സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കൃഷ്ണയ്യർനീതിയുടെപക്ഷം

അഡ്വ. ഐ.വി. രാജേന്ദ്രന്‍

വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ പാലക്കാട് ജില്ലയിലെ ശേഖരീപുരത്താണ് ജനിച്ചത്. പിതാവ് രാമയ്യര്‍ അഭിഭാഷകനായിരുന്നു. അദ്ദേഹം കൊയിലാണ്ടി, താമരശ്ശേരി കോടതികളില്‍ അഭിഭാഷകനായിരുന്നത് കൊണ്ടു കൃഷ്ണയ്യരുടെ കുട്ടിക്കാലം കൊയിലാണ്ടിയിലായിരുന്നു. കൊയിലാണ്ടിയിലെ കോതമംഗലത്തുള്ള എല്‍.പി സ്‌കൂളിലാണ് കൃഷ്ണയ്യര്‍ 5-ാം തരം വരെ പഠിച്ചത്. 6 മുതല്‍ 9 വരെ മിഷന്‍ സ്‌കൂളിലും. കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സിയും വിക്‌ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും പാസായ അദ്ദേഹം അണ്ണാമല സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷില്‍ ബിരുദമെടുക്കുന്നു. തുടര്‍ന്ന്, മദിരാശിയില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കുകയും പിതാവിന്റെ കീഴില്‍ മലബാറിലും കുടകിലും കോടതികളില്‍ 1938 മുതല്‍ പ്രാക്റ്റീസ് തുടങ്ങുകയും ചെയ്യുന്നു. തലശ്ശേരിയില്‍ അദ്ദേഹത്തിനു നല്ല പ്രാക്റ്റീസ് ഉണ്ടായിരുന്നു. കാരണം, ആ കാലഘട്ടത്തില്‍ തൊഴിലാളികളുടെ ഭാഗത്തു നിന്നും കേസ് വാദിക്കാന്‍ വക്കീലന്മാര്‍ ഇല്ലായിരുന്നു. അത്തരം കേസുകള്‍ ഏറ്റെടുത്തു നടത്തുകയും പല കേസുകളും അദ്ദേഹം വിജയിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരെ കേസുകളില്‍ സഹായിക്കുന്നു എന്നാരോപിച്ചുകൊണ്ട് 1948 ല്‍ അദ്ദേഹത്തെ ഒരു മാസം തടവിലാക്കുക വരെയുണ്ടായി.

ആയിടക്കാണ്് കൂത്തുപറമ്പില്‍ നിന്നും 1952 ല്‍ മദിരാശി നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ഈ അംഗത്വം 1956 വരെ തുടര്‍ന്നു.

1957 ഏപ്രില്‍ 5 ചരിത്രത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരമേറ്റു. 11 മന്ത്രിമാരുായിരുന്നു മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ഈ മന്ത്രിസഭയില്‍ കൃഷ്ണയ്യര്‍ മന്ത്രിയായിരുന്നു. അദ്ദേഹത്തിനു ഏഴു വകുപ്പുകളുടെ ചുമതല ഉണ്ടായിരുന്നു. 1. ആഭ്യന്തരം. 2. ജയില്‍ 3. സാമൂഹ്യക്ഷേമം 4. ജലസേചനം 5. വൈദ്യുതി 6. നിയമം 7. ഉള്‍നാടന്‍ ജലഗതാഗതം.

ജ. കൃഷ്ണയ്യര്‍ നിയമസഭാ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്നിരുന്നുവെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് തത്വസംഹിതകള്‍ അംഗീകരിച്ച ആളായിരുന്നില്ല.

ഈ മന്ത്രിസഭയിലെ ഓരോ മന്ത്രിയും താന്താങ്ങളുടെ വകുപ്പുകളില്‍ നല്ല പിടിപാടുള്ളവരായിരുന്നു. മന്ത്രിക്കു കഴിവില്ലെങ്കില്‍ ബൂറോക്രസി സ്വാധീനിക്കും ഭരിക്കും. ബ്യൂറോക്രസി മന്ത്രിമാരെ ഭരിക്കാതെ നോക്കാന്‍ മന്ത്രിമാര്‍ക്കറിയാമായിരുന്നു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍, പോലീസുകാരെക്കുറിച്ചുള്ള നിലവിലുള്ള സങ്കല്‍പങ്ങള്‍ മാറ്റുന്നതിന് അദ്ദേഹം ശ്രമിച്ചു. അതായത് ജനങ്ങളുടെ പേടിസ്വപ്നം എന്ന നിലയില്‍ നിന്നും ജനങ്ങളുടെ സേവകര്‍ എന്ന നിലയിലേക്ക്. ജയിലുകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ജയിലറകളില്‍ കാറ്റും വെളിച്ചവും കടന്നുവന്നു. തടവുപുള്ളി ശിക്ഷ കഴിഞ്ഞു പുറത്തുവരുമ്പോള്‍ ഒരു ഉത്തമ പൗരന്‍ ആയിതീരണം എന്നതായിരുന്നു ലക്ഷ്യം.കൃഷ്ണയ്യരുടെ 40 ദിവസത്തെ ജയില്‍ ജീവിതാനുഭവം ഈ സമീപനം സ്വീകരിക്കുന്നതിനു കാരണമായിട്ടുണ്ടാവണം. കുറ്റം ചെയ്യുന്നവനെ തടവിലിടുന്ന ശിക്ഷയില്‍ അവന് സമൂഹത്തോട് വെറുപ്പും വിദ്വേഷവും വളര്‍ന്നുക്കൂടാ. ജയിലുകളില്‍ അവന്റെ പുനര്‍ നിര്‍മ്മാണത്തിനുള്ള അന്തരീക്ഷം ഉണ്ടാവണം. ജയിലുകളില്‍ വേലയ്ക്കു ശമ്പളം നല്‍കുന്ന അവസ്ഥ ഉണ്ടാക്കി. അഭ്യന്തരമന്ത്രി, ജയിലിലടക്കപ്പെട്ടവരേയും ജയില്‍ ജീവനക്കാരെയും നേരില്‍ കണ്ടാണ്് പരിഷ്‌ക്കാരം നടപ്പിലാക്കിയത്. യുവാക്കളായ ജയില്‍പുള്ളികള്‍ക്ക് പഠിച്ച് പരീക്ഷ എഴുതാന്‍ സൗകര്യമുണ്ടാക്കി. കൗമാരക്കാരെ ജയിലില്‍ അടയ്ക്കുന്നതിനു പകരം ദുര്‍ഗുണപരിഹാര പാഠശാലയില്‍ അയച്ചു. ജയില്‍പുള്ളികള്‍ക്ക് ജയില്‍ ലൈബ്രറിയില്‍ നിന്നും പുസ്തകം ലഭിക്കാനവസരമുണ്ടാക്കി പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ പരിഷ്‌കരിച്ചു. പോലീസുകാരുടെ ബത്ത വര്‍ദ്ധിപ്പിച്ചു. സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ട് വഴി തെറ്റുന്ന സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

നിയമ മന്ത്രി എന്ന നിലയില്‍ സമഗ്രമായ ഭൂപരിഷ്‌കരണ ബില്ലിനു രൂപം നല്‍കി. കൃഷി ചെയ്യുന്ന കര്‍ഷകനെ ഭൂമിക്കു ഉടമയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഭൂമിക്കു പരിധി നിശ്ചയിക്കുവാന്‍ തീരുമാനിച്ചു. മന്ത്രി ഗൗരിയമ്മ അവതരിപ്പിച്ച കാര്‍ഷികബന്ധ ബില്‍ തയ്യാറാക്കുന്നതിന് അവരെ സഹായിച്ചു. കൃഷ്ണയ്യര്‍ക്കു ഇടതുപക്ഷ ചായ്‌വ് ഉണ്ടായിരുന്നുവെങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്റെതായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്നു. അദ്ദേഹം ഒരു ഫാബിയന്‍ സോഷ്യലിസ്റ്റാണെന്നു പറയുന്നവരുണ്ട്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച കൃഷ്ണയ്യര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അനുഭവങ്ങളിലൂടെയായിരുന്നു. നീതിനിര്‍വ്വഹണത്തിന്നായി ഹൈക്കോടതിയുടെ എതിര്‍പ്പ് മറികടന്ന് 22 കോടതികള്‍ അദ്ദേഹം സ്ഥാപിച്ചു.

മാനവികതയോടെ അധികാരം കൈയാളിയിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കടാശ്വാസ നിയമത്തില്‍ മാറ്റം വരുത്തി ഒട്ടനവധി കൃഷിക്കാരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ പ്രതിപക്ഷത്തു നിന്നു കൃഷ്ണയ്യര്‍ക്കെതിരെ ഒരു ആരോപണം ഉയര്‍ന്നുവന്നിരുന്നു. അതായത് ഭൂപരിഷ്‌കരണം നടപ്പാക്കുന്നു എന്നു മുന്‍കൂട്ടി അറിയാമായിരുന്ന കൃഷ്ണയ്യരുടെ അച്ഛന്‍ തങ്ങളുടെ സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഒരു ട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. കൈവശമുള്ള 16 ലക്ഷം രൂപയുടെ സ്വത്ത് നിയമത്തിന്റെ പരിധിയില്‍ വരാതിരിക്കാനുള്ള ഈ പ്രവര്‍ത്തനത്തില്‍ മന്ത്രിക്ക് പങ്കുണ്ട,് മന്ത്രി തെറ്റുകാരനാണ് എന്നും മറ്റുമായിരുന്നു അത്.

ട്രസ്റ്റിനെക്കുറിച്ച് ഒന്നും അറിയാതിരുന്ന കൃഷ്ണയ്യര്‍ക്ക് ഇത് വലിയ ക്ഷീണമായി. അദ്ദേഹം രാജി വെക്കാന്‍ തീരുമാനിച്ചു. രാജിക്കത്തുമായി ഇ.എം.എസിനെ സമീപിച്ചു. അദ്ദേഹം രാജിക്കത്ത് സ്വീകരിച്ചില്ല. ആരോപണം ശരിയല്ലെന്ന് ഇ.എം.എസ്.വിലയിരുത്തി. ആരോപണം ശക്തമായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഒരു പ്രസ്താവന ഇറക്കി രജിസ്റ്റര്‍ ആക്കിയ ആധാരം സംബന്ധിച്ച് കൃഷ്ണയ്യര്‍ക്ക് അറിയില്ലെന്നും രജിസ്റ്റര്‍ ചെയ്ത സ്വത്ത് ഭൂപരിഷ്‌കരണ നിയമങ്ങളിലൊന്നും പെടുന്നതല്ലെന്നും അറിയിച്ചു. ആരോപണമുന്നയിക്കുന്ന ഈ സ്വത്ത് ലക്ഷക്കണക്കിനു പോയിട്ട് ആയിരത്തിനു പോലുമില്ല എന്ന് ശ്രീ.കൃഷ്ണയ്യര്‍ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊയിലാണ്ടിയിലെ വീട് സഹകരണസംഘത്തിനു തീറെഴുതി കൊടുത്തതുമാണ്.

ഗവണ്‍മെന്റിന്റെ പല പരിഷ്‌കാരങ്ങളും ഇക്കാലത്ത് നിലനില്‍ക്കുന്ന അവസ്ഥക്ക് എതിരായിരുന്നു. ഇത് യാഥാസ്ഥിതികരെ പ്രകോപിപ്പിക്കുകയുംചെയ്തു. തുടര്‍ന്ന് വിമോചന സമരം നടക്കുകയും 1959 ല്‍ കേന്ദ്രം ഈ സര്‍ക്കാറിനെ പുറത്താക്കുകയും ചെയ്തു.

മന്ത്രിസഭ പിരിച്ചുവിട്ട ശേഷം ഹൈക്കോടതിയില്‍ അദ്ദേഹം പ്രാക്റ്റീസ് ആരംഭിച്ചു. അദ്ദേഹത്തെ കമ്യൂണിസ്റ്റായി കരുതി ബാര്‍ അസോസിയേഷന്‍ അംഗത്വം നല്‍കാന്‍ വിസമ്മതിച്ച അവസ്ഥ വരെ വന്നു. ഇടതുപക്ഷ ചായ്‌വ് വകവെക്കാതെ കേരളത്തിലെ നാനാഭാഗത്തു നിന്നും കക്ഷികള്‍ അദ്ദേഹത്തിന്റെ സഹായം തേടി വന്നിരുന്നു. അഭിഭാഷകന്‍ എന്ന നിലയില്‍ ജൂനിയര്‍മാര്‍ക്ക് വളരാന്‍ അദ്ദേഹം നല്ല അവസരങ്ങള്‍ നല്‍കിയിരുന്നു.

അഭിഭാഷകന്‍ എന്നതിലുപരി ആദര്‍ശത്തിനു വേണ്ടി പോരാടുന്ന ആള്‍ എന്ന നിലയിലായിരുന്നു അദ്ദേഹത്തെ ജഡ്ജിമാര്‍ കണക്കാക്കിയത്.

കുറച്ചുകാലത്തെ പ്രാക്റ്റീസിനു ശേഷം ഹൈക്കോടതിയില്‍ ജഡ്ജിയാവാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട അദ്ദേഹം ജഡ്ജി പദവി വേണമോ എന്ന് തീരുമാനിക്കാന്‍ ദിവസങ്ങള്‍ എടുത്തു. ജുഡീഷ്യറിയില്‍ പുരോഗമന ആശയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നതിനാല്‍ അടുത്ത സുഹൃത്തുക്കള്‍ ജഡ്ജിയാവുന്നതിനുള്ള ഉപദേശം നല്‍കി. അങ്ങിനെ 52-ാം വയസില്‍ ഹൈക്കോടതി ജഡ്ജിയായി. പിന്നീട് ലോ കമ്മീഷനില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പാവങ്ങള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും സൗജന്യ നിയമസഹായം നല്‍കണമെന്ന കാര്യം അവതരിപ്പിച്ചു. ആര്‍ക്കൊക്കെ നിയമസഹായം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ അക്കമിട്ടു പറയുന്നുണ്ട്. 1971 മുതല്‍ 1973 വരെ അദ്ദേഹം ലോ കമ്മീഷനില്‍ അംഗമായിരുന്നു. പിന്നീട് അദ്ദേഹം സുപ്രീംകോടതി ജസ്റ്റിസായി നിയമിക്കപ്പെട്ടു. 1973 മുതല്‍ 1980 വരെ സുപ്രീംകോടതിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിയമനത്തിനെതിരായി ബോംബെയിലെ നൂറുകണക്കിനു അഭിഭാഷകര്‍ പ്രസ്താവന ഇറക്കി. രാഷ്ട്രീയക്കാരനായ അദ്ദേഹം കോടതിയുടെ അന്തസിന് ഇടിവുണ്ടാക്കും എന്നാണവര്‍ വാദിച്ചത്.

അദ്ദേഹത്തിന്റെ വിധികള്‍ പലതും നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങള്‍ക്ക് എതിരായിരുന്നു എന്നതിനാല്‍ എതിര്‍പ്പുകള്‍ പതിവായിരുന്നു. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ വിധികള്‍ മൗലികാവകാശങ്ങള്‍ സാധാരണക്കാര്‍ക്കു വേണ്ടി നിര്‍വചിക്കുന്നവയായിരുന്നു. ദരിദ്രര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി നിയമത്തെ നിര്‍വചിച്ചു. വിപ്ലവാത്മകമായിരുന്നു ആ വിധികള്‍.

ഒരു പരാതിക്കാരന്‍ അയക്കുന്ന കത്തു പോലും കോടതി ഫയലില്‍ സ്വീകരിക്കുന്ന കീഴ്‌വഴക്കം അദ്ദേഹം സൃഷ്ടിച്ചു. കത്ത് ഫയലില്‍ സ്വീകരിക്കുന്നതിന് ആധാരമായ സംഭവം ഉണ്ടായത് തിഹാര്‍ ജയിലിലെ ഒരു ജയില്‍പുള്ളി അദ്ദേഹത്തിനയച്ച ഒരു കത്തില്‍ നിന്നാണ്. തന്റെ തൊട്ടടുത്ത സെല്ലില്‍ കഴിയുന്ന ആളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതായി ഞാന്‍ സംശയിക്കുന്നു. അത്രയ്ക്കുള്ള ആര്‍ത്തനാദമാണ് ഞാന്‍ കേള്‍ക്കുന്നത്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു കത്ത്.

ഈ കത്ത് ഫയലില്‍ സ്വീകരിച്ചുകൊണ്ട്ു കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ അദ്ദേഹം ഉത്തരവ് നല്‍കി. അന്വേഷിച്ചപ്പോള്‍ സംഭവം ശരിയായിരുന്നു. സാമ്പത്തികശേഷിയുള്ള ജയില്‍പുള്ളിയുടെ കൈയില്‍ നിന്നും പണം പിടിക്കുന്ന സമ്പ്രദായം ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. അത് സമയത്തിന് കിട്ടാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുകൊണ്ടിരുന്നത്. മലദ്വാരത്തില്‍ ലാത്തി കുത്തിക്കയറ്റുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നത്. വല്ലാത്ത രക്തസ്രാവം ഉണ്ടാക്കുന്നതിനും പ്രാണവേദന അനുഭവിക്കുന്നതിനും ഇത് ഇടയാക്കി. ഈ ഉദ്യോഗസ്ഥനെതിരെ ശിക്ഷാനടപടി സ്വീകരിക്കുകയും ക്രൂരപീഡനത്തില്‍ നിന്നും ജയില്‍പുള്ളിയെ മോചിപ്പിക്കുകയും ചെയ്തു.

പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും പരാതിക്കാരാവാം എന്ന നില വന്നതും അദ്ദേഹത്തിന്റെ കാലത്താണ്. പൊതു താല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്ത് നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും ഒഴിവായി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു ഒട്ടനവധി പേര്‍ക്ക് ഇത് ഉപകാരപ്രദമായി.

പാവപ്പെട്ടവര്‍ക്കു നിയമസഹായം നല്‍കുന്നതിനുള്ള പദ്ധതി അദ്ദേഹമാണ് കൊണ്ടുവന്നത്. അതിനായി നിയമിക്കപ്പെട്ട സമിതിയുടെ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. നിയമസഹായം എന്നത് ഔദാര്യമല്ല അവകാശമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

കൃഷ്ണയ്യരുടെ ജീവിത വിജയത്തിനു പിന്നില്‍ ഭാര്യ ശാരദക്കു വലിയ പങ്കുണ്ടായിരുന്നു. അവരുടെ ഹൃദ്‌രോഗവും ആകസ്മിക നിര്യാണവും അദ്ദേഹത്തെ വല്ലാതെ പിടിച്ചുലക്കുകയുണ്ടായി.

അദ്ദേഹം സഞ്ചാരപ്രിയനായിരുന്നു. ലോകത്തിലെ ഒട്ടനവധി രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കുറച്ചു യാത്രാവിവരണ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. അവയൊക്കെ ലളിതമായ ഭാഷയിലുള്ളതുമാണ്. ഭാര്യയോടൊത്തുള്ള യാത്രയെക്കുറിച്ച് അദ്ദേഹം എഴുതുന്നു.

‘ലോകത്തിലെവിടെയും പല വസ്തുക്കളും സ്ഥലങ്ങളും മഹത്തരമായി അനുഭവപ്പെട്ടത് അവ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുകണ്ടതുകൊണ്ടായിരുന്നു. എന്റെ ഭാര്യ മരിച്ചതിനു ശേഷം എന്റെ വീടിനു വീടെന്ന പദവി നഷ്ടപ്പെട്ടു. ഇഷ്ടികയും സിമന്റും ചേര്‍ന്നാല്‍ വീടാകില്ല. മനുഷ്യദുഃഖവും അനുഭൂതികളും സ്‌നേഹവുംകൂടി കലരണം. ഓരോ ഇഷ്ടികക്കും ഓരോ കഥ പറയാനുണ്ട്. ഭിത്തികള്‍ സ്‌നേഹോഷ്മളമാണ്, വീടിന്റെ തറ നമ്മോടൊപ്പം ചിരിക്കും, സംസാരിക്കും, പാടും, ഉറങ്ങുകയും ഉണരുകയും ചെയ്യും.’ (തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…