇവിടെയാണത്രെ. പുരാതനകാലത്തെപോലെ കാളപ്പോർ ഇന്നും ഇവരുടെ പ്രീയപ്പെട്ട വിനോദമാണ്. 

സ്പെയിനിൻ്റെ ചരിത്രത്തിൽ 40 വർഷം നരക ജീവിതം സൃഷ്ടിച്ച ഏകാധിപതിയായ ജനറൽ ഫ്രാങ്കോയെ പറ്റിയാണ് പതിനഞ്ചാം അദ്ധ്യായം. ഒരു സാധാരണ പട്ടാളക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇയാൾ ,പിന്നീട് മുസ്സോളിനിയുടേയും ഹിറ്റ്ലറുടേയും സഹായത്തോടെ സ്പെയിനിൻ്റെ പൂർണ്ണാധികാരം പിടിച്ചെടുക്കുകയായിരുന്നു. 1975 നവംബർ 20ന് ഫ്രാങ്കോ മരണപ്പെട്ടതിന് ശേഷം ജൂണിൽ തെരഞ്ഞെടുപ്പ് വഴി ജനാധിപത്യ ഗവണ്മെൻ്റ് അധികാരത്തിലെത്തി.

മൂന്ന് അധ്യായങ്ങളായാണ് അൽഹംറ കൊട്ടാരത്തിൻ്റെ ചരിത്രവും ഗാംഭീര്യവും അലങ്കാരങ്ങളും വർണ്ണിച്ചിരിക്കുന്നത്. സ്വർഗ്ഗലോകത്തെ കുറിച്ചുള്ള സങ്കൽപ്പം മാതൃകയാക്കിയാണത്രെ ഈ സൗധങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഡാരോ നദിയിൽ നിന്നും റോയൽ കനാലിൽ കൂടി ഒഴുകിയെത്തുന്ന വെളളമാണ് , ഇത്രയും വർഷങ്ങൾക്ക് ശേഷവും ഈ കൊട്ടാരത്തെയും അതിന് ചുറ്റുമുളള പ്രദേശത്തെയും ജലസമൃദ്ധമാക്കുന്നത് എന്നത് അത്ഭുതമാണ്. പ്രാർത്ഥനയും കലയും കൂട്ടിയിണക്കി നിർമ്മിച്ച അൽഹംറയിലെ ചില ഭാഗങ്ങൾ പണി മുഴുവനാക്കാതെ വച്ചത് ദൈവത്തിന് മാത്രമേ പൂർണ്ണതയുള്ളൂ, മനുഷ്യസൃഷ്ടികളെല്ലാം അപൂർണ്ണമായിരിക്കും എന്നത് ഓർമ്മിപ്പിക്കുകയാണന്ന് എഴുത്തുകാരി അനുമാനിക്കുന്നു. ഒരു സ്പാനിഷ് കവി അൽഹംറ സന്ദർശിച്ച് പുറത്ത് വന്നപ്പോൾ അന്ധനായ ഒരു യാചകനെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞുവത്രെ ”അയാൾക്ക് ഒരു നാണയം കൊടുക്കൂ, ഗ്രനാഡയിൽ അന്ധനായി ജീവിക്കുന്നതിലും കഷ്ടമായി ഒന്നുമില്ല.”  ഈ വാചകവും എഴുത്തുകാരിയുടെ വിവരണവും കൂട്ടി വായിക്കുമ്പാൾ, ഒരിക്കലെങ്കിലും അൽഹംറ കാണണം എന്ന കലശലായ ആഗ്രഹം വായനക്കാരിൽ ജനിക്കുന്നു.

“ജനനത്തെ കുറിച്ച് ആശങ്കപ്പെടാത്ത ഞാൻ എന്തിന് മരണത്തെ പറ്റി ആശങ്കപ്പെടണം ” ലോകപ്രശസ്തനായ സ്പാനിഷ് കവി ഫ്രഡറിക്കോ ഗാർഷ്യ ലോർക്കയുടെ വരികൾ ഉദ്ധരിച്ച് കൊണ്ടാണ് ഇരുപത്തി ഒന്നാം അധ്യായമായ ‘മരണമില്ലാത്ത ലോർക്ക ‘  തുടങ്ങുന്നത്. ശക്തമായ നിലപാടുകൾ കാരണം ‘അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായി മാറുകയും, അമൂല്യമായ ആ കാവ്യജീവിതം ലോകത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടുകയും ആണുണ്ടായത്. ഗ്രനാഡയിൽ ജനിച്ച്, ആൻഡലൂസിയയിൽ ബാല്യകാലം ചിലവഴിച്ച അദ്ദേഹം പിന്നീട് മാഡ്രിഡിലെ വിദ്യാർത്ഥികൾക്കായുള്ള ഒരു ഹോസ്റ്റലിലേക്ക് താമസം മാറുകയായിരുന്നു. സ്പെയിനിന്റെ പല ഭാഗങ്ങളിൽക്കൂടി നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകളും , കവിതകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചതിലൂടെ കവി അത്യധികം നിരാശനാവുകയും, പിന്നീട് പ്രസിദ്ധീകരണ കാര്യത്തിൽ വിമുഖത പുലർത്തുകയും ചെയ്തു. ജിപ്സികളൂടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച റോമ, ഡീപ് സോങ്, എന്നീ നാടക രചനകളിലൂടെ സ്പാനിഷ് സാഹിത്യത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും, ജിപ്സികളുടെ ലൗകികജീവിതത്തെ കുറിച്ചുള്ള ‘ജിപ്സി ബല്ലാഡ്സ്’ ലൂടെ ഇദ്ദേഹത്തിൻ്റെ പ്രസിദ്ധി ലോകമെമ്പാടും പരക്കുകയും ചെയ്തു. നൂറു കണക്കിന് ചിത്രങ്ങളൂടെ പ്രദർശനം നടത്തിയതിലൂടെ അദ്ദേഹം ഒരു അനുഗ്രഹീത കലാകാരൻ കൂടിയായിരുന്നു എന്ന് ഗ്രന്ഥകാരി ഓർമ്മിപ്പിക്കുന്നു. അപ്രതീക്ഷിതമായ പ്രശസ്തിയും കൂട്ടുകാരനായ സാൽവഡോർ ഡാലിയുമായുള്ള ബന്ധത്തിൻ്റെ തകർച്ചയും അദ്ദേഹത്തെ കടുത്ത വിഷാദരോഗത്തിനടിമയാക്കി. അർജന്റീനയിൽ വച്ചാണ് അദേഹം പ്രശസ്ത കവിയായ പാബ്ളോ നെരൂദയുമായി സൗഹൃദത്തിൽ ആകുന്നത്. അക്കാലത്ത് ഒരുപാട് കവിതകൾ രചിച്ചു. കാളയുടെ കുത്തേറ്റ് മരിച്ച കാളപ്പോരുകാരൻ സുഹൃത്തിനായി എഴുതിയ വിലാപഗീതം അദ്ദേഹത്തെ സ്പാനിഷ് കവികളുടെ ഒന്നാം നിരയിൽ എത്തിച്ചു. സ്വേച്ഛാധിപതിയായ ജനറൽ ഫ്രാങ്കോയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ തുറന്ന് കാണിച്ച ‘ദ് ഡീം ഓഫ് ലൈഫ്’ എന്ന നാടകം രചിച്ചതിനെ ദേശീയവാദികൾ അപകടകരമായി കണ്ടു. മുപ്പത്തി എട്ടാം വയസ്സിൽ അറസ്റ്റ് ചെയ്ത് സൈനികതാവളത്തിലേക്ക് കൊണ്ട് പോയതിന് ശേഷം എന്താണ് സംഭവിച്ചത് എന്നതിന്ന് കൃത്യമായ രേഖകൾ ഇല്ല. മരണപ്പെട്ടിട്ടും അദ്ദേഹത്തിൻ്റെ മാന്ത്രികമായ സൃഷ്ടികൾ ഇന്നും വായനക്കാരുടെ മനസ്സിൽ അനശ്വരമായി നിലനിൽക്കുന്നു.

രണ്ട് അധ്യായങ്ങളിലായിട്ടാണ് ഇസ്ലാമിൻ്റെ സുവർണ്ണകാലം രേഖപ്പെടുത്തിയിരിക്കുന്നത്. ‘വായിക്കുക’  എന്ന ഖുർആൻ വാക്യം മറ്റ് പല മതങ്ങളിൽ നിന്നും ഇസ്ലാമിനെ വ്യത്യസ്ഥമാക്കി. എട്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക ഭരണം അഭൂതപൂർവ്വമായ പുരോഗതിയാണ് അടയാളപ്പെടുത്തുന്നത്. ഇസ്ലാമിലെ ഭിഷഗ്വരന്മാർ വൈദ്യശാസ്ത്രത്തിൽ വളരെ പ്രാമാണികമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇസ്ലാമികവൈദ്യശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന അർ-റാസിയുടെ സേവനവും സംഭാവനകളും വിലമതിക്കാനാകാത്തതാണ്. കൂടാതെ അബുൽ ഖാസിം അൽ സഹ് റാവി, അവിസ്സീന, ഇബിൻ അൽ നഫീസ്, ഹസൻ ഇബിൻ ഹൈത്താം എന്നിവരുടെ സംഭാവനകളെ പറ്റിയും വിശദമായി വിവരിക്കുന്നുണ്ട്.

പല അദ്ധ്യായങ്ങളിലായി ആൻഡലൂസിയൻ ആധുനിക ജീവിതരീതി വിവരിക്കുന്നത് വായനക്കാരിൽ അത്യധികം കൗതുകം ജനിപ്പിക്കുന്നു. ആൻഡലൂസിയൻ തലസ്ഥാനമായ സെവിലിലെ കിസ്സിങ് ലേയിൻസും, കാഴ്ചയിൽ സുന്ദരമായ ജക്കാറൻഡ മരങ്ങളും, ഒലിയാണ്ടർ ചെടികളും പലയിടങ്ങളിലായി കാണപ്പെടുന്നു. സ്പാനിഷ് ഭക്ഷണത്തെപ്പറ്റിയും പരാമർശങ്ങളുണ്ട്. ഗസ്പാചോ സൂപ്പ് , ക്വിൻസ് ജാം, ടാപ്പാസ്, ചുറോ, സ്പാനിഷ് പുലാവ് ആയ പയേല എന്നിവയുടെ രുചിയും വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. ചോളം മാത്രം കൊടുത്ത് :വളർത്തിയ പന്നിയുടെ മാംസം ഉണക്കിയെടുത്ത് നേരിയ ചീളുകളാക്കി മുറിച്ചെടുത്ത ഹമോൺ സെറാനോ ഇവരുടെ വിശിഷ്ടഭോജ്യങ്ങളിൽ ഒന്നാണത്രെ. ഷെറി എന്ന സ്പാനിഷ് മദ്യം മുന്തിരിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. മലയാളികൾക്ക് വെളിച്ചെണ്ണ പോലെയാണ് സ്പെയിൻകാർക്ക് ഒലീവ് എണ്ണ എന്ന് സൂചിപ്പിക്കുന്നു. . കെട്ടുറപ്പുള്ള കുടുംബബന്ധങളും പ്രായമായവരെ ശ്രദ്ധയോടെ പരിപാലിക്കുന്നതും ഇവർക്ക് അനിവാര്യമാണ്. പരിസരം ശുചിയായി സൂക്ഷിക്കുന്നതിലുള്ള ജാഗ്രതയും പരാമർശിക്കുന്നുണ്ട്. ആനന്ദിക്കാനും ആഘോഷിക്കാനും ഉള്ള അവസരങൾ ഒന്നും വിട്ട് കളയാത്തവരാണ്. രാത്രികൾ പകലാക്കി ആഘോഷിക്കുമെങ്കിലും, സിയസ്റ്റ എന്നറിയപ്പെടുന്ന ഉച്ചമയക്കം നിർബന്ധമാണ്.

ഗ്രാമങ്ങളിലെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്. വിനോദസഞ്ചാരം  ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്സാണ്. കടൽത്തീരവും മലകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ കാറ്റാടിയന്ത്രങ്ങളും സോളാർ പാനലുകളും ഉള്ളതും, ഏറ്റവും പൊക്കം കൂടിയ മൂന്നാമത്തെ പർവതനിരയായ ‘സിറാനെവാഡ’യുടെ ഇരിപ്പിടവും  ആൻഡലൂസിയയിൽ ആണ്. 

ഒരു പുസ്ത്കം വായിച്ച് തീരുമ്പോൾ , വായനക്കാരൻ പുതിയ ഒരാളായി മാറും  എന്ന വസ്തുത ഇവിടെ അർത്ഥപൂർണ്ണമാവുകയാണ്. വിശദമായ വിവരണങ്ങളോട് കൂടിയ ഈ കൃതിയുടെ വായനയിലൂടെ തെക്കൻ സ്പെയിൻ വരെ യാത്ര ചെയ്ത് ,നയനാനന്ദകരമായ കാഴ്ചകൾ കണ്ട് തിരിച്ചെത്തിയ അനന്യമായ അനുഭൂതിയാണ് വായനക്കാർക്ക് ലഭ്യമാകുന്നത്. ഈ രചന മലയാള സഞ്ചാരസാഹിത്യത്തിന് ഒരു മുതൽക്കൂട്ട് ആണെന്നതിന് പുറമേ, പരിഭാഷയിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരപ്രിയരുടേയും , ചരിത്രാന്വേഷകരുടേയും, വായനക്കാരുടേയും അരികിലെത്തണമെന്നും ആഗ്രഹിക്കുന്നു. ഗ്രന്ഥകാരിയിൽ നിന്ന് ഇത് പോലെയുളള അനേകം കൃതികൾ ഇനിയും പ്രതീക്ഷിക്കുന്നു.          

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…