മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമായ അമലിൻ്റെ,” ബംഗാളി കലാപം” എന്ന നോവൽ വ്യത്യസ്തമായ ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്.മലയാള സാഹിത്യത്തിൽ അധികമാരും കടന്നു ചെല്ലാത്ത മേഖലകളിലൂടെയാണ് കഥാകാരൻ്റെ പ്രയാണം. മനുഷ്യനന്മയിൽ വിശ്വസിക്കുന്ന അനാറുൾ ഇസ്ലാം എന്ന ബംഗാളി തൊഴിലാളിയും വാഹിദ് എന്ന മലയാളി തൊഴിലാളിയുമാണ് ഈ നോവലിലെ (പധാന കഥാപാത്രങ്ങൾ.
ഇതര ദേശ തൊഴിലാളികളെ പൊതുവെ നമ്മൾ ‘ബംഗാളി” എന്നാണ് വിശേഷിപ്പിക്കാറ്. അസമിൽ വേരുള്ള അനാറുൾ ഇസ്ലാമിൻ്റെ പൊള്ളുന്ന ജീവിതമാണ് അമൽ വരച്ചുകാട്ടുന്നത്.
തൻ്റെ നരകജീവിതം മനസിൽ കോറിയിട്ട ചിന്തകളെ കടലാസിൽ പകർത്തി വിമാനം പറത്തി വിടുന്ന അനാറുൾ നമ്മളിന്നോളം കാണാത്ത നായക കഥാപാത്രമാണ് . അയൽ സംസ്ഥാന തൊഴിലാളികൾ കാണുന്ന കേരളമാണ് നോവലിൻ്റെ ആകെ തുക. ക്ഷാമത്തെയും പട്ടിണി മരണങ്ങളെയും നേരിടാൻ കേരളത്തിലെ തൊഴിലിടങ്ങളിൽ എത്തിയ അതിഥി തൊഴിലാളികൾ സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ നോവലിൽ നന്നായി വിശകലനം ചെയ്യുന്നു. അനാറുൾ കാണാനിട വരുന്ന ദാരുണമായ ഒരു കൊലപാതകമാണ് നോവലിൻ്റെ അടിസ്ഥാന ഘടകം. അനാറുളിൻെറ ഓർമകളിലൂടെ നോവൽ വികസിക്കുന്നു. കലാപങ്ങൾ മനുഷ്യരുടെ സാംസ്കാരിക ഉള്ളടക്കം പുറത്തു കൊണ്ടുവരുമെന്ന് നോവൽ പറയുന്നു.കേരളത്തിൻ്റെ തൊഴിലിടങ്ങളിൽ വന്ന മാറ്റം സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പൊതുബോധത്തിൻ്റെ പൊള്ളത്തരത്തെ ബംഗാളി കലാപം തുറന്നുകാട്ടുന്നു.അയൽ സംസ്ഥാന തൊഴിലാളികൾ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന പ്രചാരണവും നോവൽ വിമർശിക്കുന്നുണ്ട്.
പിറന്നു വളർന്ന മണ്ണിൽ അഭയാർത്ഥികളായി തീരുന്ന മനുഷ്യരെ ലോകത്തെങ്ങുമുള്ള വേട്ടയാടപ്പെടുന്നവരോടൊപ്പം ചേർത്തുവച്ചു കൊണ്ട് മൃഗതുല്യമായ അസ്ഥിത്വം പോലും അവർക്ക് നിഷേധിക്കുന്നത് ആരാണെന്ന ചോദ്യം ഉയർത്തി കൊണ്ടാണ് ഈ നോവൽ അവസാനിക്കുന്നത്. പൊള്ളുന്ന ജീവിതം പേറിയെത്തുന്ന ഓരോ അതിഥി തൊഴിലാളിക്കും ആഗ്രഹസാഫല്യത്തിനുള്ള അക്ഷയ സാധ്യതയാണ് കേരളം.