സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എം.ടിയുടെ മഞ്ഞ് ഉരുകുമ്പോള്‍..

ശ്രീലക്ഷ്മി

മനുഷ്യന്റെ അന്വേഷണാത്മകതയുടെ ഏറ്റവും വലിയ പ്രഹേളികയാണ് മനസ്സ്. സാഹിത്യം പലപ്പോഴും, ഈ പ്രഹേളികയെ മനസ്സിലാക്കാനും, പഠിക്കാനും വളരെയധികം സഹായിക്കാറുണ്ട്. അതിനുവേണ്ടി, സാഹിത്യത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന ഒരു രീതിയാണ് സ്ട്രീം ഓഫ് കണ്‍സ്സ്യസ്‌നസ് അഥവാ ബോധധാര
എല്ലാ സാഹിത്യശാഖകളിലും നിറഞ്ഞു നില്‍ക്കുന്ന ഈ രീതി നമ്മുടെ മലയാള സാഹിത്യത്തിലും വേറിട്ട് നില്‍ക്കുന്ന ഒരു ശൈലിയാണ്. 1890ല്‍ വില്ല്യം ജയിംസ് തന്റെ ‘Principles Of Psychology’ ല്‍ ബോധം എന്നതിനെ ധാരയായി അല്ലെങ്കില്‍ അനുഭവങ്ങളുടെ തുടര്‍ച്ചയായ പിന്തുടര്‍ച്ച ആയി വ്യാഖ്യാനിച്ചിരിക്കുന്നു. അതിനാല്‍ ബോധധാര സിദ്ധാന്തം സാഹിത്യത്തിലെ കഥകളുടെയും കഥാപാത്രങ്ങളുടെയും ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നു.
കഥാപാത്രത്തിന്റെ മനസ്സിലെ ചിന്തകളുടെ ഒഴുക്കിലൂടെയുള്ള വിവരണമാണ് ബോധാധാര രീതിയെ സാഹിത്യത്തില്‍ വ്യത്യസ്തമാക്കുന്നത്. മലയാള സാഹിത്യത്തിലെ ഒട്ടനവധി എഴുത്തുകാരില്‍ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ ഏറെ ഓര്‍മിക്കപെടുന്നതും, മനസ്സില്‍ തട്ടിയതുമായ ഒരു നോവല്‍ ആണ് എം.ടി.വാസുദേവന്‍ നായരുടെ- മഞ്ഞ്.
നൈനിറ്റാളിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലേ ടീച്ചര്‍ ആയ വിമലാദേവിയിലൂടെ ആണ് മഞ്ഞിന്റെ കഥാതന്തു പുരോഗമിക്കുന്നത്. വിമലയുടെ ജീവിതത്തിലെ ഒന്‍പത് വര്‍ഷങ്ങള്‍ ആണ് ബോധധാര ഉപയോഗിച്ച് എം.ടി വരച്ചുകാട്ടുന്നത്. അന്ത്യമില്ലതെ നീണ്ടുപോകുന്ന വിമലയുടെ കാത്തിരിപ്പ് ആണ് കഥയുടെ പ്രധാന ഉള്ളടക്കം എങ്കിലും അവളെ ചുറ്റികിടക്കുന്ന സഹകഥാപത്രങ്ങളുടെയും കാത്തിരിപ്പ് ഏറെ വ്യക്തമാണ്.
അപൂര്‍ണതകളിലും പൂര്‍ണത കണ്ടെത്താനുള്ള കഴിവ് മനുഷ്യമനസ്സിന് സിദ്ധമാണ്. വിമലയില്‍ പ്രകടമാകുന്നതും ഈ കഴിവ് തന്നെയാണ്. വിമലയുടെ കഥാപാത്രത്തെ അവളുടെ കുടുംബ പശ്ചാത്തലം നന്നേ സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. കുട്ടിക്കാലത്തിലേയും കൗമാരത്തിലെയും അവളുടെ ഓര്‍മകളില്‍; കര്‍ക്കശ്ശക്കാരനായ അച്ഛനും, പ്രായത്തെ മറന്ന് ചെറുപ്പം നടിച്ച് അവിഹിത ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അമ്മയും, മയക്കുമരുന്നുകള്‍ക്ക് അടിയറവ് പറഞ്ഞിട്ടുള്ള അനുജനും, ഒന്നിലേറെ പ്രണയങ്ങളുമായി നടക്കുന്ന അനുജത്തിയും, എന്നും കയ്പ്പ് കലര്‍ത്തിയിരുന്നു. അവരില്‍ ആരിലും തന്നെ അവള്‍ക്ക് തന്റെ അസ്തിത്വം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തന്നിലേക്ക് തന്നെ ചുരുങ്ങി പോയ അവള്‍ ഏറെ പ്രണയിച്ചതും അവളുടെ തന്നെ മാനസിക ചുറ്റളവുകളെയാണ്.
തന്നിലെ ഏകാന്തതയെ അത്രമേല്‍ പ്രണയിച്ചിരുന്നു. അവളുടെ ജീവിതത്തിലേക്ക് സുധീര്‍ കുമാര്‍ മിശ്ര എന്ന വിനോദസഞ്ചാരി കടന്നു വരുന്നത് ഒരു വേനല്‍ക്കാലത്താണ്. അവളിലെ സ്ത്രീത്വം പെട്ടെന്നൊരു നാള്‍ അയാളിലൂടെ അംഗീകരിക്കപ്പെട്ടപ്പോള്‍, അയാള്‍ക്ക് അവളില്‍ അത്രമേല്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചു. എന്നാല്‍ ആ ദിവസങ്ങള്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് സുധീര്‍ കുമാര്‍ എന്ന സ്വപ്നം ഒരു വിടവാങ്ങല്‍ പോലും ഇല്ലാതെ അവളില്‍ നിന്നും അകന്നുപോയി. പിന്നീട് ഉള്ള വിമലയുടെ ജീവിതം ആ സ്വപ്നത്തിന് വേണ്ടി ഉള്ള കാത്തിരിപ്പായിരുന്നു. അവനില്‍ അവള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിലാണ് പിന്നീട് അങ്ങോട്ടുള്ള അവളുടെ ജീവിതത്തിന്റെ അടിസ്ഥാനം. അയാളെ തേടിപോകാനോ, പരവശയാകുവാനോ, പൊട്ടിക്കരയാനോ അവള്‍ ആഗ്രഹിച്ചിരുന്നില്ല.
മഞ്ഞിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമാണ് സ്വതവേ ഉള്ള അവസ്ഥയില്‍ നിന്ന് സുധീറിനായുള്ള വിമലയുടെ കാത്തിരിപ്പില്‍ അവള്‍ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍. ഈ മാറ്റങ്ങളെ കഥാകൃത്ത് വളരെ കൃത്യതയോടെ ബോധധാരയിലൂടെ വായനക്കാരനെ ലളിതമായി ബോധ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ മഞ്ഞിന്റെ ക്യാന്‍വാസ് എന്നത് ഓര്‍മ്മകളുടെയും, ചിന്തകളുടെയും, ഒരു ഒഴുക്കാണ്. ആ ഒഴുക്ക് ഒഴുകി പോകുന്നത് വിമലയുടേതായ ലോകത്തിലെ പക്വതയാര്‍ന്ന അവളുടെ മനസ്സിലൂടെ ആണ്.
സുധീര്‍ കുമാര്‍ എന്ന കഥാപാത്രത്തെ എം ടി. നെയ്തിരിക്കുന്നത് വിമലയുടെ ഏകാന്തതയിലൂടെയാണ്. വിമലയുടെ ബോധധാര ഒരിക്കല്‍ പോലും അയാളുടെ അഭാവത്തില്‍ വിലപിച്ചിട്ടില്ല. എന്നല്‍ അവളുടെ മനസ്സ് മുങ്ങാംകുഴി ഇട്ടത് അത്രയും അവരൊന്നിച്ച് ചിലവഴിച്ച നിമിഷങ്ങളിലൂടെയും, പങ്കുവെച്ച സ്വപ്നങ്ങളിലൂടെയും ആയിരുന്നു.
ബോധധാരയില്‍ ഉള്‍പ്പെടുന്ന കഥാപാത്രങ്ങള്‍ എപ്പോഴും സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നവരാണ്. വിമല എന്ന കഥാപാത്രം അത് പലപ്പോഴായി തെളിയിക്കുന്നുണ്ട്. അവര്‍ വിശദീകരണങ്ങള്‍ക്കും അപ്പുറം ആണ്. മഞ്ഞിലെ കഥാപാത്രങ്ങളെ തരം തിരിക്കുക എന്നത് വളരെ പ്രയാസമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വം കഥാകൃത്ത് നല്‍കിയിരിക്കുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വിമലയോളം പ്രാധാന്യം അര്‍ഹിക്കുന്ന കഥാപാത്രമാണ് തന്റെ വെള്ളക്കാരനായ അച്ഛനെ കാത്തിരിക്കുന്ന ബുദ്ധു എന്ന വഞ്ചികാരന്‍. തമ്മില്‍ അന്തരങ്ങള്‍ ഏറെ ഉണ്ടെങ്കിലും, വിമലയുടെ മനസ്സിനെ ബുദ്ധു എപ്പോഴും സ്വാധീനിക്കുന്നുണ്ട്.
വിമലയുടെ മനസ്സിലെ മഞ്ഞുരുക്കവും മരവിപ്പും വായനക്കാരനും അനുഭവിക്കുന്നുണ്ട്. മഞ്ഞിനെ ബോധധാരയിലെ ഒരു പ്രധാന ഏട് ആക്കുന്നത് – കഥാതന്തു, കഥാപാത്ര രൂപീകരണം, വിവരണം, സമയത്തിന്റെ പ്രാതിനിധ്യം, ഭാഷ, പ്രതീകാത്മകത എന്നിവയാണ്. ബോധധാരയിലൂടെ അല്ലാതെ ഒരു പക്ഷെ, ജീവിതത്തിന്റെ ഉന്നതമായ യാഥാര്‍ത്ഥ്യങ്ങളെ വിമലയുടെ മനസ്സിലൂടെ വായനക്കാരന് മുന്നില്‍ വരച്ചുകാട്ടുക അസാധ്യമാണ്. അങ്ങനെ അവതരിപ്പിച്ചിരുന്നു എങ്കില്‍ മഞ്ഞ് ഇത്രയധികം ആഘോഷിക്കപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോയേനേ!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…