
വർഷങ്ങൾക്കു മുന്നേ പോർട്ടുഗീസ് അധീനതയിൽ അകപ്പെട്ട് കേരളമണ്ണ് ഞെരുങ്ങി അമർന്ന ഒരു കാലത്തിൻ്റെ കഥ പറഞ്ഞ തിക്കോടിയൻ്റെ മനോഹരമായ ഒരു നോവൽ. ചുവന്ന കടൽ എന്ന പേര് പോലെ തന്നെ അറബിക്കടലും ബംഗാൾ ഉൾക്കടലും എല്ലാം ചോര കൊണ്ട് ചുവന്ന കാലം. കേരളത്തിലെ കറുത്തപൊന്നിന്നും കറുത്ത പെണ്ണിനും വേണ്ടി പറങ്കികൾ നടത്തിയ അക്രമങ്ങളും രക്തച്ചൊരിച്ചിലുകളും വളരെ ഹൃദ്യമായി അവതരിപ്പിച്ച നോവൽ.കോഴിക്കോടിൻ്റെ മണ്ണിൽ വാസ്‌കോഡഗാമ കാലുകുത്തിയതും, കുഞ്ഞാലിമരക്കാർ കേരളത്തിന് വേണ്ടി പൊരുതിയതും, പറങ്കികൾ അടിമകളെ വിറ്റും ചൂഷണം ചെയ്തും മനുഷ്യക്കടത്തു നടത്തിയും ചെയ്തു കൂട്ടിയ ക്രൂരതകൾ മനോഹരമായ ഒരു കഥയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഗോവയിലെ തടവറകളിൽ ഒരു ആയുഷ്കാലം മുഴുവൻ മരണം കാത്തു കഴിച്ചുകൂട്ടിയ, ജീവിതം ഒടുങ്ങാറായെന്നറിഞ്ഞിട്ടും പോർട്ടുഗീസ് പടയാളികളോടുള്ള പക രക്തത്തിൽ ഒഴുക്കി, അവിടെ നിന്നും രക്ഷപ്പെടാനും കേരളമണ്ണിനെ രക്ഷപ്പെടുത്താനും പിന്നീട് കുഞ്ഞാലിമരക്കാരുടെ സന്തതസഹചാരിയായി അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട പടയാളിയായി പോർട്ടുഗീസ് പടക്കെതിരെ പൊരുതാനും സ്വപ്നം കണ്ട് ഇറങ്ങിതിരിച്ച ഒരു ചെറുപ്പക്കാരൻ്റെ കഥ. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മളെ പോലെ ഉള്ള അനേകായിരം മനുഷ്യർ രക്തം ചിന്തിയും സ്വയം കുരുതി കൊടുത്തും നേടി എടുത്തതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം.
കേരളത്തിൻ്റെ അപൂർവ സമ്പത്തുകൾ കോഴിക്കോട് സാമൂതിരിമാരുടെ സഹായത്തോടെ തുറമുഖത്ത് നിന്നും പോർട്ടുഗീസുകാർ കയറ്റി അയച്ചിരുന്ന ആ കാലത്ത് സ്വന്തം നാടിനെ പോർട്ടുഗീസ് ചെകുത്താന്മാരുടെ പിടിയിൽ നിന്നും രക്ഷിക്കാൻ കുഞ്ഞാലിമരക്കാർ എന്ന ധീര യോദ്ധാവ് നടത്തിയ സംഘട്ടനങ്ങൾ ഇവിടെ കാണാം. പറങ്കികളോടുള്ള പകയിൽ കുടുംബവും ഉറ്റവരെയും മറ്റെല്ലാം നഷ്ടപ്പെട്ട് സ്വയം എരിഞ്ഞടങ്ങിയ കുറെ ജന്മങ്ങൾ…..കൊച്ചി തുറമുഖം പറങ്കിപ്പടകളുടെ സങ്കേതമായപ്പോൾ കോഴിക്കോടിനെ രക്ഷിക്കാൻ കുഞ്ഞാലിമരക്കാർ നടത്തിയ വീര കൃത്യങ്ങളും, മാപ്പിളമാർ അധികാരം പിടിച്ചടക്കുമെന്ന ഭയത്താൽ കുഞ്ഞാലിമരക്കാരെ കൊല്ലാൻ പോർട്ടുഗീസ് പടയാളികളുടെ സഹായം തേടിയ സാമൂതിരിയെയും, ഒടുവിൽ കുഞ്ഞാലിമരക്കാർക്ക് എതിരെ നടത്തിയ യുദ്ധത്തിൽ പിന്തിരിഞ്ഞോടിയ പറങ്കികളുടെയും കഥ പറഞ്ഞ ചരിത്രപ്രധാനമായ നോവൽ
2 Responses
Just wow!!
വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങൾ